| Wednesday, 15th July 2026, 1:30 pm

സീറോയില്‍ നിന്ന് ഹീറോയിലേക്ക്; നാണക്കേടില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ സ്പാനിഷ് പടയാളി

ഫസീഹ പി.സി.

2026 ഫിഫ ലോകകപ്പിലെ ആദ്യ സെമി ഫൈനലിസ്റ്റുകളായിരിക്കുകയാണ് മുന്‍ ചാമ്പ്യന്‍മാരായ സ്‌പെയ്ന്‍. സെമി ഫൈനലില്‍ കരുത്തരായ ഫ്രാന്‍സിനെ നിഷ്പ്രഭമാക്കിയാണ് ലാ റോജയുടെ ഈ മുന്നേറ്റം. ടൂര്‍ണമെന്റില്‍ ആറ് വിജയങ്ങളും ഒരു സമനിലയും ആറ് ക്ലീന്‍ ഷീറ്റുകളുമായാണ് സ്പാനിഷ് പട രണ്ടാം ഫൈനലിന് ഒരുങ്ങുന്നത്.

ഈ ലോകകപ്പില്‍ ഒരൊറ്റ ഗോളാണ് സ്‌പെയ്ന്‍ ആകെ വഴങ്ങിയത്. എതിരാളികളുടെ വലയിലേക്ക് അടിച്ചുകയറ്റിയതാകട്ടെ 13 ഗോളുകളും. അതില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് സ്ട്രൈക്കര്‍ മൈക്കല്‍ ഒയര്‍സബാല്‍. ഇത്തവണത്തെ ലോകകപ്പില്‍ അയാള്‍ അഞ്ച് തവണയാണ് എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്.

ഇപ്പോള്‍ സ്പാനിഷ് പടയുടെ ഹീറോയാണെങ്കിലും 2026 ലോകകപ്പില്‍ താരത്തിന് മികച്ച തുടക്കമല്ല ലഭിച്ചത്. ചരിത്രത്തില്‍ മറ്റാര്‍ക്കുമില്ലാത്ത നാണക്കേടുമായാണ് ഒയര്‍സബാല്‍ തന്റെ ലോകകപ്പ് അരങ്ങേറ്റം നടത്തിയത്. കേപ്പ് വെര്‍ദെക്കെതിരെയുള്ള മത്സരത്തില്‍ ആദ്യ 30 മിനിട്ടില്‍ താരത്തിന് ഒരു തവണ പോലും പന്ത് കാല്‍കൊണ്ട് തൊടാനായില്ല.

31ാംമിനിട്ടിലാണ് ആദ്യമായി പന്ത് ഒയര്‍സബാല്‍ ടച്ച് ചെയ്തത്. ഇതോടെ ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു മത്സരത്തില്‍ ആദ്യ 30 മിനിട്ടുകളില്‍ ബോള്‍ തൊടാന്‍ സാധിക്കാത്ത ആദ്യ താരം എന്ന അനാവശ്യ റെക്കോഡ് സ്ട്രൈക്കര്‍ തന്റെ തലയില്‍ ചൂടി.

ഒരു സാധാരണ താരം തളര്‍ന്നുപോയേക്കാവുന്ന ഒന്നായിരുന്നു ഇത്. എന്നാല്‍, പിന്നീട് കഥയെല്ലാം മാറി. സ്‌പെയ്‌നിന്റെ രണ്ടാം മത്സരത്തില്‍ തന്നെ ഒയര്‍സബാല്‍ ഉഗ്രന്‍ തിരിച്ചുവരവ് നടത്തി. സൗദി അറേബ്യക്കെതിരെ ലാ റോജ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് വിജയിച്ചപ്പോള്‍ രണ്ട് ഗോളുകളും താരത്തിന്റെ കാലില്‍ നിന്നായിരുന്നു. കൂടാതെ ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു.

ഉറുഗ്വേക്കെതിരെ ഗോളടിക്കാന്‍ സാധിച്ചില്ലെങ്കിലും ടീമിന്റെ വിജയത്തില്‍ അയാള്‍ നിര്‍ണായക സാന്നിധ്യമായിരുന്നു. പിന്നാലെ സ്‌പെയ്ന്‍ നോക്കൗട്ടില്‍ ഓസ്ട്രിയയെ നേരിട്ടപ്പോള്‍ വീണ്ടും ഒയര്‍സബാല്‍ ഇരട്ട ഗോളുമായി തിളങ്ങി. പ്രീ ക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും വല കുലുക്കാന്‍ സാധിച്ചില്ലെങ്കിലും പോര്‍ച്ചുഗലിനെയും ബെല്‍ജിയത്തിനെയും അയാള്‍ വിറപ്പിച്ചു.

പിന്നാലെയിപ്പോള്‍ സെമിയിലും ഒയര്‍സബാല്‍ ഗോള്‍ നേടിയിരിക്കുന്നു. പെനാല്‍റ്റിയിലൂടെ ഫ്രാന്‍സിനെതിരെ സ്‌പെയ്‌നിന് ലീഡ് നല്‍കിയത് അയാളുടെ ഗോളായിരുന്നു. ഈ ലോകകപ്പിലെ തന്റെ അഞ്ചാം ഗോളാണ് താരം 22ാം
മിനിട്ടില്‍ താരം ഫ്രഞ്ച് വലയിലേക്ക് തുളച്ച് കയറ്റിയത്.

ഒപ്പം ഒരു ലോകകപ്പ് എഡിഷനില്‍ സ്‌പെയ്‌നിനായി കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന നേട്ടവും ഒയര്‍സബാല്‍ സ്വന്തമാക്കിയിരുന്നു. എമിലിയോ ബുട്രഗെന്യോക്കും ഡേവിഡ് വിയക്കുമൊപ്പമാണ് താരം ഈ നേട്ടം പങ്കിടുന്നത്.

2026 ലോകകപ്പില്‍ സിറോയില്‍ നിന്ന് തുടങ്ങിയ അയാള്‍ ഇപ്പോള്‍ സ്പാനിഷ് പടയുടെ ഹീറോയായി മാറിയിരിക്കുന്നു. ചിലരുടെ കഥകള്‍ അങ്ങനെയാണ്. നല്ല തുടക്കങ്ങള്‍ ലഭിക്കണമെന്നില്ല. പക്ഷേ, അത് മെല്ലെ പരിണമിച്ച് സുന്ദരമായ ഒരു കവിതയായി മാറും.

Content Highlight: About the performances of Spanish striker Mikel Oyarzabal in FIFA World Cup 2026 so far

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.

We use cookies to give you the best possible experience. Learn more