| Wednesday, 11th June 2025, 8:38 am

ദല്‍ഹിയില്‍ ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി സ്യൂട്ട് കേസില്‍ ഒളിപ്പിച്ച കേസ്; പ്രതി പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയിലെ ദയാല്‍പൂരില്‍ ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി സ്യൂട്ട് കേസില്‍ ഒളിപ്പിച്ച കേസിലെ പ്രതി പിടിയില്‍.
നൗഷാദ് എന്നയാളാണ് അറസ്റ്റിലായത്. ഇന്നലെ (ചൊവ്വ)യാണ് ദല്‍ഹിയിലെ സ്പെഷ്യല്‍ സ്റ്റാഫ് സംഘമാണ് പ്രതിയെ പിടികൂടിയത്.

ഏറ്റുമുട്ടലിനൊടുവിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇതിനിടെ പ്രതിയുടെ കാലിനും സിവില്‍ പൊലീസിനും പരിക്കേറ്റിട്ടുണ്ട്. കോണ്‍സ്റ്റബിള്‍ അമിത് മാനാണ് പരിക്കേറ്റത്. കോണ്‍സ്റ്റബിള്‍ നിലവില്‍ ജെ.പി.സി ആശുപത്രിയില്‍ ചികിത്സയിലാണ്.

കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെ പ്രതി ബ്ലേഡ് ഉപയോഗിച്ച് സിവില്‍ പൊലീസിനെ ആക്രമിക്കുകയായിരുന്നു. എസ്.ഐ കൗശിക് ഘോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്.

ഇയാള്‍ കസ്റ്റഡിയില്‍ നിന്ന് രണ്ട് തവണ രക്ഷപെടാന്‍ ശ്രമിച്ചതായാണ് വിവരം. നിലവില്‍ ഇയാള്‍ക്കെതിരെ പൊലീസിനെ ആക്രമിച്ചതിലും കുറ്റം ചുമത്തിയിട്ടുണ്ട്. നേരത്തെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പ്രതിക്കെതിരെ കേസെടുത്തിരുന്നു.

ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് പെണ്‍കുട്ടി ക്രൂരമായി ആക്രമിക്കപ്പെട്ടത്. വടക്കുകിഴക്കന്‍ ദല്‍ഹിയിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിനിടെ സമീപത്തുള്ള അപ്പാര്‍ട്ട്‌മെന്റിലെ ഒരു മുറിയിലേക്ക് കുട്ടി കയറിപ്പോകുന്നത് കണ്ടതായി ഒരു അയല്‍വാസി അറിയിക്കുകയായിരുന്നു.

തുടര്‍ന്നുള്ള പരിശോധനയില്‍ മുറിയിലെ ഒരു സ്യൂട്ട് കേസില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ലോക്കല്‍ പൊലീസ് പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതി നൗഷാദ് ഒളിവിലായിരുന്നു. ഒരേസമയം ഒന്നിലധികം പൊലീസ് സംഘങ്ങള്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടാന്‍ കഴിഞ്ഞത്.

‘പെണ്‍കുട്ടിക്കും കുടുംബത്തിനും നീതി ഉറപ്പാക്കും. കേസ് അന്വേഷണത്തില്‍ ഒരു തരത്തിലുമുള്ള വീഴ്ചയുണ്ടാകില്ല. പ്രതിക്കെതിരെ കര്‍ശനമായ നടപടിയുണ്ടാകും,’ ദല്‍ഹി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ പറഞ്ഞിരുന്നു.

പ്രതിക്കെതിരെ ബി.എന്‍.എസ് സെക്ഷന്‍ 103 (1), 66, 13 (2), പോക്‌സോ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചിരുന്നു.

Content Highlight: Accused arrested in abusing and murdering nine-year-old girl and hiding the in a suit case, Delhi

We use cookies to give you the best possible experience. Learn more