‘ബായ് യമുനാ നായര്‍, മൈ സ്വീറ്റ് ഗേള്‍’ കൂട്ടത്തില്‍ ഒരു ഫ്ലൈയിങ്ങ് കിസും ‘അവിഹിത’ത്തിലെ തയ്യല്‍ക്കാരന്‍ വേണുവേട്ടന്റെ എന്‍ട്രി ഇങ്ങനെയാണ്. സ്ഥലത്തെ പ്രധാന തയ്യല്‍ക്കാരന്‍ വേണുവേട്ടന്‍ മറ്റാരുമല്ല മറിമായത്തിലെ ഉണ്ണിരാജ ആണ്. മലയാള സിനിമയില്‍ കാലുറപ്പിച്ചുകൊണ്ടിരിക്കുന്ന ഹാസ്യതാരങ്ങളില്‍ പ്രധാനിയാണ് ഉണ്ണിരാജ.
മഴവില്‍ മോനരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന മറിമായം എന്ന പരമ്പരയിലൂടെയാണ് ഉണ്ണിരാജ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനാകുന്നത്. കാസര്‍ഗോഡന്‍ ഭാഷ കിടിലനായി സംസാരിക്കുന്ന ഉണ്ണിയെ പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു.
കുട്ടിക്കാലം മുതല്‍ക്കേ കലയോട് അതിയായ സ്നേഹം ഉണ്ടായിരുന്ന ഉണ്ണിരാജ ചെറുപ്പത്തില്‍ സ്‌കൂള്‍ കലോത്സവങ്ങളില്‍ പങ്കെടുക്കണമെന്ന് ആഗ്രഹിച്ചു. കയ്യില്‍ പണം ഇല്ലാതെ വന്നപ്പോള്‍ ആഗ്രഹങ്ങള്‍ അവിടെ അസ്തമിച്ചു. പക്ഷേ ഒരു കലാകാരന്‍ ആവണമെന്ന കനല്‍ അപ്പോഴും ഉള്ളില്‍ ബാക്കിയായിരുന്നു. നാടകം ജീവനായി കൊണ്ടു നടന്നു.
പെയിന്റിങ് പണിക്കും കെട്ടിട്ടനിര്‍മാണത്തിനും പോയി പണം സമ്പാദിച്ചു. പിന്നീട് സ്‌കൂള്‍ കലോത്സവ വേദികളില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കി തുടങ്ങി. നാടകവും മൈമുമെല്ലാം അവരെ പഠിപ്പിക്കാന്‍ തുടങ്ങി. മഴവില്‍ മനോരമയില്‍ ജോലി ചെയ്യുന്ന ഒരു സുഹൃത്ത് വഴി ഉണ്ണിരാജ മറിമായത്തിലെത്തി. ജീവിതത്തിലെ പ്രധാനവഴിത്തിരിവ് അതായിരുന്നു.
സ്വാഭാവിക അഭിനയം കൊണ്ടും ഭാഷ കൈകാര്യം ചെയ്യുന്നതിലെ വൈവിധ്യം കൊണ്ടും ഉണ്ണിരാജ് ചുരുങ്ങിയ കാലം കൊണ്ടു തന്നെ മറിമായത്തിന്റെയും പ്രേക്ഷകരുടെയും സ്വന്തമായി. ഇരുപതെട്ട് വര്‍ഷകാലം കലോത്സവ വേദികളില്‍ നിന്ന് ലഭിക്കാത്ത അംഗീകാരം മറിമായം എന്ന ഒരൊറ്റ പരമ്പരയിലൂടെ അദ്ദേഹത്തിന് കിട്ടി.
മറിമായത്തില്‍ നിന്ന് പതിയെ വെള്ളിത്തിരയിലേക്ക് അദ്ദേഹം ചുവടുവെച്ചു. ഉണ്ണിരാജന്‍ എന്നായിരുന്നു യഥാര്‍ത്ഥ പേര്. അരവിന്ദന്റെ അതിഥികള്‍ എന്ന സിനിമയില്‍ ഡയറക്ടറിന്റെ നിര്‍ദേശ പ്രകാരം പേര് ഉണ്ണിരാജയായി. പിന്നെ ഉണ്ണിരാജ് എന്നും ആളുകള്‍ വിളിക്കാന്‍ തുടങ്ങി.
ഞാന്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച അദ്ദേഹം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ജനപ്രീതി നേടി. കവി രാജേഷ് അമ്പലത്തറയായി സ്‌ക്രീനില്‍ തിളങ്ങി. ഓപറേഷന്‍ ജാവയിലെ അഖിലേഷേട്ടനെയും അത്ര പെട്ടന്ന് ആര്‍ക്കും മറക്കാന്‍ കഴിയില്ല. ഒരൊറ്റ സീനില്‍ ‘അതേ അഖിലേഷട്ടനാണ്’ എന്ന ഒറ്റ ഡയലോഗില്‍ എല്ലാവരെയും അദ്ദേഹം കുടുകുടെ ചിരിപ്പിച്ചു.
പിന്നീട് അരവിന്ദന്റെ അഥിതികള്‍, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ അങ്ങനെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. ഇപ്പോള്‍ അവിഹിതത്തിലെ വേണുവേട്ടന്‍ വരെ എത്തി നില്‍ക്കുന്നു ഉണ്ണിരാജയുടെ സിനിമാ ജീവിതം.
തന്റെ സ്വാഭാവിക അഭിനയം കൊണ്ടും ഭാഷ ശൈലികൊണ്ടും അവിഹിതത്തിലും അദ്ദേഹം മുഴുനീളെ നമ്മെ ചിരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ പ്രകാശന്റെ സംശയം തന്റെ കൂടെ സംശയമാകുന്ന പോയിന്റില്‍ തയ്യല്‍ക്കാരന്‍ വേണുവായി അദ്ദേഹം ജീവിച്ചു.
നാട്ടിന്‍ പുറത്തുക്കാരനായ, സാധാരണക്കാരനായ ഒരു വ്യക്തിയ്ക്ക് അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിലും ആ തന്മയത്വം കൊണ്ടുവരാനാവുന്നു എന്നിടത്താണ് ഉണ്ണിരാജയിലെ കലാകാരന്‍ വിജയിക്കുന്നത്. ഹാസ്യനടനില്‍ നിന്ന് ക്യാരക്ടര്‍ റോളിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര വിദൂരമല്ലെന്ന് ഉറപ്പിക്കാം.
Content highlight: About the character played by Unni raja in the movie Avihitham and the growth of actor Unniraja from the series Marimayam to the movie