| Friday, 13th February 2026, 4:00 pm

നിവിൻ അടിമുടി അഴിഞ്ഞാടാൻ സാധ്യതയുള്ള ഒരു സ്ക്രിപ്റ്റാണത്; 'ആക്ഷൻ ഹീറോ ബിജു ടു' സ്ക്രിപ്റ്റ് പൂർത്തിയായതായിരുന്നു: എബ്രിഡ് ഷൈൻ

നന്ദന എം.സി

മലയാളികൾക്ക് അടുത്ത വീട്ടിലെ പയ്യൻ എന്ന പ്രതീതി തന്ന പ്രിയ താരമാണ് നിവിൻ പോളി. കരിയറിൽ ചെറിയൊരു ബ്രേക്ക് ഡൗൺ വന്നെങ്കിലും തിരിച്ചു വരവ് ഒരു ഒന്നൊന്നര വരവായിരുന്നു. അഖിൽ സത്യന്റെ സർവം മായ നിവിന്റെ കരിയറിലെ ആദ്യ 100 കോടി കളക്ഷനും സ്വന്തമാക്കിയിരുന്നു.

താരത്തിന്റെ കരിയറിലെ മറ്റൊരു ഹിറ്റായിരുന്നു 2016ൽ പുറത്തിറങ്ങിയ ആക്ഷൻ ഹീറോ ബിജു. അതുവരെ കണ്ടുകൊണ്ടിരുന്ന പൊലീസ് സിനിമകളിൽ നിന്നും വ്യത്യസ്തമായ രീതിയിൽ, വ്യത്യസ്ത സ്റ്റൈലിൽ ഒരുക്കിയ ചിത്രമായതിനാൽ തന്നെ പ്രേക്ഷകർക്ക് കൂടുതൽ കണക്ട് ആയ ഒരു സിനിമയായിരുന്നു ആക്ഷൻ ഹീറോ ബിജു.

നിവിൻ പോളി, Photo: IMDb

ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രേക്ഷകർ ഏറെ കാത്തിരുന്ന ഒന്നായിരുന്നു, എന്നാൽ ചില സാങ്കേതിക പ്രശ്നങ്ങൾ മൂലം അത് നടക്കാതെ പോവുകയായിരുന്നു. ഇപ്പോളിതാ തിരക്കഥാകൃത്ത് എബ്രിഡ് ഷൈൻ ആക്ഷൻ ഹീറോ ബിജു സിനിമയെ കുറിച്ചും നിവിൻ പോളിയെക്കുറിച്ചും സംസാരിക്കുകയാണ്. റെഡ് എഫ്. എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആക്ഷൻ ഹീറോ ബിജു 2ന്റെ സ്ക്രിപ്റ്റ് കംപ്ലീറ്റ് ആയതാണ്. ഇതിന് മുമ്പത്തെ സ്ക്രിപ്റ്റ് പോലെയല്ല. സ്ക്രിപ്റ്റ് മുഴുവൻ കംപ്ലീറ്റ് ആക്കി, ഡയലോഗ് വരെ കംപ്ലീറ്റ് ആക്കി ബൈൻഡ് ചെയ്ത് ഞാൻ നിവിന്റെ കയ്യിൽ കൊണ്ടു കൊടുത്തതാണ്. നിവിന്റെ കയ്യിലുണ്ട് ആ സ്ക്രിപ്റ്റ്. ഞാൻ സാധാരണയായി അങ്ങനെ ചെയ്യാറില്ല, പക്ഷെ ബിജു 2വിന് വേണ്ടി അങ്ങനെ ചെയ്തു.

ആക്ഷൻ ഹീറോ ബിജു, Photo: IMDb

ഇനി ഷൂട്ട് തുടങ്ങിയാൽ മതി എന്ന മട്ടിലായിരുന്നു. പക്ഷെ അത് ചില ഇന്റേണൽ ആയിട്ടുള്ള തർക്കങ്ങളും, വളരെ സ്നേഹമുള്ള പേഴ്സണൽ ആയ തർക്കങ്ങളും മൂലമാണ് പിന്നെ നിന്നുപോയത്. റീസ്റ്റാർട്ട് ചെയ്യുമോ എന്നൊന്നും പറയാനുള്ള ആളല്ല ഞാൻ. ഒരു കാലത്തും ആ വിഷയത്തെ കുറിച്ച് ഞാൻ സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല. അത് വിവാദമായപ്പോൾ എന്നെ എല്ലാ മാധ്യമങ്ങളിൽ നിന്നും വിളിച്ചിരുന്നു, എന്നാൽ ഞാൻ ഒന്നിനും മറുപടി കൊടുത്തിരുന്നില്ല.

ഇനി അത് നടക്കാതെ പോയത് എന്റെ കുഴപ്പം കൊണ്ടാണെങ്കിൽ, അങ്ങനെയാണ് ആളുകൾ വിചാരിക്കുന്നതെങ്കിൽ അങ്ങനെ വിചാരിക്കട്ടെ എന്ന് കരുതിയാണ്. ആരെയും കുറ്റപ്പെടുത്താനോ ഒന്നും സംസാരിക്കാനോ ഇല്ല. ആക്ഷൻ ഹീറോ ബിജു 2 ഒരു കൊമേർഷ്യൽ സിനിമയായിട്ടാണ് എഴുതിയത്, പക്ഷെ അടിമുടി നിവിന് അഴിഞ്ഞാടാൻ സാധ്യതയുള്ള സ്ക്രിപ്റ്റാണ് അത്,’ എബ്രിഡ് ഷൈൻ പറഞ്ഞു.

നിവിൻ പോളിയും പി എസ് ഷംനാസും ചേർന്നായിരുന്നു ചിത്രത്തിന്റെ രണ്ടാം ഭാഗം നിർമ്മിക്കാൻ നിശ്ചയിച്ചിരുന്നത്. 2016 ഫെബ്രുവരി നാലിന് തിയറ്ററുകളിലെത്തിയ ‘ആക്ഷൻ ഹീറോ ബിജു’ ബോക്‌സ് ഓഫീസിൽ വലിയ വിജയമായിരുന്നു.

Content Highlight: Abrid Shine talk about The movie Action hero biju

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more