കൊൽക്കത്ത: കൊൽക്കത്തയിൽ എസ്.എഫ്.ഐ സംഘടിപ്പിച്ച പുസ്തക സ്റ്റാളിനു നേരെ എ.ബി.വി.പിയുടെയും മറ്റ് വലതുപക്ഷ സംഘടനകളുടെയും നേതൃത്വത്തിൽ ബോംബേറും ആക്രമണവും. സംഭവത്തെ എസ്.എഫ്.ഐ ശക്തമായി അപലപിക്കുന്നതായി അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം. സജി വ്യക്തമാക്കി.
കുറ്റവാളികൾക്ക് ക്ലീൻ ചിറ്റ് നൽകുകയും പുസ്തകങ്ങൾ കത്തിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ് രാജ്യത്തുള്ളതെന്നും, അറിവിനെയും ആശയങ്ങളെയും എതിർക്കുന്ന നിലപാടാണ് വലതുപക്ഷ സംഘടനകൾ സ്വീകരിക്കുന്നതെന്നും ആദർശ് എം. സജി വിമർശിച്ചു.
പശ്ചിമ ബംഗാളിലുടനീളം ആർ.എസ്.എസ്-ബി.ജെ.പി-എ.ബി.വി.പി കൂട്ടുകെട്ടിനെതിരെ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി അണിനിരക്കണമെന്നും എസ്.എഫ്.ഐ അഭ്യർത്ഥിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം കൊൽക്കത്ത യൂണിവേഴ്സിറ്റി കോളേജ് സ്ട്രീറ്റിൽ എസ്.എഫ്.ഐ സംഘടിപ്പിച്ച പുസ്തകശാലയ്ക്ക് നേരെ പൊലീസ് നടപടിയുണ്ടായി.
നവംബർ വിപ്ലവത്തിന്റെ സ്മരണാർത്ഥം സംഘടിപ്പിച്ച ‘സംഗ്രാമി ബോയ്‌പത്ര’ (Sangrami Boipatra) എന്ന പുസ്തക സ്റ്റാളിന് നേരെയാണ് ചൊവ്വാഴ്ച പൊലീസ് അതിക്രമം നടന്നത്.
ലാൽബസാറിലെ പൊലീസ് ആസ്ഥാനത്ത് മുൻകൂട്ടി അറിയിപ്പ് നൽകിയിരുന്നിട്ടും, സ്റ്റാൾ തടയുന്നതിനായി വൻ പൊലീസ് സന്നാഹത്തെയും പ്രിസൺ വാനുകളെയും വിന്യസിച്ചതായാണ് എസ്.എഫ്.ഐ വ്യക്തമാക്കിയത്. സംഭവത്തിൽ എസ്.എഫ്.ഐ നേതാക്കളായ ദേബാഞ്ജൻ ഡേ, ദിധിതി റോയ് എന്നിവരടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു.
പുസ്തകങ്ങളെയും യുക്തിചിന്തയെയും പ്രതിഷേധങ്ങളെയും ഭരണകൂടം ഭയപ്പെടുകയാണെന്ന് എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി പ്രസ്താവനയിലൂടെ വിമർശിച്ചു. ബുൾഡോസറുകൾക്കും ജയിൽ വാനുകൾക്കുമെതിരെ പുസ്തകങ്ങൾക്കൊപ്പം അണിനിരക്കണമെന്നും എസ്.എഫ്.ഐ ആഹ്വാനം ചെയ്തു.
Content Highlight:ABVP hurls bombs and attacks SFI book stall in Kolkata.