| Saturday, 3rd August 2024, 9:11 pm

എ.സി മിലാന് കരുത്താകാന്‍ കുറച്ച് ക്രിക്കറ്റും; പുതിയ സീസണില്‍ പുതിയ രൂപത്തില്‍

സ്പോര്‍ട്സ് ഡെസ്‌ക്

കിറ്റുകളുടെ കാര്യത്തില്‍ എന്നും തങ്ങളുടേതായ ഫ്‌ളേവര്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഇറ്റാലിയന്‍ ക്ലബ്ബായ എ.സി മിലാന്‍ അവതരിപ്പിച്ച പുതിയ എവേ ജേഴ്‌സിയാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തെ ചര്‍ച്ചാ വിഷയം. ക്രിക്കറ്റില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ടീമിന്റെ കിറ്റ് മാനുഫാക്ചറേഴ്‌സായ പ്യൂമ പുതിയ ജേഴ്‌സി ഡിസൈന്‍ ചെയ്തിരിക്കുന്നത്.

പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ കഴിഞ്ഞ ആഴ്ച നടന്ന സൗഹൃദ മത്സരത്തിലാണ് പുതിയ എവേ കിറ്റുമായി മിലാന്‍ കളത്തിലിറങ്ങിയത്. മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളിന് മിലാന്‍ വിജയിച്ചിരുന്നു.

വെളുത്ത നിറത്തിലുള്ളതാണ് ഇപ്പോള്‍ പുറത്തിറക്കിയ പുതിയ കിറ്റ്. ടെസ്റ്റ് ക്രിക്കറ്റിന്റെ വൈബ് നല്‍കുന്ന രീതിയിലാണ് ഇത് ഡിസൈന്‍ ചെയ്തിട്ടുള്ളത്. ഇതിന് പുറമെ 1899ല്‍ മിലാന്‍ ഫുട്‌ബോളിന്റെയും ക്രിക്കറ്റ് ക്ലബ്ബിന്റെയും സ്ഥാപകനായ ബ്രിട്ടീഷ് ബിസിനസ്മാന്‍ ഹെര്‍ബെര്‍ട്ട് കിപ്ലിനോടുള്ള ആദരസൂചകമായാണ് പുതിയ കിറ്റ് തയ്യാറാക്കിയിട്ടുള്ളത്.

ജേഴ്‌സി പൂര്‍ണമായും വെളുത്ത നിറത്തിലാണെങ്കിലും എ.സി മിലാന്റെ ഐക്കോണിക് നിറങ്ങളായ ചുവപ്പും കറുപ്പും ജേഴ്‌സിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കോളറിലും കഫിലുമാണ് ഈ നിറങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ക്ലബ്ബിന്റെ ലോഗോയും ക്രസ്റ്റും കറുത്ത നിറത്തിലാണ്. ക്രസ്റ്റിന്റെ മുകളില്‍ ടീമിന്റെ 19കിരീടങ്ങളെ കുറിക്കുന്ന ഒറ്റ നക്ഷത്രവും കറുത്ത നിറത്തിലാണ്. 20ാം കിരീടം സ്വന്തമാക്കി ഇടനെഞ്ചില്‍ രണ്ടാം നക്ഷത്രം തുന്നിച്ചേര്‍ക്കാനാണ് മിലാന്‍ ഇത്തവണ കളത്തിലിറങ്ങുന്നത്.

മിലാന്റെ ചിരവൈരികളായ ഇന്റര്‍ മിലാന് 20 കിരീടങ്ങളാണുള്ളത്. ഇക്കാരണത്താല്‍ തന്നെ രണ്ട് നക്ഷത്രങ്ങള്‍ ഇന്റര്‍ തങ്ങളുടെ ജേഴ്‌സിയില്‍ ഉള്‍പ്പെടുത്താറുണ്ട്. ഈ സീസണില്‍ ഇന്ററിനൊപ്പമെത്താനാണ് എ.സി മിലാന്റെ ശ്രമം.

അതേസമയം, ഈ ജേഴ്‌സിയുടെ അരങ്ങേറ്റവും രസകരമായിരുന്നു. സിറ്റിക്കെതിരെ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയില്‍ ചുവപ്പും കറുപ്പും നിറത്തിലുള്ള ജേഴിസിയാണ് മിലാന്‍ ധരിച്ചിരുന്നത്. സിറ്റിയാകട്ടെ തങ്ങളുടെ ഇളം നീല ജേഴ്‌സിയും.

എന്നാല്‍ രണ്ടാം പകുതിയില്‍ ഇരു ടീമുകളും മറ്റൊരു ജേഴ്‌സി ധരിച്ചാണ് കളത്തിലിറങ്ങിയത്. രണ്ടാം പകുതിയില്‍ ഈ വെള്ള ജേഴ്‌സി മിലാന്‍ ധരിച്ചപ്പോള്‍ തവിട്ടുനിറത്തിലുള്ള തങ്ങളുടെ മൂന്നാം കിറ്റാണ് സിറ്റിസണ്‍സ് ധരിച്ചത്. സിറ്റിയുടെ കിറ്റ് സ്‌പോണ്‍സര്‍മാരും പ്യൂമയാണ്.

സൗഹൃദ മത്സരത്തില്‍ സിറ്റിക്കെതിരെ രണ്ടിനെതിരെ മൂന്ന് ഗോളിന് വിജയിച്ച മിലാന്‍ ഓഗസ്റ്റ ഒന്നിന് റയല്‍ മാഡ്രിഡിനെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനും വിജയിച്ചുകയറി. റിയലിനെതിരെയും ഓള്‍ വൈറ്റ് കിറ്റാണ് മിലാന്‍ ധരിച്ചത്. റയലാകട്ടെ ഓറഞ്ച് നിറത്തിലും കളത്തിലിറങ്ങി.

ഓഗസ്റ്റ് ഏഴിനാണ് മിലാന്റെ അടുത്ത മത്സരം. സ്പാനിഷ് വമ്പന്‍മാരായ എഫ്.സി ബാഴ്‌സലോണയാണ് എതിരാളികള്‍. ബാള്‍ട്ടിമോറിലെ എം ആന്‍ഡ് ടി സ്‌റ്റേഡിയമാണ് വേദി.

Content highlight: AC Milan unveil their new away kit

Latest Stories

We use cookies to give you the best possible experience. Learn more