മുംബൈ: ബി.ജെ.പിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് മുംബൈയിലെ സെന്റ് സേവ്യേഴ്‌സ് കോളേജ് ശനിയാഴ്ച നടത്താനിരുന്ന വാര്‍ഷിക സ്റ്റാന്‍ സ്വാമി സ്മാരക പ്രഭാഷണം റദ്ദാക്കി. ‘ജീവിതവൃത്തിക്കായുള്ള കുടിയേറ്റം: ദുരിതങ്ങള്‍ക്കിടയിലെ പ്രതീക്ഷ (Migration for Livelihood: Hope amidst Miseries)’ എന്ന വിഷയത്തില്‍ റോമിലെ ഗ്രിഗോറിയന്‍ സര്‍വകലാശാലയിലെ ദൈവശാസ്ത്ര പ്രൊഫസറായ ഫാദര്‍ പ്രേം സാല്‍ക്‌സോ വെര്‍ച്വലായി നടക്കാനിരുന്ന പ്രഭാഷണമാണ് എ.ബി.വി.പി നിര്‍ബന്ധിതമായി തടഞ്ഞത്.
ചൊവാഴ്ച മുംബൈയിലെ എ.ബി.വി.പി യൂണിറ്റിലെ അംഗങ്ങള്‍ സെന്റ് സേവ്യേഴ്‌സ് കോളേജ് പ്രിന്‍സിപ്പലിനെ കണ്ട് പ്രഭാഷണം എത്രയും പെട്ടെന്ന് റദ്ദാക്കാന്‍ കത്തുനല്‍കുകയായിരുന്നു.
എല്‍ഗാര്‍ പരിഷത്ത്-ഭീമ കൊറേഗാവ് കേസില്‍ കുറ്റാരോപിതനായ, നിരോധിത മാവോയിസ്റ്റ് ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യു.എ.പി.എ ചുമത്തിയ സ്റ്റാന്‍ സ്വാമിയുടെ സ്മരണയ്ക്കായി ഒരു പ്രഭാഷണം സംഘടിപ്പിക്കുന്നത് ക്യാമ്പസില്‍ അര്‍ബന്‍ നക്‌സലിസത്തെ മഹത്വപ്പെടുത്താനുള്ള ശ്രമമാണെന്ന് എ.ബി.വി.പി പറഞ്ഞു.
അക്കാദമിക് സ്വാതന്ത്ര്യത്തിന്റെ മറവില്‍ നടക്കുന്ന ഇത്തരം പരിപാടികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ഹിന്ദുത്വ സംഘടന പറഞ്ഞു. എന്നാല്‍ എ.ബി.വി.പിയുടെ ഇടപെടലിലെ തുടര്‍ന്ന് പ്രഭാഷണം റദ്ദാക്കിയ സെന്റ് സേവ്യേഴ്‌സ് കോളേജ് നടപടിക്കെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്.
ഇന്ത്യയിലെ ആദിവാസി അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിച്ച ജെസ്യൂട്ട് പുരോഹിതനും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്നു ഫാദര്‍ സ്റ്റാന്‍ സ്വാമി. 2020 ഒക്ടോബര്‍ 8ന്, 83-ാം വയസില്‍ റാഞ്ചിയിലെ വീട്ടില്‍ വെച്ച് ദേശീയ അന്വേഷണ ഏജന്‍സി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. 2018ലെ ഭീമ കൊറേഗാവ് കേസില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ചായിരുന്നു അറസ്റ്റ്.
പാര്‍ക്കിന്‍സണ്‍സ് രോഗിയായ അദ്ദേഹത്തിന് ജയിലില്‍ കഴിയവേ വെള്ളം കുടിക്കാന്‍ ഒരു സ്‌ട്രോയും സിപ്പര്‍ കപ്പും ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ പോലും ജയില്‍ അധികാരികള്‍ നിഷേധിച്ചത് വലിയ വിവാദമായിരുന്നു. 2021 ജൂലൈ അഞ്ചിന് ജയിലില്‍ വെച്ച് കൊറോണ ബാധിച്ചായിരുന്നു അദ്ദേഹം മരിച്ചത്. സ്റ്റാന്‍ സ്വാമി ഭരണകൂട ഭീകരതയുടെ ഇരയാണെന്ന് വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു.
Content Highlight: ABVP protest; St. Xavier’s College cancels Stan Swamy lecture