| Saturday, 11th April 2026, 6:00 pm

മുജീബ് സര്‍: ക്ലാസ്സ് മുറികളിലെ 'സദാചാര' ഗുണ്ടായിസത്തിന്റെ ആള്‍രൂപം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സ്‌കൂള്‍ കാലഘട്ടത്തിലെ മനോഹരമായ ഓര്‍മ്മകള്‍ക്കിടയിലും മായാതെ നില്‍ക്കുന്ന ചില മുറിപ്പാടുകള്‍ പലരിലും കാണും. അത് മിക്കവാറും ഏതെങ്കിലും ഒരു അധ്യാപകന്‍ തന്ന അപമാനത്തിന്റെയോ, അനാവശ്യമായ തല്ലിന്റെയോ ഒക്കെയാവും.

‘വാഴ 2’ എന്ന ചിത്രത്തിലെ വിജയ് ബാബു അവതരിപ്പിച്ച മുജീബ് സര്‍ എന്ന കഥാപാത്രം തിയേറ്ററില്‍ കൈയ്യടി നേടുന്നത് ആ കഥാപാത്രത്തോടുള്ള ഇഷ്ടം കൊണ്ടല്ല, മറിച്ച് നമ്മുടെയൊക്കെ ജീവിതത്തില്‍ വില്ലന്മാരായി വന്ന, അല്ലെങ്കില്‍ നമ്മള്‍ക്ക് കണ്ട് പരിചയമുള്ള അത്തരം അധ്യാപകരോടുള്ള കടുത്ത അമര്‍ഷം കൊണ്ട് കൂടിയാവാം.

കയ്യിലുള്ള അധികാരം കുട്ടികളെ പേടിപ്പിക്കാനും തളര്‍ത്താനും മാത്രം ഉപയോഗിക്കുന്ന, സ്വന്തമായി നിലപാടുകളില്ലാത്ത അധ്യാപകരുടെ ഒരു പ്രതിനിധിയാണ് മുജീബ്.

കുട്ടികളെ തിരുത്താനല്ല, മറിച്ച് തന്റെ ഈഗോ ശമിപ്പിക്കാന്‍ വേണ്ടി മാത്രം തല്ലുന്ന ഒരാള്‍. ഇന്റര്‍വെല്‍ സമയത്ത് കുട്ടികള്‍ ഒന്ന് ചിരിക്കുകയോ ഒരുമിച്ച് നടക്കുകയോ ചെയ്യുന്നത് കണ്ടാല്‍ പോലും സഹിക്കാത്ത അധ്യാപകന്‍.

24 മണിക്കൂറും വായില്‍ മുറുക്കാന്‍ തിരുകി ലഹരിക്കെതിരെ ക്ലാസെടുക്കുന്ന ഇരട്ടത്താപ്പിന്റെ ആള്‍രൂപമെന്ന് മുജീബ് സാറിനെ വിളിക്കാം. കുട്ടികളെ പേടിപ്പിച്ചും ബ്ലാക്ക്മെയില്‍ ചെയ്തും ക്ലാസ്സിലെ രഹസ്യങ്ങള്‍ ചോര്‍ത്തുന്ന അധ്യാപകനാണ് അയാള്‍.

കുട്ടികളെ ശാസനയിലൂടെയല്ല സ്‌നേഹത്തിലൂടെയാണ് തിരുത്തേണ്ടതെന്ന് സഹ അധ്യാപകന്‍ പറയുമ്പോള്‍ പോലും, താനാണ് ശരിയെന്ന് വിശ്വസിക്കുന്നയാളാണ് മുജീബ് സാര്‍. കുട്ടികളെ മാത്രമല്ല, അവരുടെ രക്ഷിതാക്കളെപ്പോലും പരസ്യമായി അപമാനിക്കാന്‍ ഇയാള്‍ക്ക് മടിയില്ല.

ഓരോ കുട്ടിയും ഓരോ വ്യക്തിയാണെന്നും അവര്‍ക്ക് അവരുടേതായ സ്വാതന്ത്ര്യമുണ്ടെന്നും മനസ്സിലാക്കാന്‍ മുജീബ് സാറിന് കഴിയുന്നില്ല. സ്വന്തം ഇടുങ്ങിയ കാഴ്ചപ്പാടിലൂടെ മാത്രമാണ് അയാള്‍ ലോകത്തെ കാണുന്നത്.

ആണ്‍കുട്ടികളുമായി സംസാരിച്ചതിന്റെ പേരില്‍, സുഹൃത്തുക്കള്‍ക്കൊപ്പം ഒരു സിനിമ കണ്ടതിന്റെ പേരില്‍ ഒരു കുട്ടിയെ പരസ്യമായി ആക്ഷേപിക്കുമ്പോള്‍, തകരുന്നത് ആ കുട്ടിയുടെ ആത്മവിശ്വാസമാണെന്ന് അദ്ദേഹം ചിന്തിക്കുന്നില്ല. മുജീബ് സാറിനിട്ട് പിള്ളേര്‍ രണ്ടെണ്ണം പൊട്ടിക്കുമ്പോള്‍ തിയേറ്റര്‍ ഒന്നടങ്കം കൈയ്യടിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.

ജീവിതത്തില്‍ എപ്പോഴെങ്കിലും ഇത്തരം അധ്യാപകരുടെ മുന്‍പില്‍ നിസ്സഹായരായി നിന്നുപോയ ഓരോരുത്തരും അങ്ങനെയൊരു സീന്‍ ആഗ്രഹിക്കുമെന്നതാണ്.

Photo: Vazha Theatrical Release Poster Credit: Instagram

നമുക്കിടയിലുള്ള ഓരോ മുജീബ് സാറുമാരും തിരിച്ചറിയേണ്ട ഒന്നുണ്ട് അത് നിങ്ങള്‍ തരുന്ന അടികളേക്കാള്‍ ആഴത്തില്‍ പതിക്കുന്നത് നിങ്ങള്‍ നല്‍കുന്ന അപമാനങ്ങളാണ് എന്നത് കൂടിയാണ്.

മുജീബ് സാറിനെപ്പോലെയുള്ള അധ്യാപകര്‍ക്ക് ഒരു പ്രത്യേകതയുണ്ട്, തങ്ങള്‍ ചെയ്യുന്നത് വലിയൊരു സാമൂഹിക സേവനമാണെന്നും, തല്ലിയും പേടിപ്പിച്ചും കുട്ടികളെ ‘നന്നാക്കുന്നത്’ കൊണ്ട് അവരൊക്കെ തന്നെ വലിയൊരു ഹീറോയായിട്ടാണ് കാണുന്നതെന്നുമാണ് ഇത്തരക്കാര്‍ കരുതുന്നത്. എന്നാല്‍ ആ സ്വയംനിര്‍മ്മിത സിംഹാസനം തകര്‍ന്നു വീഴുന്ന ഒരു രംഗമുണ്ട് ‘വാഴ 2’-ല്‍.

തന്റെ ഭീഷണികള്‍ക്കും സദാചാര പ്രസംഗങ്ങള്‍ക്കും മുന്നില്‍ വിറച്ചു നില്‍ക്കുന്ന കുട്ടികള്‍ക്ക് ഉള്ളില്‍ തന്നോട് പുച്ഛവും വെറുപ്പും മാത്രമാണെന്ന് അയാള്‍ തിരിച്ചറിയുന്ന രംഗം സിനിമയില്‍ പ്രധാനപ്പെട്ടതാണ്.

അതുവരെ കുട്ടികളുടെ കണ്ണുകളില്‍ ഭയം മാത്രമാണ് അയാള്‍ കണ്ടിരുന്നത്. എന്നാല്‍ ആ ഭയം ബഹുമാനമല്ലെന്നും, അത് വെറും അറപ്പാണെന്നും മുജീബ് സര്‍ തിരിച്ചറിയുന്നുണ്ട്. ഒരു അധ്യാപകന്‍ എന്ന നിലയില്‍ താന്‍ സമ്പൂര്‍ണ്ണ പരാജയമാണെന്ന് ബോധ്യപ്പെടുന്ന ആ നിമിഷം അയാളെ മാനസികമായി തളര്‍ത്തുന്നുണ്ട്.

അധ്യാപനം എന്നത് ഒരു സേവനമോ സ്‌നേഹമോ അല്ലാതെ വെറും ‘അധികാര പ്രയോഗം’ ആയി കാണുന്നവര്‍ക്കുള്ള ശക്തമായ മറുപടിയാണ് ഈ കഥാപാത്രം. വിജയ് ബാബുവിന്റെ കരിയറിലെ തന്നെ മികച്ച പെര്‍ഫോമന്‍സുകളില്‍ ഒന്നായി ‘ചൊറിയന്‍ മുജീബ്’ മാറുന്നതും അതുകൊണ്ട് തന്നെയാണ്.

Content Highlight:  About Vijay Babu’s character, Mujeeb Sir, in the movie Vaazha 2

We use cookies to give you the best possible experience. Learn more