| Saturday, 8th November 2025, 6:34 pm

അബു അരീക്കോടിനെ മരിച്ച നിലയില്‍ കണ്ടെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊണ്ടോട്ടി: കോഴിക്കോട്ട് കോളേജ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. താമരശേരി മര്‍കസ് ലോ കോളേജ് വിദ്യാര്‍ത്ഥി അബു അരീക്കോടാണ് മരണപ്പെട്ടത്. വിദ്യാര്‍ത്ഥിയെ താമസ സ്ഥലത്ത് നിന്നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സമൂഹ മാധ്യമങ്ങളിലും പുറത്തുമായി പ്രവര്‍ത്തിച്ചിരുന്ന സി.പി.ഐ.എമ്മിന്റെ സജീവ പ്രചാരകരില്‍ ഒരാളായിരുന്നു അബു അരീക്കോട്.

അബുവിന്റെ മരണത്തില്‍ മുന്‍ മന്ത്രിയും എം.പിയുമായ കെ. രാധാകൃഷ്ണന്‍, കെ.ടി. ജലീല്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. ‘അബു അരീക്കോട് ഇനി യുട്യൂബില്‍ വരില്ല’ എന്ന വാചകത്തോടെ കെ.ടി. ജലീല്‍ ഫേസ്ബുക്കില്‍ അനുശോചന കുറിപ്പ് പങ്കുവെക്കുകയായിരുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

‘ജീവിതത്തോട് പൊരുതി നിന്നിരുന്ന സാമൂഹ്യ പ്രവര്‍ത്തകനാണ് അബു അരീക്കോട്. ജനിച്ച കാലം തൊട്ട് യുവാവായി നിയമ പഠനം നടത്തുന്ന നാള്‍ വരെയും പ്രയാസകരമായ കുടുംബ പശ്ചാത്തലത്തിലൂടെ കടന്നുപോയ അബു, അഭിമാനം അടിയറ വെക്കാതെയാണ് അവസാന നിമിഷം വരെ ജീവിച്ചത്. അരീക്കോട്ടുകാരന്‍ അബു രാഷ്ട്രീയത്തില്‍ ഒഴുക്കിനെതിരെ നീന്താനാണ് എന്നും ഇഷ്ടപ്പെട്ടത്.

നിലപാടുകളും അഭിപ്രായങ്ങളും പേറി ദുരിതപര്‍വ്വങ്ങള്‍ താണ്ടേണ്ടി വന്നപ്പോഴും ആരുടെ മുമ്പിലും ആദര്‍ശം അബു അടിയറ വെച്ചില്ല. യുട്യൂബര്‍ എന്ന നിലയില്‍ കടുത്ത രാഷ്ട്രീയ വിമര്‍ശനങ്ങള്‍ അദ്ദേഹം നടത്തിയിരുന്നു.

അതൊന്നും ആരോടെങ്കിലുമുള്ള വ്യക്തി വിദ്വേഷം കൊണ്ടല്ല. താന്‍ ശരിയെന്ന് ഉറച്ചു കരുതുന്ന രാഷ്ട്രീയത്തോടുള്ള അതിരുകളില്ലാത്ത അടുപ്പം കൊണ്ടാണ്. ഇടതു വേദികളില്‍ കത്തിക്കയറിയിരുന്ന പ്രഭാഷകനും കൂടിയാണ് അകാലത്തില്‍ അരങ്ങൊഴിഞ്ഞത്.

അഭിമാനബോധം അത്രമേല്‍ ഉള്ള സാധാരണ മനുഷ്യര്‍, അബുവിന്റെ വഴി തെരഞ്ഞെടുക്കുന്നത് തോല്‍ക്കാനുള്ള മടികൊണ്ടാണ്. ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ എല്ലാവരും പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നവരാണ്. ഏതുമലയേയും നേരിടാനാകും എന്ന ഉള്‍ക്കരുത്തോടെ ചടുലമായി കുതിക്കണം.

എല്ലാ ദുഃഖങ്ങളും മനസിന്റെ ചെപ്പില്‍ അടച്ചുവെച്ച് ജീവിതത്തിന്റെ അവസാന ലാപ്പുവരെ ഓടിത്തീര്‍ക്കണം. അതിനിടയില്‍ ട്രാക്കില്‍ തട്ടിത്തടഞ്ഞുവീണ സോദരാ, ആദരാഞ്ജലികള്‍,’ കെ.ടി. ജലീലിന്റെ വാക്കുകള്‍.

Content Highlight: Abu Areekode found dead

We use cookies to give you the best possible experience. Learn more