| Sunday, 1st March 2026, 9:27 am

'യുദ്ധം വേണ്ട'; യു.എസ്-ഇസ്രായേല്‍ ആക്രമണങ്ങള്‍ക്കെതിരെ നിലപാട് വ്യക്തമാക്കി വിദേശത്തുള്ള ഇറാനിയന്‍ പ്രതിപക്ഷം

അമര്‍നാഥ് എം.

ടെഹ്‌റാന്‍: ഇറാനെതിരായ യു.എസ് – ഇസ്രഈല്‍ ആക്രമണങ്ങള്‍ക്കെതിരെ നിലപാട് വ്യക്തമാക്കി രാജ്യത്തെയും വിദേശത്തുമുള്ള പ്രതിപക്ഷ അംഗങ്ങള്‍. ആക്രമണം ആരംഭിച്ചതിന്റെ ആദ്യ മണിക്കൂറുകളില്‍ തന്നെ ഫാര്‍സി സോഷ്യല്‍ മീഡിയയില്‍ ഇരുപക്ഷത്തുമുള്ളവര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെച്ചു.

യുദ്ധവിരുദ്ധ പ്രവര്‍ത്തകര്‍ ‘നോ ടു വാര്‍’ എന്ന ഫാര്‍സി ഹാഷ്ടാഗ് ഉയര്‍ത്തിക്കൊണ്ടുവരാന്‍ തിടുക്കം കാട്ടിയപ്പോള്‍, ഇറാനെതിരായ ആക്രമണങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ റെസ പഹ്ലവിയുടെ നേതൃത്വത്തിലുള്ള രാജവാഴ്ച അനുകൂല ഗ്രൂപ്പുകളും വ്യക്തികളും ശനിയാഴ്ച ആഹ്വാനം ചെയ്തു.

ഇസ്രഈലുമായി ബന്ധമുള്ള അവസാന ഷായുടെ മകനായ പഹ്‌ലവി ഇറാനില്‍ രാജവാഴ്ച പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രസ്ഥാനത്തിന്റെ അമരക്കാരനാണ്. കഴിഞ്ഞവര്‍ഷം ഇസ്രഈലും ഇറാനും തമ്മിലുണ്ടായ 12 ദിവസത്തെ യുദ്ധത്തിന് ശേഷം പ്രതിപക്ഷ ശബ്ദങ്ങള്‍ക്കെതിരെ അദ്ദേഹത്തിന്റെ ക്യാമ്പ് ആക്രമണാത്മകമായ പ്രചരണം നടത്തിയിരുന്നു.

ഇറാനിയന്‍ ഭരണകൂടത്തിന്റെ വിമര്‍ശകനായ പനാ ഫര്‍ഹദ്ബഹ്‌മാന്‍ രാജ്യത്തിന് നേരെയുണ്ടായ വിദേശ സൈനിക നടപടിയെ ശക്തമായി വിമര്‍ശിച്ചു. യു.എസ് ആക്രമണങ്ങള്‍ക്ക് ആഹ്വാനം ചെയ്ത പഹ്‌ലവി അനുകൂലികളെ 1979ലെ വിപ്ലവ കാലത്ത് ഇസ്‌ലാമിക് റിപബ്ലിക്കിനെ അനുകൂലിച്ചവരുമായാണ് ഫര്‍ഹദ്ബഹ്‌മാന്‍ ഉപമിച്ചത്.

ഓര്‍ക്കുക, ഇത് ഇനി 1979 അല്ല. നിങ്ങള്‍ പറയുന്നതും ചെയ്യുന്നതും രേഖപ്പെടുത്തപ്പെടും. നാളെ നിങ്ങളുടെ കുട്ടികളോടോ, ഭാവി തലമുറയോടോ, ചരിത്രത്തോടോ ‘നമ്മള്‍ അവിടെ ഉണ്ടായിരുന്നില്ല, നമ്മള്‍ അത് ചെയ്തില്ല, നമ്മള്‍ അത് കണ്ടില്ല’ എന്ന് പറയാന്‍ കഴിയില്ല,’ ഫര്‍ഹദ്ബഹ്‌മാന്റെ പോസ്റ്റിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സൈനികവും സുപ്രധാനവുമായ അടിസ്ഥാന സൗകര്യങ്ങള്‍ നശിപ്പിക്കുന്നതിലൂടെ, ഇസ്രഈലും അമേരിക്കയും ചെലുത്തുന്ന സമ്മര്‍ദ്ദം ഇസ്‌ലാമിക് റിപ്പബ്ലിക്കിനുമേല്‍ മാത്രമല്ലെന്നും ഭാവിയിലെ ഏതൊരു സര്‍ക്കാരിനും നേരെയാണെന്നും അദ്ദേഹം പറയുന്നു. ജനങ്ങളുടെ സ്വാതന്ത്ര്യമോ ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ പതനമോ പോലും ആഗ്രഹിക്കുന്നില്ല. നാളത്തെ ഇറാനെ ദുര്‍ബലപ്പെടുത്താന്‍ അവര്‍ ആഗ്രഹിക്കുന്നെന്നും ഫര്‍ഹദ്ബഹ്‌മാന്‍ തന്റെ മറ്റൊരു പോസ്റ്റില്‍ പറയുന്നു.

1925 മുതല്‍ 1950 വരെ ഇറാനെ ഇരുമ്പുമുഷ്ടി ഉപയോഗിച്ച് ഭരിച്ച പഹ്‌ലവിയുടെ പിതാവിന്റെയും മുത്തശ്ശന്റെയും ചില ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പലരും പങ്കുവെക്കുന്നുണ്ട്. പഹ്‌ലവിയെ പിന്തുണക്കുന്ന വിദേശ രാജ്യങ്ങളുടെ പതാകകള്‍ക്കൊപ്പമാണ് ഇത്തരം ചിത്രങ്ങള്‍ പങ്കുവെക്കുന്നത്. പഹ്‌ലവിക്കെതിരെ വിമര്‍ശനം ശക്തമാകുന്നതിനിടയിലാണ് ഈ ചിത്രങ്ങള്‍ പങ്കുവെക്കപ്പെടുന്നത്.

1925ല്‍ ബ്രിട്ടന്റെ പിന്തുണയോടെ പഹ്‌ലവിയുടെ മുത്തശ്ശനും 1950ല്‍ സി.ഐ.എയുടെ പിന്തുണയോടെ അച്ഛനും അട്ടിമറിയിലൂടെ അധികാരത്തിലെത്തിയപ്പോള്‍ ഇസ്രഈല്‍ പതാകയുടെ അരികിലായാണ് റാസ പഹ്‌ലവിയുടെ ചിത്രത്തെ പലരും പ്രതിഷ്ഠിച്ചത്.

ഇസ്രഈലുമായി പഹ്‌ലവിക്കുള്ള ബന്ധമാണ് ഇറാന് പുറത്തുള്ള പല പ്രതിപക്ഷ നേതാക്കള്‍ക്കും അസ്വസ്ഥതയുണ്ടാക്കുന്ന ഭാഗം. വലിയ വിമര്‍ശനങ്ങള്‍ക്ക് ഇത് വഴിവെക്കുകയാണ്.

ആക്രമണയുദ്ധം ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. ഇത്തരം യുദ്ധങ്ങള്‍ രാജ്യത്തിന്റെ കഷ്ടപ്പാടും വേദനയും വര്‍ദ്ധിപ്പിക്കുന്നു. അത് സ്വാതന്ത്ര്യമോ പുരോഗതിയോ സമാധാനമോ കൊണ്ടുവരുന്നില്ല. വ്യക്തമായ അവസാനമില്ലാത്ത അനന്തമായ കുഴപ്പങ്ങളിലേക്കാണ് ഇതെല്ലാം നയിക്കുന്നത്,’ വിദേശത്തുള്ള പ്രതിപക്ഷ പ്രസ്ഥാനമായ തൂഫാന്‍ ഗ്രൂപ്പ് അഭിപ്രായപ്പെട്ടു.

കഴിഞ്ഞദിവസം ഇറാന്‍ നഗരമായ മിനാബിലെ സ്‌കൂളില്‍ നടന്ന ബോംബാക്രമണത്തില്‍ 115 പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനെ പലരും അപലപിച്ചു. യുദ്ധത്തെ പിന്തുണക്കുന്ന ഇറാനികളോട് മിനാബിലെ പാസ്റ്റര്‍ സംസാരിക്കുന്ന വീഡിയോ ശ്രദ്ധിക്കപ്പെട്ടു.

‘ഇറാനികളുടെ മരണത്തിന് നിങ്ങള്‍ ഉത്തരവാദികളാണ്. ട്രംപിനോട് സഹായം ചോദിച്ച നിങ്ങള്‍, മരിച്ച ഇറാനികള്‍ക്കായി നാളെ മാര്‍ച്ച് നടത്തരുത്. ട്രംപ് ആരംഭിച്ച യുദ്ധത്തില്‍ കൊല്ലപ്പെട്ട ആളുകളുടെ രക്തം നിങ്ങളുടെ കൈകളിലുണ്ട്,’ പാസ്റ്റര്‍ മോണ പഹ്‌ലെവാനി പറഞ്ഞു.

Content Highlight: Abroad Opposition in Iran saying No To War after Israel’s Attack

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more