| Saturday, 14th February 2026, 7:15 pm

'സമൂഹം എന്ത് വിചാരിക്കും മാന്യന്മാര്‍ തെറ്റ് പറയില്ലേ'... സ്പാ ചര്‍ച്ച ചെയ്യുന്ന രാഷ്ട്രീയം

ഐറിന്‍ മരിയ ആന്റണി

മലയാളത്തില്‍ അധികം കണ്ട് പരിചയിച്ചിട്ടില്ലാത്ത അഡള്‍ട്ട് കോമഡി ഴോണറിലറങ്ങിലൊരുങ്ങിയ ചിത്രമാണ് എബ്രിഡ് ഷൈനിന്റെ സ്പാ. മഹാവീര്യറിന് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രം പുരുഷാധിപത്യ സമൂഹത്തിലെ കപടസാദാചാരത്തെയും ഇരട്ടത്താപ്പിനെയും ഹാസ്യരൂപത്തില്‍ അവതരിപ്പിക്കുകയാണ്. പേരുപോലെ തന്നെ ഒരു സ്പായെ ചുറ്റിപറ്റിയാണ് ചിത്രത്തിന്റെ കഥ കിടക്കുന്നത്.

സ്പാ/Theatrical poster

നഗരത്തിലെ പ്രശസ്തമായ ഒരു സ്പായില്‍ പ്രവര്‍ത്തിക്കുന്ന ജോലിക്കാരിലൂടെയും അവിടെ വരുന്ന കസ്റ്റമേഴ്‌സിലൂടെയുമാണ് സിനിമയുടെ കഥ വികസിക്കുന്നത്. പലതരം സ്വഭാവസവിശേഷണമുള്ള പുരുഷന്മാര്‍ ആ സ്പായില്‍ വന്ന് പോകുന്നുണ്ട്. അതില്‍ തങ്ങളുടെ ലൈംഗിക താത്പര്യത്തിന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്ന സ്ത്രീകളാണ് അവിടെ ഉള്ളതെന്ന് വിശ്വസിക്കുന്ന പുരുഷന്മാര്‍ മുതല്‍ ഒന്ന് മസാജ് ചെയ്യാന്‍ വന്നത് ആരും അറിയാതിരിക്കാന്‍ പെടാപാട് പെടുന്ന പുരുഷന്മാര്‍ വരെ കാണാം.

ഇവയെല്ലാം ആക്ഷേപഹാസ്യമെന്നോണമാണ് സംവിധായകന്‍ അവതരിപ്പിച്ചിരിക്കുന്നത്. മലയാളി പുരുഷന്മാരുടെ ലൈംഗിക ദാരിദ്ര്യത്തെ രസകരമായി ആവിഷ്‌കരിച്ചിട്ടുണ്ട്. സമൂഹം എന്ത് വിചാരിക്കും മാന്യന്മാര്‍ തെറ്റ് പറയില്ലേ… എന്ന ആമുഖത്തോടെ തുടങ്ങുന്ന ചിത്രം അതിനുള്ള ഉത്തരങ്ങള്‍ ചിത്രത്തില്‍ നിന്ന് നല്‍കുന്നുണ്ട്.

സ്പായില്‍ ജോലി ചെയ്യുന്ന സ്ത്രീകളെല്ലാം മോശക്കാരാണെന്ന് വിളമ്പുന്ന ആളുകള്‍ക്കുള്ള അടി കൂടിയായിരുന്നു സ്പാ. പകല്‍ മാന്യന്മാരുടെ യഥാര്‍ത്ഥ സ്വഭാവം വെളിച്ചത്ത് വരുമ്പോള്‍ അവര്‍ കാണിക്കുന്ന കാട്ടികൂട്ടലുകളും സിനിമ കാണിക്കുന്നുണ്ട്. സ്പായില്‍ പ്രവര്‍ത്തിക്കുന്ന ജോലിക്കാരുടെ ദുരിത കഥകളൊന്നും സിനിമ പറയുന്നില്ല, മറിച്ച് ഹാസ്യരൂപേണയാണ് കഥ പുരോഗമിക്കുന്നത്.

ഒരു സ്പാ പശ്ചാത്തലമാക്കി മലയാളത്തില്‍ മുമ്പ് ഇങ്ങനെയൊരു സിനിമ വന്നിട്ടില്ല. അതിന്റെ പുതുമ ചിത്രത്തിലുടനീളമുണ്ട്. എന്നാല്‍ അതുവരെ ഒരു ട്രാക്കിലൂടെ സര്‍ക്കാസവും കോമഡിയുമായി ഒഴുക്കില്‍ പോയിരുന്ന ചിത്രം പെട്ടന്ന് ഒരു ആക്ഷന്‍ മൂഡിലേക്ക് പോയത്, ആസ്വാദനത്തെ വല്ലാതെ ബാധിച്ചു. ക്ലൈമാക്‌സില്‍ മറ്റൊരു സിനിമാ കഥ കേറി വന്നത് പോലെയായി.

എങ്ങനെ സിനിമ കൊണ്ടുപോയി അവസാനിപ്പിക്കണം എന്ന് എബ്രിഡ് ഷൈനിന് അറിയാത്തത് പോലെ തോന്നി. ഒരു പൂര്‍ണത കിട്ടിയില്ലെന്ന് മാത്രമല്ല, സിനിമയുടെ പ്ലോട്ടിന് ഒട്ടും ചേരാത്ത ക്ലൈമാക്‌സില്‍ അവസാനിപ്പിച്ചത് പോലെ തോന്നി.

ശ്രുതി മേനോന്‍, രാധിക കൃഷ്ണന്‍, പൂജിത മേനോന്‍, ശ്രീലക്ഷ്മി ഭട്ട്, ശ്രീജ ദാസ്, മേജര്‍ രവി, സിദാര്‍ത്ഥ് ഭരതന്‍, അശ്വിന്‍ കുമാര്‍, പ്രശാന്ത് അലക്‌സാണ്ടര്‍, വിനീത് തട്ടില്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തിയത്. സജിമോന്‍ പാറയിലും സാഞ്ചോ ജെയുമാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.

Content Highlight: About the movie Spa, directed by Abrid Shine

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more