ലഖ്‌നൗ: ഉത്തർപ്രദേശിലെ പ്രമുഖ ഗോ രക്ഷാ നേതാവിന്റെ അപകടമരണത്തിനെതിരെ പ്രതിഷേധിച്ച 19 പേരെ അറസ്റ്റ് ചെയ്ത് യു.പി പൊലീസ്.
ഫർസാ വാല ബാബ എന്നറിയപ്പെടുന്ന ചന്ദ്രശേഖർ എന്ന യു.പിയിൽ ഒരുപാട് അനുയായികളുള്ള ഗോ രക്ഷാ പ്രവർത്തകന്റെ അപകട മരണത്തിൽ അസ്വാഭാവികത ആരോപിച്ച് തെറ്റായ പ്രചരണം നടത്തിയതിനാണ് കുപ്രസിദ്ധ ഹിന്ദുത്വ പ്രവർത്തകൻ ദക്ഷ് ചൗധരി അടക്കം 19 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഹൈവേയിലെ മുടൽമഞ്ഞ് കാരണം കാഴ്ച മറഞ്ഞതിനാലുണ്ടായ അപകടത്തിലാണ് ചന്ദ്രശേഖർ മരണപെട്ടതെന്നായിരുന്നു പൊലീസ് കണ്ടെത്തൽ.
നാഗാലാൻഡ് രജിസ്‌ട്രേഷനുള്ള ഒരു ലോറിയിൽ പശുക്കളെ കടത്തുന്നുണ്ടെന്ന് സംശയിച്ച് ഹൈവേയിൽ ഫർസാ വാല ബാബയും കൂട്ടാളികളും ലോറി ഡ്രൈവറെ കയ്യേറ്റംചെയ്യാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു ലോറി ബാബയെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. അപകടത്തിൽ നാഗാലാന്റ് ലോറി ഡ്രൈവറും മരണപ്പെട്ടിരുന്നു.
എന്നാലിത് ബാബയെ കൊലചെയ്യാനുള്ള ആസൂത്രിത നീക്കമാണെന്നാണ് അനുയായികളുടെ ആരോപണം.
തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളിൽപെട്ട ബാബയുടെ അനുയായികൾ സംഭവുമായി ബന്ധപ്പെട്ട് വർഗീയ പ്രചാരണങ്ങൾ അഴിച്ചുവിടുകയും ദേശീയ പാത ഉപരോധിക്കുകയും പൊലീസ് ഉദ്യോഗസ്ഥർക്കുനേരെ കല്ലെറിയുകയും വാഹനങ്ങൾ തകർക്കാനും തുടങ്ങിയതിടെ പ്രതിഷേധപ്രകടനകൾ അക്രമാസക്തമായി.
സ്വയം ഗോ രക്ഷക് എന്ന് വിശേഷിപ്പിക്കുന്ന ഫർസാ വാല ബാബ ഉത്തർപ്രദേശിലെ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകൾക്കിടയിൽ ഏറെ സ്വീകാര്യനായ വ്യക്തിയാണ്. ബാബ നിരവധി ഗോ ശാലകളും നിയന്ത്രിക്കുന്നുണ്ട്.
ഉത്തർപ്രേദേശിലെ പരമ്പരാഗത ആയുധമായ കോടാലിക്ക് സമാനമായ ‘ഫർസാ’ എപ്പോഴും കയ്യിൽ കൊണ്ടുനടക്കുന്നതിനാലാണ് അദ്ദേഹത്തിന് ഫർസാ വാല ബാബ എന്ന പേരുവന്നത്.
Content Highlight: Accidental death of UP cow protection leader: Police arrest protesters who unleashed communal propaganda