കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ സുരേന്ദ്രനനാഥ് കോളേജില്‍ മുസ്‌ലിം വൈസ് പ്രിന്‍സിപ്പലിനെ എ.ബി.വി.പി പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് രാജിവെപ്പിച്ചതായി പരാതി. വൈസ് പ്രിന്‍സിപ്പല്‍ രാജിവെച്ചതിന് പിന്നാലെ സ്ഥലം ഗംഗാജലം തളിച്ച് ശുദ്ധീകരിക്കുകയും ചെയ്തു.
പരീക്ഷാ ചട്ടങ്ങള്‍ കര്‍ശനമാക്കിയതിന്റെ പേരില്‍ സ്വന്തം ഓഫീസില്‍ 23 മണിക്കൂറോളം വളഞ്ഞ് വെച്ച് വിദ്യാര്‍ത്ഥികള്‍ തന്നെ തയ്യാറാക്കിയ രാജിക്കത്തില്‍ ഒപ്പ് വെപ്പിക്കുകയായിരുന്നുവെന്ന് പ്രൊഫസര്‍ മുഹമ്മദി തറന്നു പറഞ്ഞു. അധ്യാപികയ്ക്ക് നേരെ വംശീയ അധിക്ഷേപങ്ങളും അതിക്രമങ്ങളും അരങ്ങേറിയിട്ടുണ്ട്.
സെപ്റ്റംബര്‍ 29ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ക്കായി വിദ്യാര്‍ത്ഥികള്‍ക്ക് 65% ഹാജര്‍ ആവശ്യമായിരുന്നു. ഇത് വേണമെന്ന് അധ്യാപിക കര്‍ശനമായി നിലപാടെടുത്തതാണ് ഒരു വിഭാഗം വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിച്ചത്.
വിദ്യാര്‍ഥികളില്‍ ഭൂരിഭാഗത്തിനും ആവശ്യമായ ഹാജരില്ലായിരുന്നു. ഇതിനെത്തുടര്‍ന്ന് സെപ്റ്റംബര്‍ 11-ന് ഓഫീസിലെത്തിയ അധ്യാപികയെ വിദ്യാര്‍ഥികള്‍ വളയുകയും വൈദ്യുതിയും കുടിവെള്ളവും വിച്ഛേദിച്ച് മണിക്കൂറുകളോളം തടഞ്ഞുവെക്കുകയുമായിരുന്നു.
വിദ്യാര്‍ഥികള്‍ എഴുതിക്കൊണ്ടുവന്ന രാജിപത്രത്തില്‍ ഭീഷണിപ്പെടുത്തി ഒപ്പിടുവിക്കുകയായിരുന്നുവെന്ന് അധ്യാപിക വ്യക്തമാക്കി.
തുടര്‍ന്ന് പൊലീസ് സംരക്ഷണത്തില്‍ ഇവര്‍ ക്യാമ്പസിന് പുറത്തേക്ക് പോയതിന് തൊട്ടുപിന്നാലെ, എ.ബി.വി.പി പവര്‍ത്തകര്‍ ഇവരുടെ ചേമ്പറില്‍ കയറി ചന്ദനത്തിരി കത്തിക്കുകയും ഗംഗാജലം തളിച്ച് മുറി ശുദ്ധീകരിച്ചതായി’ പ്രഖ്യാപിക്കുകയുമായിരുന്നു.
Content Highlight: ABVP forced a Muslim vice-principal to resign and subsequently conducted a purification ritual at the college.