| Saturday, 25th October 2025, 10:35 am

ഭീഷ്മപര്‍വം മുതലാണ് ശ്രദ്ധേയമായ വേഷങ്ങള്‍ കിട്ടിയത്, സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായത് മറ്റൊരു പടം: അബു സലിം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കരിയറിന്റെ തുടക്കം മുതല്‍ വില്ലന്‍ വേഷങ്ങള്‍ മാത്രമായിരുന്നു കിട്ടിയതെന്നും അതിന് മാറ്റം വന്നത് ഈയടുത്താണെന്നും പറയുകയാണ് അബു സലിം. മമ്മൂട്ടി നായകനായ ഭീഷ്മ പര്‍വത്തിന് ശേഷമാണ് തന്നെ പലരും ശ്രദ്ധിച്ചു തുടങ്ങിയതെന്നും അതിന് ശേഷം വ്യത്യസ്തമായ വേഷങ്ങള്‍ തേടി വരാറുണ്ടെന്നും അബു സലിം പറഞ്ഞു.

വില്ലന്‍ വേഷങ്ങളില്‍ നിന്ന് കോമഡിയിലേക്ക് ഒരുപാട് കാലം മുമ്പ് മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മായാമോഹിനി, ഇന്‍സ്‌പെക്ടര്‍ ഗരുഡ് എന്നീ സിനിമകളിലെല്ലാം കോമഡി ടച്ചുള്ള കഥാപാത്രമായിരുന്നു ചെയ്തതെന്നും അബു സലിം പറയുന്നു. നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്‌സിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മൈ ബോസ്, അമര്‍ അക്ബര്‍ അന്തോണിയിലൊക്കെ ത്രൂ ഔട്ട് കോമഡിയായിരുന്നു. പക്ഷേ, സോഷ്യല്‍ മീഡിയയില്‍ ഹിറ്റായത് ജോണി ജോണി യെസ് അപ്പയിലെ ക്യാരക്ടറായിരുന്നു. അതിലെ സ്റ്റീഫന്റെ ഡയലോഗൊക്കെ റീലായിട്ടൊക്കെ പലരും അയച്ചു തരാറുണ്ട്. മുട്ട് വേദനയായതുകൊണ്ട് ഓയിന്റ്‌മെന്റ് തേക്കുന്നതാണെന്ന് പറയുന്ന സീനൊക്കെ ഇപ്പോഴും വൈറലാണ്.

പിന്നീടാണ് ഭീഷ്മപര്‍വം വരുന്നത്. അതിലെ ശിവന്‍കുട്ടി എന്ന കഥാപാത്രം അതുവരെ ചെയ്തതില്‍ വെച്ച് വെറൈറ്റിയായിരുന്നു. ഒരുപാട് പേര്‍ ഇപ്പോഴും ആ കഥാപാത്രത്തെക്കുറിച്ച് പറയും. പിന്നെ ചെയ്ത വ്യത്യസ്തമായ വേഷം പൈങ്കിളിയിലേതാണ്. അതും കുറച്ച് കോമിക് ടച്ചുള്ള കഥാപാത്രമാണ്. നായകന്റെ അച്ഛനായിട്ടാണ് ആ പടത്തില്‍ അഭിനയിച്ചത്.

‘വണ്ടി ഇങ്ങോട്ടേക്ക് ഇട്ടോ’ എന്ന് പറയുമ്പോ അപ്പുറത്തേക്ക് കൊണ്ടിടുന്നതും ‘അവിടെ ഇട്ടാല്‍ മതി’ എന്ന് പറയുമ്പോള്‍ വണ്ടി എടുത്തുകൊണ്ട് പുറത്തേക്ക് പോകുന്ന സീനെല്ലാം വൈറലായിരുന്നു. ഇന്നത്തെ കാലത്ത് അച്ഛന്റെ വാക്കൊന്നും മക്കള്‍ കേള്‍ക്കില്ലെന്ന റിയാലിറ്റിയാണ് ആ സീനില്‍ ഉദ്ദേശിച്ചത്. നല്ലൊരു അവസരമായിരുന്നു എനിക്കത്’ അബു സലിം പറയുന്നു.

പൊലീസ് ജോലിയില്‍ നിന്ന് സിനിമയിലേക്ക് വന്ന നടന്മാരിലൊരാളാണ് അബു സലിം. 1978ല്‍ രാജന്‍ പറഞ്ഞ കഥ എന്ന ചിത്രത്തിലൂടെയാണ് അബു സലിം സിനിമാലോകത്തേക്ക് കടന്നുവന്നത്. പിന്നീട് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചു. രണ്ട് വട്ടം മിസ്റ്റര്‍ ഇന്ത്യ ജേതാവാകാനും അബു സലിമിന് സാധിച്ചു.

Content Highlight: Abu Salim saying he got notable characters after Bheeshma Parvam movie

We use cookies to give you the best possible experience. Learn more