ന്യൂദല്‍ഹി: രാജ്യത്തെ തെരഞ്ഞെടുപ്പ് ബി.ജെ.പിക്ക് വേണ്ടി അട്ടിമറിച്ചെന്നും വോട്ടര്‍മാരെ വഞ്ചിച്ചെന്നുമുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തലുകളെ പ്രതിരോധിക്കാനാകാതെ ബി.ജെ.പിയും തെരഞ്ഞെടുപ്പ് കമ്മീഷനും.
രാഹുലിന്റേത് അസംബന്ധ വിശകലനമാണെന്നായിരുന്നു ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെള്ളിയാഴ്ച പറഞ്ഞത്.
വിഷയത്തില്‍ ഒപ്പിട്ട സത്യവാങ്മൂലം നല്‍കാനോ പരാതി സമര്‍പ്പിക്കാനോ രാഹുല്‍ തയ്യാറായിട്ടില്ലെന്നും തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രചരണം നടത്തിയതിന് രാഹുല്‍ രാജ്യത്തോട് മാപ്പുപറയണമെന്നുമായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത്.
‘ രാഹുല്‍ ഗാന്ധി ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള തന്റെ ആരോപണങ്ങള്‍ ശരിയാണെന്ന് വിശ്വസിക്കുന്നുണ്ടെങ്കില്‍ ആ സത്യവാങ്മൂലത്തില്‍ ഒപ്പിടാന്‍ എന്തിനാണ് മടിക്കുന്നത്.
ഒപ്പിടാത്തിടത്തോളം അദ്ദേഹം പറഞ്ഞ കാര്യങ്ങളിലും കണ്ടെത്തിയ നിഗമനങ്ങളിലും അദ്ദേഹം വിശ്വസിക്കുന്നില്ല എന്നാണ്. ഈ സാഹചര്യത്തില്‍, അദ്ദേഹം രാജ്യത്തോട് ക്ഷമ ചോദിക്കണം. അദ്ദേഹത്തിന് മുന്നില്‍ ഈ രണ്ട് വഴികളേ ഉള്ളൂ,’ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.
വിഷയത്തില്‍ രാഹുല്‍ നിരത്തിയ കണക്കുകളെ പ്രതിരോധിക്കാന്‍ ഇതുവരെ ബി.ജെ.പിക്ക് സാധിച്ചിട്ടില്ല. സൈന്യത്തിന് നേരേയുള്ള പരാമര്‍ശവും ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നേരെയുള്ള പരാമര്‍ശവുമൊക്കെ ചൂണ്ടിക്കാട്ടി തലയൂരുകയാണ് ബി.ജെ.പി.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടക നിയമസഭാ മണ്ഡലത്തില്‍ വന്‍ വോട്ട് തട്ടിപ്പ് കണ്ടെത്തിയതായിട്ടായിരുന്നു രാഹുല്‍ ഗാന്ധി വെളിപ്പെടുത്തിയത്.
ഒരേ വോട്ടര്‍ ഒന്നിലധികം തവണ വോട്ടര്‍ ലിസ്റ്റില്‍ വരുന്നു, ഒന്നിലധികം സംസ്ഥാനങ്ങളില്‍ ഒരേ വോട്ടര്‍, നിലവിലില്ലാത്ത വിലാസങ്ങള്‍, ഒറ്റ വിലാസത്തില്‍ ബള്‍ക്ക് വോട്ടര്‍മാര്‍, വോട്ടര്‍ ഐ.ഡികളില്‍ വേര്‍തിരിച്ചറിയാന്‍ കഴിയാത്ത ഫോട്ടോ, ആദ്യമായി വോട്ട് ചെയ്യുന്നവര്‍ക്കായി ഫോം 6 ദുരുപയോഗം ചെയ്യല്‍ തുടങ്ങി തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതരമായ വെളിപ്പെടുത്തലായിരുന്നു രാഹുല്‍ നടത്തിയത്.
ഭരണകക്ഷിയായ ബി.ജെ.പിയുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നും ഡിജിറ്റല്‍ വോട്ടര്‍ പട്ടിക തങ്ങള്‍ക്ക് നല്‍കാന്‍ കമ്മീഷന്‍ തയ്യാറായില്ലെന്നും രാഹുല്‍ വിമര്‍ശിച്ചിരുന്നു.
Content Highlight: Absurd Analysis Poll Body Slams Rahul Gandhi Over Voter Fraud Charge