| Tuesday, 26th August 2025, 10:33 pm

ലൈംഗികാതിക്രമ പരാതി; ജില്ലാ ജഡ്ജിക്ക് സസ്പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചവറ: ലൈംഗിക അധിക്ഷേപ പരാതിയില്‍ ജില്ലാ ജഡ്ജിക്ക് സസ്പെന്‍ഷന്‍. ചവറ കുടുംബ കോടതി മുൻ ജഡ്ജി വി. ഉദയകുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഹൈക്കോടതി രജിസ്ട്രിയാണ് ജില്ലാ ജഡ്ജിയെ സസ്പെന്‍ഡ് ചെയ്തത്. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടേതാണ് തീരുമാനം. യുവതിയുടെ പരാതിയില്‍ ഹൈക്കോടതി ജഡ്ജിയായിരിക്കും ഇനി അന്വേഷണം നടത്തുക.

വിവാഹമോചന കേസില്‍ ഹാജരാകാനെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. ചവറ കുടുംബ കോടതിയിലെ ചേംബറിലെത്തിയപ്പോള്‍ ജഡ്ജി അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയില്‍ പറയുന്നത്.

ജില്ലാ കോടതിയിലാണ് യുവതി ആദ്യം പരാതി നല്‍കിയത്. പിന്നീട് ഇത് ഹൈക്കോടതിക്ക് കൈമാറുകയായിരുന്നു. തുടര്‍ന്ന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുമായിരുന്നു.

പരാതിക്ക് പിന്നാലെ ജഡ്ജി വി. ഉദയകുമാറിനെ എം.എ.സി.ടി കോടതിയിലാണ് മാറ്റിയിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 19നാണ് നടപടിക്ക് ആസ്പദമായ സംഭവം നടന്നത്. ലൈംഗിക പരാതിയെ തുടർന്ന് ഓഗസ്റ്റ് 20ന് ജഡ്ജിയെ സ്ഥലം മാറ്റുകയും ചെയ്തു.

നിലവില്‍ യുവതിയുടെ പരാതിയില്‍ അന്വേഷണം തുടരുകയാണ്. ഹൈക്കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യുവതി പറഞ്ഞു.

ആറ് മാസം മുമ്പ് കോഴിക്കോട് ജില്ലാ കോടതിയിലും ജഡ്ജിക്കെതിരെ സമാനമായ പരാതി ഉയര്‍ന്നിരുന്നു. താത്കാലിക ജീവനക്കാരിക്കെതിരെ ജഡ്ജി ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. എന്നാല്‍ യുവതി പൊലീസില്‍ പരാതിപ്പെടാന്‍ തയ്യാറായിരുന്നില്ല.

Content Highlight: Sexual assault complaint; District judge suspended

We use cookies to give you the best possible experience. Learn more