| Sunday, 18th October 2026, 10:12 pm

അവരുടെ മാപ്പ് അംഗീകരിക്കുന്നില്ല; അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയ എ.ബി.പിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് നേഹ സിങ് റാത്തോഡ്

റെന്വര്‍ പി

ന്യൂദല്‍ഹി: ഉത്തര്‍ പ്രദേശിലെ ബി.ജെ.പി സര്‍ക്കാരിനെ വിമര്‍ശിക്കാരുള്ള ഭോജ്പൂരി നാടന്‍പാട്ട് ഗായിക നേഹാ സിങ് റാത്തോഡിനെതിരെ സംപ്രേഷണം ചെയ്ത വ്യാജവാര്‍ത്തയില്‍ എ.ബി.പി ന്യൂസ് നെറ്റ് വര്‍ക്ക് മാപ്പ് പറഞ്ഞു. എന്നാല്‍ മാപ്പ് തള്ളിയ റാത്തോഡ് മാധ്യമ സ്ഥാപനത്തിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചു.

ഹോസ്റ്റല്‍ കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റ് നടക്കുന്നവെന്ന് ആരോപിക്കുന്ന ഒരു വാര്‍ത്തയില്‍
നേഹാ സിങ് റാത്തോഡിന്റെ പേരും ചിത്രവും എ.ബി.പി ന്യൂസ് ഉപയോഗിച്ചിരുന്നു. ഈ സംഭവത്തിലാണ് ഇപ്പോള്‍ മാധ്യമ സ്ഥാപനം മാപ്പ് പറയുന്നത്. എന്നാല്‍ തനിക്കെതിരെ അപകീര്‍ത്തികരമായ വ്യാജ വാര്‍ത്ത നല്‍കിയ സ്ഥാപനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് റാത്തോഡ് വ്യക്തമാക്കി.

എ.ബി.പി ന്യൂസിന്റെ നടപടിയെ ഗായിക ശക്തമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. തന്റെ വ്യക്തിത്വത്തെയും അന്തസ്സിനെയും മനപൂര്‍വം അധിക്ഷേപിക്കാനുള്ള ശ്രമമാണിതെന്ന് അവര്‍ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു. ഭരണകൂടത്തോടും അധികാരികളോടും ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ നിന്ന് തന്റെ ശ്രദ്ധതിരിക്കാനും സ്വഭാവഹത്യ നടത്താനുമാണ് ഇത്തരം വ്യാജ റിപ്പോര്‍ട്ടുകളിലൂടെ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് നേഹ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ ദേശീയ വനിതാ കമീഷന്‍ ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.

എ.ബി.പി ന്യൂസ് വാര്‍ത്തയ്ക്ക് ശേഷം സമൂഹ മാധ്യമങ്ങളില്‍ തന്നോട് പലരും മോശമായി പെരുമാറുന്നുണ്ടെന്ന് നേഹ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു.

‘ഒരു വ്യാജ വാര്‍ത്താ റിപ്പോര്‍ട്ട് സംപ്രേഷണം ചെയ്തതിലൂടെ, എ.ബിപി ന്യൂസ് എന്നെ ഒരു ലൈംഗിക തൊഴിലാളിയായി മുദ്രകുത്തി. ഇപ്പോള്‍ ആളുകള്‍ എന്നോട് എന്റെ നിരക്ക് ചോദിക്കുന്നു. എ.ബി.പി ന്യൂസ് മാപ്പ് പറഞ്ഞാല്‍, എന്നെക്കുറിച്ച് ആളുകളുടെ മനസ്സില്‍ വേരുറച്ച ഈ കിംവദന്തികള്‍ ഇല്ലാതാകുമോ? മാപ്പ് പറയുന്നത് കുറ്റകൃത്യത്തെത്തന്നെ ഇല്ലാതാക്കുന്നുണ്ടോ?,’ അവര്‍ പറഞ്ഞു.

‘എ.ബി.പി ന്യൂസ് റിപ്പോര്‍ട്ടില്‍ എന്റെ പേര് വന്നത് അബദ്ധവശാലല്ല. എന്നെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടിത്തന്നെ മെനഞ്ഞെടുത്ത ഒരു കഥയായിരുന്നു അത്. ഇതൊരുതരം കരാര്‍ പത്രപ്രവര്‍ത്തനം ആണ്. ഒരു വ്യക്തിയുടെ സല്‍പ്പേര് നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാത്രം ചെയ്യുന്നതും, ഐടി സെല്ലുകള്‍ക്ക് ദുരുപയോഗം ചെയ്യാന്‍ പാകത്തില്‍ സ്‌ക്രീന്‍ഷോട്ടുകള്‍ പോലുള്ള തെളിവുകള്‍ ഒരുക്കിക്കൊടുക്കുന്നതുമായ ഒരു രീതിയാണിത്.

അവരുടെ വ്യാജ റിപ്പോര്‍ട്ടിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ എന്നെന്നേക്കുമായി ഓണ്‍ലൈനില്‍ അവശേഷിക്കും, അവ എനിക്കെതിരെ തുടര്‍ന്നും ഉപയോഗിക്കപ്പെടും. എനിക്കുണ്ടായ ഈ നാശനഷ്ടങ്ങള്‍ക്ക് മാപ്പ് പറയുന്നതിലൂടെ പരിഹാരം കാണാന്‍ കഴിയുമോ? എനിക്ക് മാപ്പ് വേണ്ട, എനിക്ക് നീതിയാണ് വേണ്ടത്,’ നേഹ സിങ് റാത്തോഡ് പറഞ്ഞു.

സമൂഹ മാധ്യമങ്ങളിലും എ.ബി.പി ന്യൂസിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മാധ്യമ സ്ഥാപനം ക്ഷമാപണം നടത്തിയത്. ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ക്ഷമാപണം.

‘ഭോജ്പൂരി നാടന്‍പാട്ട് ഗായിക നേഹാ സിങ് റാത്തോഡുമായി ബന്ധപ്പെട്ട് എ.ബി.പി നെറ്റ്‌വര്‍ക്കിന്റെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ സംപ്രേഷണം ചെയ്ത വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്ന് കണ്ടെത്തി. തെറ്റായ രീതിയില്‍ വാര്‍ത്ത നല്‍കിയതില്‍ ഞങ്ങള്‍ ഖേദം പ്രകടിപ്പിക്കുകയും ആത്മാര്‍ത്ഥമായി മാപ്പുപറയുകയും ചെയ്യുന്നു,’ എന്നായിരുന്നു എ.ബി.പിയുടെ ക്ഷമാപണ പോസ്റ്റ്.

Content Highlight: ABP Apologies For Fake News Against Neha Singh Rathod

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more