ന്യൂദല്‍ഹി: അയോധ്യ രാമക്ഷേത്രം ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചുള്ള കേസില്‍ അറസ്റ്റിലായ യുവാവിനെ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മില്‍ക്കിപൂര്‍ സ്വദേശി അബ്ദുല്‍ റഹ്‌മാനാണ് (19) കൊല്ലപ്പെട്ടത്.
സഹതടവുകാരന്റെ ആക്രമണത്തെ തുടര്‍ന്നാണ് റഹ്‌മാന്‍ മരിച്ചതെന്ന് പൊലീസ് പറയുന്നു. ഇന്നലെ (ഞായര്‍) രാത്രിയില്‍ സഹതടവുകാരന്‍ റഹ്‌മാനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷമാണ് അബ്ദുല്‍ റഹ്‌മാന്‍ അറസ്റ്റിലായത്. തുടര്‍ന്ന് ഇയാളെ ഫരീദാബാദ് ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു.
അടുത്തിടെ ജമ്മു കാശ്മീരില്‍ നിന്ന് ഫരീദാബാദിലെ നീംക ജയിലിലേക്ക് മാറ്റിയ അരുണ്‍ ചൗധരി എന്നയാളാണ് റഹ്‌മാനെ ആക്രമിച്ചത്. ഞായറാഴ്ചയാണ് സംഭവം നടന്നതെങ്കിലും ഇന്നാണ് (ഞായര്‍) കൊലപാതക വിവരം പുറത്തറിഞ്ഞത്.
വിവരം ലഭിച്ചയുടന്‍ സ്ഥലത്തെത്തിയ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പോസ്റ്റ്മോര്‍ട്ടത്തിനായി യുവാവിന്റെ മൃതദേഹം സിവില്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
2025 മാര്‍ച്ച് രണ്ടിനാണ് അയോധ്യ രാമക്ഷേത്രം ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ അബ്ദുല്‍ റഹ്‌മാന്‍ അറസ്റ്റിലായത്. ഗുജറാത്ത് ആന്റി ടെററിസം സ്‌ക്വാഡ്, ഫരീദാബാദ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ്, ഇന്റലിജന്റ്സ് ബ്യൂറോ എന്നിവര്‍ ചേര്‍ന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലാകുമ്പോള്‍ യുവാവിന്റെ കൈവശം രണ്ട് ഹാന്‍ഡ് ഗ്രനേഡുകള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. റഹ്‌മാന്‍ അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള അബു സുഫിയാന്‍ എന്നയാളുമായി ആശയവിനിമയം നടത്തിയിരുന്നുവെന്നും പൊലീസ് ആരോപിച്ചിരുന്നു.
Content Highlight: Accused in Ayodhya Ram temple attack plot case found dead in jail