എ.സി മിലിന്റെ ഇറ്റാലിയന്‍ ലെജന്‍ഡ് കോസ്റ്റക്യൂര്‍ട്ട ഒരിക്കല്‍ 16 വയസുകാരന്‍ ലയണല്‍ മെസിയെ നേരിട്ടതിന്റെ അനുഭവം പങ്കുവെച്ചിരുന്നു. മെസിയെ ആദ്യം കണ്ടപ്പോള്‍ വെറും കൊച്ചുപയ്യനാണെന്ന് തോന്നിയെന്നും എന്നാല്‍ മത്സരം ആരംഭിച്ച് വളരെ വേഗം തന്നെ പിന്‍വലിക്കാന്‍ മാനേജര്‍ കാര്‍ലോ ആന്‍സലോട്ടിയോട് ആവശ്യപ്പെട്ടതായും മിലാന്‍ ഡിഫന്‍ഡര്‍ പറഞ്ഞു.
2020ല്‍ സ്‌കൈ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് കോസ്റ്റര്‍ക്യൂട്ട താന്‍ ആദ്യമായി സെമിയെ നേരിട്ടതിനെ കുറിച്ചുള്ള അനുഭവം വ്യക്തമാക്കിയത്.
‘മെസിക്ക് 16 വയസുള്ളപ്പോഴാണ് ഞാന്‍ അവനെ ആദ്യമായി നേരിടുന്നത്. അവന്‍ വെറുമൊരു കൊച്ചുപയ്യനാണെന്നാണ് ആദ്യം എനിക്ക് തോന്നിയത്. എനിക്ക് വേണ്ടതൊക്കെ ചെയ്യാന്‍ സാധിക്കും എന്ന ധാരണയായിരുന്നു എനിക്കുണ്ടായിരുന്നത്.
എന്നാല്‍ 15 മിനിട്ടിന് ശേഷം എന്നെ കളത്തില്‍ നിന്നും പിന്‍വലിക്കാന്‍ ഞാന്‍ ആന്‍സലോട്ടിയോട് ആവശ്യപ്പെടുകയായിരുന്നു,’ സ്‌കൈ സ്‌പോര്‍ട്‌സിലെ അഭിമുഖത്തെ ഉദ്ധരിച്ച് നോഗോ മാനിയ റിപ്പോര്‍ട്ട് ചെയ്തു.
അര്‍ജന്റൈന്‍ ഇതിഹാസം ഡിഗോ മറഡോണയേക്കാള്‍ ഏറ്റവും മികച്ച താരമാണ് മെസിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘മെസിക്കെതിരെയും മറഡോണക്കെതിരെയും കളിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. പിച്ചില്‍ എപ്രകാരം എക്‌സ്പ്രസ് ചെയ്യുന്നു എന്നതും ഇരുവരുടെ കളി രീതിയും എല്ലാം ഒരുപോലെയാണ്. എന്നാല്‍ മറഡോണയേക്കാള്‍ ജീനിയസ് മെസിയാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ഫുട്ബോള്‍ കരിയറില്‍ 860 ഗോളുകള്‍ നേടിയാണ് മെസി മുന്നോട്ട് കുതിക്കുന്നത്. മാത്രമല്ല ഫുട്ബോള്‍ ലോകത്ത് താരം സ്വന്തമാക്കാന്‍ ഇനി ഒരു പ്രധാന കിരീടങ്ങളും ബഹുമതികളും ബാക്കിയില്ല. ലോകകപ്പ് മുതല്‍ ബാലണ്‍ ഡി ഓര്‍ വരെ നീളുന്ന മെസിയുടെ മാജിക്കല്‍ കരിയര്‍ അതിന്റെ അവസാന ഘട്ടങ്ങളിലാണ്. 2026 ഫിഫ ലോകകപ്പില്‍ താരം ഉണ്ടാകുമോ എന്നാണ് ഇപ്പോള്‍ ആരാധകരുടെ ചോദ്യം.
അതേസമയം, ഫിഫ ലോകകപ്പ് ക്വാളിഫയറിലെ അടുത്ത മത്സരങ്ങളില്‍ മെസി അര്‍ജന്റൈന്‍ ടീമിനൊപ്പമുണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്. ചിലി, കൊളംബിയ ടീമുകള്‍ക്കെതിരെയുള്ള സാധ്യതാ പട്ടികയില്‍ മെസിയുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിശീലകന്‍ ലയണല്‍ സ്‌കലോണി തെരഞ്ഞെടുത്ത പട്ടികയാണ് ടീം പുറത്തുവിട്ടിരിക്കുന്നത്.
ലയണല്‍ മെസിക്ക് പുറമെ ലൗട്ടാരോ മാര്‍ട്ടീനസ്, ജൂലിയന്‍ അല്‍വാരസ്, അലക്സിസ് മാക് അലിസ്റ്റര്‍, റോഡ്രിഗോ ഡി പോള്‍ തുടങ്ങിയ താരങ്ങളും സ്‌ക്വാഡിന്റെ ഭാഗമാണ്.
അതേസമയം, അലഹാന്‍ഡ്രോ ഗര്‍ണാച്ചോ, സാന്റിയാഗോ കാസ്ട്രോ, ഫ്രാങ്കോ മസ്റ്റാന്റൗനോ തുടങ്ങിയ താരങ്ങള്‍ക്ക് സ്‌ക്വാഡില്‍ ഇടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ജൂണ്‍ അഞ്ചിന് ചിലിയെ നേരിടുന്ന ആല്‍ബിസെലസ്റ്റ്സ് ജൂണ്‍ പത്തിന് കൊളംബിയയെയും നേരിടും. സെപ്റ്റംബറില്‍ വെനസ്വലെ, ഇക്വഡോര്‍ എന്നിവരെയും അര്‍ജന്റീനയ്ക്ക് നേരിടാനുണ്ട്.
ക്വാളിഫയറില്‍ 14 മത്സരത്തില്‍ നിന്നും 31 പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് അര്‍ജന്റീന. രണ്ടാമതുള്ള ഇക്വഡോറിനേക്കാള്‍ (23 പോയിന്റ്) എട്ട് പോയിന്റിന്റെ വ്യക്തമായ ലീഡ് ലോക ചാമ്പ്യന്‍മാര്‍ക്കുണ്ട്.
Content Highlight: AC Milan legend Alessandro Costacurta about Lionel Messi