| Thursday, 13th November 2025, 7:19 am

അരൂർ- തുരവൂർ ഉയരപ്പാത നിർമാണത്തിനിടെ അപകടം; പിക്കപ്പ് വാനിന് മുകളിലേക്ക് ഗർഡർ തകർന്നു വീണ് ഒരു മരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: അരൂർ -തുരവൂർ ഉയരപ്പാത നിർമാണ മേഖലയിൽ പിക്കപ്പ് വാനിന് മുകളിലേക്ക് ഗർഡർ തകർന്നു വീണ് ഒരാൾ മരിച്ചു. പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. പിക്കപ്പ് വാനിന്റെ ഡ്രൈവറാണ് മരണപ്പെട്ടത്.

ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷാണ് മരിച്ചത്. ഒരു ഗർഡർ പൂർണമായും വാനിന് മുകളിലേക്ക് നിലം പതിച്ചെന്നാണ് വിവരം. എറണാകുളത്തുനിന്നും ആലപ്പുഴയിലേക്ക് ചരക്കുമായി പോകുന്ന പിക്കപ്പ് വാനിന് മുകളിലേക്കാണ് ഗർഡർ തകർന്നു വീണത്. 80 ടൺ ഭാരമുള്ള ഗർഡറാണ് തകർന്നത്.

നിലവിൽ വാഹനത്തിൽ നിന്നും ഡ്രൈവറുടെ മൃതദേഹം പുറത്തെടുത്തു. അപകടം നടന്ന് മൂന്നരമണിക്കൂറിന് ശേഷമാണ് മൃതദേഹം പുറത്തെടുക്കാനായത്.

ഇത്തരത്തിൽ ഗുരുതരമായ രീതിയിലുള്ള അപകടം ഈ മേഖലയിൽ ഉണ്ടായിട്ടില്ലെന്നും ഗർഡറുകൾ സ്ഥാപിക്കുമ്പോഴുള്ള സുരക്ഷാ ക്രമീകരണങ്ങൾ ചെയ്തിട്ടില്ലെന്നും നാട്ടുകാർ പ്രതികരിച്ചു.

നിർമാണ പ്രവർത്തനം നടക്കുമ്പോൾ വാഹനം മറ്റുവഴികളിലൂടെ കടത്തി വിടാനുള്ള സംവിധാനം ഒരുക്കിയില്ലെന്നും അപകടം നടന്ന സ്ഥലം ടോൾ ബൂത്ത് പണിയാനായുള്ള പ്രധാന ജങ്ഷനാണെന്നും നാട്ടുകാർ പറഞ്ഞു.

അപകടം ഉണ്ടായതിലുള്ള അലംഭാവം പരിശോധിക്കുമെന്നും ഗർഡറുകൾ നീക്കി ഗതാഗതം പുനസ്ഥാപിക്കുമെന്നും എം.എൽ.എ ദലീമ ജോജോ പ്രതികരിച്ചു.

ഗർഡർ സ്ഥാപിക്കുന്ന സമയത്ത് വാഹന നിയന്ത്രണങ്ങൾ നടത്തിയിരുന്നെന്നും സംഭവിച്ചതെന്തെന്ന് പരിശോധിക്കാമെന്നും ജില്ലാ കളക്ടർ അലക്സ് വർഗീസ് പറഞ്ഞു. ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചെന്നും കളക്ടർ അറിയിച്ചു.

സംഭവത്തിൽ പൊതുമരാമത്ത് സെക്രട്ടറിയോട് മന്ത്രി മുഹമ്മദ് റിയാസ് അന്വേഷണത്തിന് ഉത്തരവിട്ടു. അപകടത്തിന് കാരണമെന്തെന്ന് വ്യക്തമാക്കിയുള്ള റിപ്പോർട്ട് അടിയന്തരമായി നൽകണമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ പാതയാണ് അരൂർ തുരവൂർ ഉയരപ്പാത.

Content Highlight: Accident during construction of Aroor-Thuravoor elevated road; One dead as girder collapses

We use cookies to give you the best possible experience. Learn more