കഴിഞ്ഞ വർഷം പുറത്തിറങ്ങിയ കളങ്കാവൽ മലയാള സിനിമയുടെ പതിവ് ചട്ടകൂടങ്ങൾ തകർത്തെറിഞ്ഞ ഒരു ചിത്രമായിരുന്നു. മഹാനടൻ മമ്മൂട്ടി പ്രതിനായകനായും വിനായകൻ നായകനായും എത്തിയതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടിയും വിനായകനും തങ്ങളുടെ കഥാപാത്രങ്ങളിലൂടെ ശക്തമായ അഭിനയമികവ് കാഴ്ചവെച്ചു. ഇരുപത്തിയൊന്നോളം നായികമാർ ഉണ്ടായിരുന്നതും ചിത്രത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചു.
തിയേറ്റർ റിലീസിന് ശേഷം വ്യാപക ചർച്ചകൾക്ക് വഴിയൊരുക്കിയ കളങ്കാവൽ ഒ.ടി.ടി റിലീസിനുശേഷവും സോഷ്യൽ മീഡിയയിൽ ശക്തമായ സംവാദങ്ങൾക്ക് ഇടയാക്കുകയാണ്.
കളങ്കാവൽ, Photo: YouTube: Screengrab
ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച സ്റ്റാൻലി ദാസ് സ്ത്രീകളെ വശീകരിച്ച് പ്രണയത്തിലാഴ്ത്തുകയും, ലൈംഗികബന്ധത്തിന് ശേഷം അവരെ കൊലപ്പെടുത്തുകയും, അവർ മരിച്ചതറിഞ്ഞ് പൂർണ സന്തോഷവാനാവുകയും ചെയ്യുന്ന ഒരു സൈക്കോ കഥാപാത്രമാണ്. എന്നാൽ സ്റ്റാൻലിക്കൊപ്പം തന്നെ പ്രേക്ഷകരെ കുഴപ്പിക്കുകയും പിടിച്ചിരുത്തുകയും ചെയ്ത മറ്റൊരു കഥാപാത്രമാണ് വിനായകൻ അവതരിപ്പിച്ച എസ്.ഐ. ജയകൃഷ്ണൻ എന്ന ‘നത്ത്’. മമ്മൂട്ടിക്കൊപ്പം മിന്നുന്ന പ്രകടനമാണ് വിനായകനും ചിത്രത്തിൽ കാഴ്ചവെച്ചത്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ചിത്രത്തിലെ ഒരു ചെറുതാണെങ്കിലും നിർണായകമായ ഒരു രംഗത്തെക്കുറിച്ചാണ്. തന്റെ മകളോടൊപ്പം വിനായകൻ കളിച്ച് ജയിക്കുമ്പോൾ ‘കുറേ കാലം കഴിഞ്ഞ് ഞാനും അച്ഛന്റത്ര വലുതായിട്ട് അച്ഛനെ തോൽപ്പിക്കും’ എന്ന് പറയുന്നൊരു സീൻ.
ആ വാക്കുകൾ കേൾക്കുന്ന നിമിഷം വരെ മുഖത്ത് നിറഞ്ഞിരുന്ന ജയകൃഷ്ണന്റെ ചിരി പെട്ടെന്ന് മാഞ്ഞുപോകുന്നു. അസ്വസ്ഥനായി അയാൾ അവിടെ നിന്ന് മാറി ജനാലക്കരയിൽ നിന്നുകൊണ്ട് സിഗരറ്റ് വലിക്കുന്നു.
വിനായകൻ , Photo: JeoHotstar/ Screengrab
ആ നിശബ്ദ നിമിഷം നത്തിന്റെ മനസ്സിലൂടെ എന്താണ് കടന്നുപോയത് എന്നതാണ് ഇപ്പോൾ പ്രേക്ഷകർ ചർച്ച ചെയ്യുന്നത്.
ഒരുപക്ഷെ തോൽവിയെ ഒരിക്കലും അംഗീകരിക്കാനാകാത്ത, അത് തന്റെ വേരറുക്കലായി കാണുന്ന ഒരാളാണ് നത്ത് ജയകൃഷ്ണൻ. മകൾ പോലും തന്നെ തോൽപ്പിക്കുമെന്ന് പറയുമ്പോൾ അയാൾ ഉള്ളിൽ തകർന്നുപോകുന്നു. ഒരു വാക്കോ സംഭാഷണമോ ഇല്ലാതെ, വിനായകൻ മുഖഭാവം കൊണ്ട് മാത്രം ആ വികാരം പ്രകടമാക്കുകയായിരിക്കാം എന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
അതുമല്ലെങ്കിൽ മകൾ വളർന്ന് വലുതാകുമെന്ന ചിന്ത അയാളെ ഭയപ്പെടുത്തുന്നു. ചിത്രത്തിൽ സ്ത്രീകൾ നേരിടുന്ന ക്രൂരതകൾ ഓർക്കുമ്പോൾ, തന്റെ മകൾക്കും ഈ സമൂഹത്തിൽ അതേ വിധി സംഭവിക്കുമോ എന്ന ആശങ്കയും രണ്ട് പെൺമക്കളുടെ അച്ഛനായ ഒരാളുടെ സ്വാഭാവിക പേടിയുമായിരിക്കാം.
മമ്മൂട്ടി , Photo: JeoHotstar/ Screengrab
അതോടൊപ്പം തന്നെ, താൻ അന്വേഷിച്ചുകൊണ്ടിരിക്കുന്ന കേസിൽ തുടർച്ചയായി പരാജയപ്പെടുന്നുവെന്ന തിരിച്ചറിവും ജയകൃഷ്ണനെ വേട്ടയാടുന്നുണ്ട്. ഇതുവരെ ഒരിക്കലും പരാജയപ്പെട്ടിട്ടില്ലാത്ത ഒരു പോലീസ് ഓഫീസറുടെ ആത്മസംഘർഷം ആ നിശ്ശബ്ദതയിൽ ഒളിഞ്ഞിരിക്കുന്നു എന്നതും പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ഈ രംഗം ഇനിയും പല രീതിയിൽ വ്യാഖ്യാനിക്കാമെന്നും, ഓരോ പ്രേക്ഷകനും അവരുടെ ജീവിതാനുഭവങ്ങൾക്കനുസരിച്ച് നത്തിന്റെ ആ നിമിഷത്തെ കാണാമെന്നും സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നു. പക്ഷെ, ഇതിലൊന്നിനും സംവിധായകൻ വ്യക്തമായ ഉത്തരമൊന്നും നൽകുന്നില്ല. ആ ചിന്ത പ്രേക്ഷകർക്കായി തുറന്നുവെച്ചിരിക്കുകയാണ്.
നത്ത് എന്ന സി.ഐ. ജയകൃഷ്ണൻ സ്റ്റാൻലി ദാസിനോട് കൂടുതൽ കിടപിടിക്കുന്ന ഒരു കഥാപാത്രമായിരുന്നെങ്കിൽ കളങ്കാവൽ മറ്റൊരു തലത്തിലേക്കുയർന്നേനെ എന്ന ചർച്ചയും സോഷ്യൽ മീഡിയയിൽ ഉയരുന്നു. അതോടൊപ്പം ഒരുപക്ഷേ, രണ്ടാം ഭാഗമുണ്ടെങ്കിൽ നത്തിന്റെ യഥാർത്ഥ രൂപം കാണാൻ കഴിയുമെന്ന പ്രതീക്ഷയുണ്ട്, സ്റ്റാൻലിയെക്കാൾ സൈക്കോയാണ് നത്തെന്ന വിനായകന്റെ കഥാപാത്രം തുടങ്ങി നിരവധി കമന്റുകളും ചർച്ചകളും പ്രേക്ഷകർ ഉയരുന്നു.
Content Highlight: About Vinayakan’s character in the movie Kalamkaval