| Thursday, 30th January 2025, 11:02 am

രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത മുത്തലാഖ് കേസുകളുടെ കണക്കുകള്‍ ഹാജരാക്കണം: സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തുടനീളം എത്ര മുത്തലാഖ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന കണക്കുകള്‍ ഹാജരാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് സുപ്രീം കോടതി. തല്‍ക്ഷണ മുത്തലാഖിലൂടെ വിവാഹമോചനം നേടിയ മുസ്‌ലിം സ്ത്രീകളുടെ കണക്കും എഫ്.ഐ.ആറുകളുടെ എണ്ണവും സംബന്ധിച്ച വിവരങ്ങള്‍ നല്‍കാനാണ് കേന്ദ്രത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടത്.

2019ലെ മുത്തലാഖ് നിയമവുമായി ബന്ധപ്പെട്ട ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹരജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിര്‍ദേശം. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറുമടങ്ങുന്ന ബെഞ്ചിന്റേതാണ് നിര്‍ദേശം.

ഇന്ത്യയിലുടനീളം എഫ്.ഐ.ആര്‍ ഫയല്‍ ചെയ്ത കേസുകളുടെ എണ്ണം തങ്ങള്‍ക്ക് വേണമെന്നും സംസ്ഥാനങ്ങളില്‍ നിന്നെല്ലാമുള്ള കണക്കുകള്‍ തങ്ങള്‍ പരിശോധിക്കുമെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.

2019ലെ നിയമത്തില്‍ മൂന്ന്, നാല് വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുകളുടെ എണ്ണം അറിയിക്കാനും ബെഞ്ച് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സെക്ഷന്‍ മൂന്ന് പ്രകാരം ഒരു മുസ്‌ലിം ഭര്‍ത്താവ് ഭാര്യയുടെ മേല്‍ വാക്കാലോ എഴുത്തായോ ഇലക്ട്രോണിക് രൂപത്തിലോ തല്‍ക്ഷണ തലാഖ് ചൊല്ലുന്നത് അസാധുവും നിയമവിരുദ്ധമാണെന്നും ബെഞ്ച് വ്യക്തമാക്കി. ഇത് പ്രകാരം ഭാര്യയുടെ മേല്‍ തലാഖ് ചൊല്ലുന്ന ഏത് മുസ്‌ലിം ഭര്‍ത്താവിന് പിഴയും മുന്ന് വര്‍ഷം തടവും നല്‍കാന്‍ സെക്ഷന്‍ നാല് നിര്‍ദേശിക്കുന്നുവെന്നും കോടതി പറഞ്ഞു.

സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന മറ്റ് നിയമനിര്‍മാണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ നിയമം മൂന്ന് വര്‍ഷത്തെ തടവ് മാത്രമേ നിര്‍ദേശിക്കുന്നുള്ളൂവെന്നും കോടതി പറഞ്ഞു.

മുത്തലാഖ് ചൊല്ലുന്നത് സാധുവായ വിവാഹമോചനത്തിലേക്ക് നയിക്കില്ലെന്നും ഭാര്യാഭര്‍ത്താക്കന്മാരുടെ ബന്ധം നിലനില്‍ക്കുമെന്നും സഞ്ജീവ് ഖന്ന പറഞ്ഞു.

മുത്തലാഖിനെ ആരും ന്യായീകരിക്കുന്നില്ലെന്നും അതിനെ ക്രിമിനല്‍കുറ്റമാക്കിയ നടപടിയെയാണ് ചോദ്യംചെയ്തിട്ടുള്ളതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

2017ല്‍ സുപ്രീം കോടതി ഭരണഘടനാബെഞ്ച് മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്ന് കണ്ടെത്തി അസാധുവാക്കിയിരുന്നു.

Content Highlight: Accounts of triple talaq cases registered in country to be produced: Supreme Court

We use cookies to give you the best possible experience. Learn more