| Thursday, 27th August 2026, 10:15 am

അധികാര ദുര്‍വിനിയോഗം; രാജസ്ഥാന്‍ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസിനെ ഉടന്‍ നീക്കം ചെയ്യണമെന്ന് സുപ്രീം കോടതി ജഡ്ജി

അഞ്ജു ചന്ദ്രന്‍

ന്യൂദല്‍ഹി: രാജസ്ഥാന്‍ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് സഞ്ജീവ് പ്രകാശ് ശര്‍മയെ മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി ജസ്റ്റിസ് സന്ദീപ് മേത്ത. ജസ്റ്റിസ് സഞ്ജീവിന് സ്വാധീനമുള്ള കക്ഷികള്‍ക്ക് അനുകൂലമായി ഭരണപരമായ അധികാരങ്ങള്‍ ദുരുപയോഗം ചെയ്‌തെന്നാരോപിച്ചാണ് സുപ്രീം കോടതി ജസ്റ്റിസ് രംഗത്തെത്തിയത്.

ശര്‍മയെ രാജസ്ഥാനില്‍ നിന്ന് മാറ്റി മറ്റൊരു സംസ്ഥാനത്ത് നിന്നുള്ള ചീഫ് ജസ്റ്റിസിനെ ഉടന്‍ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് സന്ദീപ് മേത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് കത്തയച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജസ്റ്റിസ് ശര്‍മ അധികാരങ്ങള്‍ ദുരുപയോഗം ചെയ്യുന്നതായും കേസുകളുടെ പട്ടികയില്‍ ഇടപെട്ട് സ്വാധീനമുള്ള കക്ഷികള്‍ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നതായും കത്തില്‍ പറയുന്നു.

ഓഗസ്റ്റ് 2, 10, 17 തീയതികളിലായി അയച്ച മൂന്ന് കത്തുകളിലാണ് ജസ്റ്റിസ് മേത്ത ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. ഭരണപരമായ വീഴ്ച, പക്ഷപാതം, സ്വജനപക്ഷപാതം, അധികാരദുരുപയോഗം തുടങ്ങിയ ആരോപണങ്ങളാണ് പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസിന് കേസുകള്‍ വിവിധ ബെഞ്ചുകളിലേക്ക് അനുവദിക്കാനുള്ള അധികാരം ഉപയോഗിച്ച് ചില കേസുകള്‍ സ്വന്തം ബെഞ്ചിലേക്ക് മാറ്റിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉദയ്പൂരിലെ വിലപിടിപ്പുള്ള ഭൂമിയുമായി ബന്ധപ്പെട്ട കേസുകള്‍ നേരത്തെ നിശ്ചയിച്ചിരുന്ന ജോധ്പൂര്‍ പ്രിന്‍സിപ്പല്‍ സീറ്റില്‍ നിന്ന് ജയ്പൂരിലെ ജസ്റ്റിസ് ശര്‍മയുടെ ബെഞ്ചിലേക്ക് മാറ്റിയതും ജസ്റ്റിസ് മേത്ത സൂചിപ്പിച്ചു. കൂടാതെ ഖനന വ്യവസായി നല്‍കിയ ഒരു കേസില്‍ കോടതി രജിസ്ട്രിയില്‍ ക്രമക്കേട് നടത്തി കേസ് പ്രത്യേക അപ്പീലായി രജിസ്റ്റര്‍ ചെയ്ത് ജസ്റ്റിസ് ശര്‍മയുടെ ബെഞ്ചിന് മുന്നില്‍ എത്തിച്ചതായും ആരോപണമുണ്ട്.

ഈ കേസില്‍ 457 ദിവസത്തെ കാലതാമസം ആദ്യ വാദം കേള്‍ക്കുന്ന ദിവസം തന്നെ മാപ്പാക്കുകയും സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിലെ ചില നിര്‍ദേശങ്ങള്‍ക്ക് സ്‌റ്റേ നല്‍കുകയും ചെയ്തതായും കത്തില്‍ പറയുന്നു.

രാജസ്ഥാന്‍ ഹൈക്കോടതിയിലെ നിരവധി ജഡ്ജിമാര്‍ ജസ്റ്റിസ് ശര്‍മയുടെ പെരുമാറ്റത്തെക്കുറിച്ച് പരാതിപ്പെട്ടിട്ടുണ്ടെന്നും, പ്രതികാര നടപടിയായി സ്ഥലംമാറ്റം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി ചില ജഡ്ജിമാര്‍ അറിയിച്ചിട്ടുണ്ടെന്നും ജസ്റ്റിസ് മേത്ത കത്തില്‍ പറഞ്ഞു. ജോധ്പൂര്‍ സീറ്റിനോട് ജസ്റ്റിസ് ശര്‍മയ്ക്ക് പക്ഷപാതപരമായ സമീപനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘രാജസ്ഥാന്‍ ഹൈക്കോടതിയിലെ നിരവധി ജഡ്ജിമാര്‍ എന്നെ കാണുകയും ഇന്ത്യയുടെ ചീഫ് ജസ്റ്റിസുമായുള്ള അടുപ്പം അവകാശപ്പെട്ട് ജസ്റ്റിസ് ശര്‍മ സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ള പ്രതികാര നടപടികളുമായി ബന്ധപ്പെട്ട ഭീഷണികള്‍ ഇടയ്ക്കിടെ നടത്തുന്നതില്‍ വേദനയുണ്ടെന്നും അവര്‍ അറിയിച്ചു,’ അദ്ദേഹം കുറിച്ചു.

ജോധ്പൂരില്‍ നിര്‍മ്മാണം പൂര്‍ത്തിയായ 40 കോടതിമുറികളുള്ള ജില്ലാ കോടതി കെട്ടിടത്തിന്റെ ഉദ്ഘാടനം വൈകിപ്പിച്ചതും ജസ്റ്റിസ് മേത്ത കത്തില്‍ പരാമര്‍ശിച്ചു. കൂടാതെ ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 2 വരെ ജയ്പൂരില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിനായി ഹൈക്കോടതിയിലെ ഭൂരിഭാഗം ജഡ്ജിമാരെയും ജില്ലാ ജഡ്ജിമാരെയും നിയോഗിച്ചതിനെ തുടര്‍ന്ന് ജോധ്പൂര്‍ പ്രിന്‍സിപ്പല്‍ സീറ്റില്‍ രണ്ട് ദിവസം കോടതി പ്രവര്‍ത്തനം തടസപ്പെട്ടതായും അദ്ദേഹം ആരോപിച്ചു. സമ്മേളനത്തിനായി സംസ്ഥാന ഖജനാവില്‍ നിന്ന് ഏകദേശം 80 ലക്ഷം രൂപ ചെലവായതായും കത്തില്‍ പറയുന്നു.

ജസ്റ്റിസ് ശര്‍മയെ രാജസ്ഥാനില്‍ നിന്ന് മാറ്റി മറ്റൊരു ഹൈക്കോടതിയില്‍ നിന്നുള്ള ചീഫ് ജസ്റ്റിസിനെ ഉടന്‍ നിയമിക്കണമെന്നാണ് ജസ്റ്റിസ് മേത്തയുടെ ആവശ്യം. മേത്ത ഉന്നയിച്ച ആരോപണങ്ങളില്‍ ജസ്റ്റിസ് സഞ്ജീവ് ശര്‍മ ഇതുവരെ പ്രതികരിച്ചിട്ടില്ല.

2016 നവംബറില്‍ ജസ്റ്റിസ് ശര്‍മയെ രാജസ്ഥാന്‍ ഹൈക്കോടതിയില്‍ ജഡ്ജിയായി നിയമിക്കുകയും 2022 ജനുവരിയില്‍ പട്‌ന ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ ആരോഗ്യപരമായ കാരണങ്ങള്‍ കാണിച്ച് ശര്‍മ്മയെ രാജസ്ഥാനിലേക്ക് തിരിച്ചയക്കണം എന്ന അപേക്ഷ 2023 ല്‍ സുപ്രീം കോടതി തള്ളിയിരുന്നു.

തുടര്‍ന്ന് 2025 ല്‍ അദ്ദേഹത്തെ രാജസ്ഥാനിലേക്ക് മാറ്റാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തു. പത്ത് മാസത്തിലേറെയായി ശര്‍മ രാജസ്ഥാനില്‍ ആക്ടിങ് ചീഫ് ജസ്റ്റിസായി തുടരുകയാണ്.

C0ntent Highlights: Abuse of power: Supreme Court judge calls for immediate removal of Rajasthan High Court Acting Chief Justice.

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more