| Saturday, 24th January 2026, 8:03 am

'നുമ്മ സീനാണ്...' ഇതുവരെ കാണാത്ത കൊച്ചിൻ സ്ലാങ്ങിലും സ്റ്റൈലിലും തിളങ്ങി വാൾട്ടറിന്റെ പിള്ളേർ

നന്ദന എം.സി

നവാഗത സംവിധായകൻ അദ്വൈത് നായർ സംവിധാനം ചെയ്ത് അർജുൻ അശോകൻ നായകനായെത്തിയ ചിത്രമാണ് ചത്താ പച്ച. ഡബ്ല്യു.ഡബ്ല്യു.ഇ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഈ ചിത്രത്തിൽ റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് എന്നിവരും മറ്റു പ്രധാന വേഷത്തിലെത്തിയിരുന്നു.

തിയേറ്റർ റിലീസിന് മുൻപ് തന്നെ വലിയ ഹൈപ്പോടെയായിരുന്നു ചത്താ പച്ച പ്രേക്ഷകരുടെ മുന്നിലെത്തിയത്. ആ പ്രതീക്ഷകൾക്ക് ഒട്ടും കുറവുണ്ടാക്കാതെയാണ് സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ചിത്രത്തിൽ മമ്മൂട്ടി കാമിയോ റോളിൽ എത്തുന്നു എന്ന പ്രഖ്യാപനവും സിനിമയോടുള്ള ആവേശം ഇരട്ടിയാക്കിയ ഘടകമായിരുന്നു.

ചത്താ പച്ച, Photo: IMDb

കൊച്ചി മട്ടാഞ്ചേരി പശ്ചാത്തലമാക്കി ഒരുങ്ങിയ ചത്താ പച്ച പൂർണമായും അവിടുത്തെ പിള്ളേരുടെ കഥയാണ് പറയുന്നത്. കൊച്ചിയെ പല സിനിമകളിലൂടെയും കണ്ടിട്ടുള്ള പ്രേക്ഷകർക്ക് പോലും പുതുമ തോന്നുന്ന രീതിയിലാണ് ഈ ചിത്രം നഗരത്തെ അവതരിപ്പിക്കുന്നത്. പതിവ് സിനിമാ ഫ്രെയിമുകളിൽ ഒതുങ്ങുന്ന കൊച്ചിയല്ല, മറിച്ച് തനത് സ്ലാങ്ങും സംസ്കാരവും നാടൻ സ്റ്റൈലുമുള്ളൊരു കൊച്ചിയാണ് ചത്താ പച്ചയിൽ നിറഞ്ഞുനിൽക്കുന്നത്.

മലയാള സിനിമയുടെ കേന്ദ്രമായി മാറിയിരിക്കുകയാണ് ഇന്ന് കൊച്ചി . ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, വാട്ടർ മെട്രോ, ദ്വീപുകൾ, ബോട്ടുകൾ തുടങ്ങി നഗരത്തിന്റെ ദൃശ്യസൗന്ദര്യവും സൗകര്യങ്ങളും പല സിനിമകളെയും ഇവിടേക്ക് ആകർഷിക്കുന്നുണ്ട്. എന്നാൽ ഈ സ്ഥിരം ലൊക്കേഷനുകളിൽ നിന്നും വ്യത്യസ്തമായി, കഥയ്ക്ക് ആവശ്യമായ ഇടങ്ങൾ മാത്രം തെരഞ്ഞെടുത്ത് ചെയ്ത ചിത്രമാണ് ചത്താ പച്ച.

മമ്മൂട്ടി, Photo: X.com

ചിത്രീകരണ സൗകര്യങ്ങളും സാങ്കേതിക സംവിധാനങ്ങളും ഒരിടത്ത് തന്നെ ലഭ്യമാകുന്നതാണ് ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി തുടങ്ങിയ പ്രദേശങ്ങളെ സിനിമാ പ്രവർത്തകരുടെ സ്ഥിരം ലൊക്കേഷനുകളാക്കി മാറ്റിയത്.

ചെലവ് കുറച്ചും എളുപ്പത്തിലും ഷൂട്ടിങ് നടത്താൻ കഴിയുന്ന സാഹചര്യം കൊച്ചിയെ മലയാള സിനിമയുടെ സ്ഥിരം കേന്ദ്രമായി നില നിർത്തുന്നു. താരങ്ങളും സാങ്കേതിക വിദഗ്ധരും ആവശ്യമായ സൗകര്യങ്ങളും ഒരു വിളിപ്പുറത്ത് ലഭ്യമാകുന്നതും കൊച്ചിയെ തെരഞ്ഞെടുക്കാനുള്ള മറ്റൊരു കാരണമാണ്.

അതേസമയം, കഥയുടെ ആവശ്യകത കണക്കിലെടുത്ത് കൊച്ചിയുടെ അതിര് കടന്ന് മറ്റ് പ്രദേശങ്ങളിൽ ചിത്രീകരിക്കുന്ന സിനിമകളും ശ്രദ്ധേയമാണ്.

ചത്താ പച്ച, Photo: YouTube/ Screen grab

എല്ലാ കൊച്ചി സിനിമകളും അവിടുത്തെ അനുഭവം നൽകണമെന്നില്ല. ഇത്തരമൊരു പശ്ചാത്തലത്തിലാണ് പേരുകൊണ്ടുതന്നെ വ്യത്യസ്തമായ ചത്താ പച്ച ശ്രദ്ധ നേടുന്നത്. കൊച്ചിയുടെ മറ്റൊരു സൗന്ദര്യമാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്. ‘ഡു ഓർ ഡൈ’ എന്ന അർഥമുള്ള കൊച്ചിൻ സ്റ്റൈലിലുള്ള ഒരു വാക്കാണിത്. ഈ ഒരു പേരുകൊണ്ടുതന്നെ ഓരോ പ്രേക്ഷകരെയും കൊച്ചി നഗരത്തിലേക്ക് അടുപ്പിക്കുകയാണ് സംവിധായകൻ.

എല്ലാ നാട്ടിലുമുള്ളതുപോലെ കൊച്ചിക്കുമുണ്ട് വേറൊരു മലയാളം. നുമ്മ, സീന്, കബൂറ്, പോണേണ്, ഞങ്ങ, നിങ്ങ, ഡാര്‍ക്ക് തുടങ്ങി കൊച്ചിക്കു പുറത്തുള്ളവർ കേട്ടാല്‍ മലയാളം തന്നെയോ എന്ന് സംശയിക്കുന്നത്രയും വ്യത്യസ്തമായ പദപ്രയോഗം പലതുമുണ്ട്. കേട്ടുപഴകിയതാണെങ്കിലും ഇത്തരം വാക്കുകൾ സിനിമയിൽ പ്രേക്ഷകർക്ക് മറ്റൊരനുഭവമാണ് നൽകിയത്.

ചത്താ പച്ച മട്ടാഞ്ചേരി കേന്ദ്രമായാണ് കഥ പറയുന്നത്. മട്ടാഞ്ചേരിയിലൊരു റെയില്‍വേ സ്റ്റേഷനുണ്ട് തീവണ്ടി പോകാത്തൊരു റെയില്‍വേ സ്‌റ്റേഷന്‍ മട്ടാഞ്ചേരി ഹാള്‍ട്ട്. കാടുപിടിച്ചു കിടക്കുന്നുണ്ടെങ്കിലും കാണാന്‍ നല്ല രസമാണ്. ഫോട്ടോ എടുക്കാനും പറ്റുമെങ്കില്‍ ഒരു സിനിമ ഷൂട്ടു ചെയ്യാനുമൊക്കെ തോന്നിപ്പോകും. ആ സ്‌റ്റേഷനു സമീപത്താണ് ഈ ചത്താ പച്ചയുടെ കഥ നടക്കുന്നത് അതിനാൽ തന്നെ കളര്‍ഫുളായൊരു കഥയും അനുഭവവുമാണ് പ്രേക്ഷകർക്ക് ലഭിച്ചത്.

തീവണ്ടി നിൽക്കാത്ത മട്ടാഞ്ചേരി ഹാൾട്ട് റെയിൽവേ സ്റ്റേഷൻ പോലുള്ള ഇടങ്ങൾ വരെ കഥയുടെ ഭാഗമാകുമ്പോൾ, ചത്താ പച്ച മറ്റു കൊച്ചിൻ സിനിമകളിൽ നിന്നും വ്യത്യസ്താമാവുകയാണ്.

Content Highlight: About the presentation of Kochi in the movie Chatha Pacha

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more