| Thursday, 5th February 2026, 8:05 am

പിള്ളേരുടെ കൂടെ കട്ടക്ക് ഹോസ്റ്റൽ വാർഡനും; പ്രശാന്ത് അലക്‌സാണ്ടറുടെ കഥാപാത്രത്തെ ഏറ്റെടുത്ത് പ്രേക്ഷകർ

നന്ദന എം.സി

വൻ ഹൈപ്പോ താരനിരയോ ഇല്ലാതെ തിയേറ്ററുകളിലെത്തി പ്രേക്ഷകരെ കൈയ്യിലെടുത്ത ഹൊറർ–കോമഡി ചിത്രമാണ് ‘പ്രകമ്പനം’. റിലീസായി മൂന്നു ദിവസത്തിനുള്ളിൽ ആഗോളതലത്തിൽ ആറുകോടിയോളം കളക്ഷൻ നേടാൻ ചിത്രത്തിന് കഴിഞ്ഞു. വിജേഷ് പാണത്തൂർ സംവിധാനം ചെയ്ത ചിത്രത്തിൽ കൊച്ചിയിലെ ഒരു മെൻസ് ഹോസ്റ്റലും കണ്ണൂരുമാണ് പ്രധാന പശ്ചാത്തലം. ഹോസ്റ്റൽ ജീവിതത്തിലെ രസകരമായ നിമിഷങ്ങളിലേക്ക് ഹൊറർ എലെമെന്റ്സ് കടന്നുവന്നാൽ എങ്ങനെയിരിക്കും എന്നതാണ് ചിത്രം കാണിക്കുന്നത്.

സാഗർ സൂര്യ, ഗണപതി, അൽ അമീൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രത്തിൽ നിരവധി കഥാപാത്രങ്ങൾ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെങ്കിലും, പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക ഇടം നേടിയ കഥാപാത്രങ്ങളിൽ ഒന്നാണ് ഹോസ്റ്റൽ വാർഡനായി എത്തിയ പ്രശാന്ത് അലക്‌സാണ്ടറുടേത്.

പ്രകമ്പനം, Photo: YouTube/ Screengrab

പതിവ് മലയാള സിനിമകളിൽ കാണുന്ന പിള്ളേരെ പേടിപ്പിക്കുന്ന കർശനകാരനായ വാർഡനല്ല പ്രകമ്പനത്തിൽ. കുട്ടികളോടൊപ്പം കളിച്ചും ചിരിച്ചും, അവരുടെ വൈബിനൊത്തുനിൽക്കുന്ന ഒരു വാർഡനെയാണ് പ്രശാന്ത് അവതരിപ്പിച്ചത്.

വാർഡനെ കാണിക്കുന്ന ഇൻഡ്രോയിൽ എല്ലാവരെയും വിറപ്പിക്കുന്ന തരത്തിൽ പ്രത്യക്ഷപ്പെടുന്ന പ്രശാന്ത് , പിന്നീട് പുണ്യാളൻ, സിദ്ധു, ശങ്കർ എന്നിവരോടൊപ്പം അവരുടെ സന്തോഷത്തിലും പ്രശ്നങ്ങളിലും പങ്കുചേർന്ന്, തമാശനിറഞ്ഞ ഒരാളായി മാറുന്നു.

കോമഡി രംഗങ്ങളിൽ മാത്രമല്ല, ഇമോഷണൽ മുഹൂർത്തങ്ങളിൽ ഒരു താങ്ങായി മാറുന്ന കഥാപാത്രം എന്ന നിലയിലും വാർഡൻ ശ്രദ്ധേയനാകുന്നു. ലഭിച്ച റോൾ ഒട്ടും ബോറടിപ്പിക്കാതെ അതിഗംഭീരമാക്കാൻ പ്രശാന്ത് അലക്‌സാണ്ടറിന് കഴിഞ്ഞിട്ടുണ്ട്.

പ്രശാന്ത് അലക്‌സാണ്ടർ, Photo: Prashanth Alexander/ Facebook

എന്ത് റോൾ കൊടുത്താലും അത് മനോഹരമായി തന്നെ കൈകാര്യം ചെയ്യുന്ന ഒരു നടനാണ് അലക്സാണ്ടർ പ്രശാന്ത് എന്ന് മുൻപ് പലപ്പോഴായി തെളിയിച്ചിട്ടുള്ളതാണ്. ഈ സിനിമയിലും അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇതുപോലൊരു ഹോസ്റ്റൽ വാർഡനെ കിട്ടാൻ ഏതൊരാളും ഒന്ന് കൊതിക്കുകയും ചെയ്യുമെന്നാണ് സിനിമ കണ്ട ഓരോ മലയാളി പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്.

പിള്ളേരുടെ കൂടെ എല്ലാത്തിനും കട്ടക്ക് നിൽക്കുന്ന വാർഡൻ. അതായത് പിള്ളേർക്കൊപ്പം പിള്ളേരെക്കാൾ വൈബായ ഒരു വാർഡൻ, അതായിരുന്നു അലക്സാണ്ടർ പ്രശാന്ത്‌.

വിജേഷ് പാണത്തൂരിന്റെ കഥയ്ക്ക് പുതുമുഖമായ ശ്രീഹരി വടക്കൻ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. കലാഭവൻ നവാസ്, രാജേഷ് മാധവൻ, മല്ലിക സുകുമാരൻ, അസീസ് നെടുമങ്ങാട്, പി.പി. കുഞ്ഞികൃഷ്ണൻ, ഗായത്രി സതീഷ്, ലാൽജോസ്, സനീഷ് പല്ലി, കുടശ്ശനാട് കനകം തുടങ്ങിയവരും ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു. മലയാളത്തിലെ പ്രമുഖ ഇൻഫ്‌ളുവൻസേഴ്‌സും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘പ്രകമ്പനം’, ഹോസ്റ്റൽ ജീവിതത്തിന്റെ ചിരിയും ഭീതിയും ചേർത്ത് പ്രേക്ഷകർക്ക് ഒരു പൂർണ എന്റർടൈൻമെന്റ് പാക്കേജായി മാറുകയാണ്.

Content Highlight: About the character played by Prashanth Alexander in the movie Prakambanam

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more