| Wednesday, 7th January 2026, 10:50 am

പീയൂസ് വില്ലനോ, ഇരയോ?; സിനിമയല്ല, 'എക്കോ' ഒരു ചോദ്യമാണ്

നന്ദന എം.സി

സിനിമ തീരുമ്പോൾ ഉത്തരം ലഭിക്കുന്ന പതിവ് രീതികളോട് പൂർണമായും വിടപറഞ്ഞാണ് സംവിധായകൻ ദിൻജിത്ത് അയ്യത്താൻ പ്രേക്ഷകരെ തിയേറ്ററിൽ നിന്നും മടക്കി വിടുന്നത്. എന്താണ് സിനിമ, എന്താണ് അതിന്റെ കഥ, ആരാണ് വില്ലൻ, ആരാണ് ഇര എന്ന എല്ലാ ചോദ്യത്തിന്റെയും ഉത്തരമില്ലാത്ത ഒരു സിനിമ. എന്നാൽ ഈ ചോദ്യങ്ങളുടെയെല്ലാം ഏറ്റവും മൂർച്ചയുള്ള രൂപങ്ങളിൽ ഒന്ന് സന്ദീപിന്റേതാണ്.

അവനൊരു പേരുണ്ട് പീയൂസ് എന്നാൽ വ്യക്തമായ ഐഡന്റിറ്റിയില്ല. അവന്റെ കഴിഞ്ഞുപോയ കാലം പോലും സിനിമ പൂർണമായും തുറന്നു കാട്ടുന്നില്ല. എന്നിരുന്നാലും സ്‌ക്രീനിൽ അവൻ പ്രത്യക്ഷപ്പെടുന്ന ഓരോ രംഗവും എന്തെങ്കിലും ഒന്ന് ഒളിപ്പിച്ചു വയ്ക്കുന്നവയായിരുന്നു.

Eko, Photo: Netflix/Screen grab

ആ രംഗങ്ങൾ അവനെ വില്ലനായി കാണാൻ നമ്മെ നിർബന്ധിക്കുന്നില്ല. അതേസമയം നിരപരാധിയായ ഒരു ഇരയാക്കി മാറ്റാനും സിനിമ തയ്യാറല്ല.

സിനിമയിലെ പീക്ക് മൊമെന്റിൽ, തന്റെ ശത്രു ജീവൻ രക്ഷിക്കാൻ കെഞ്ചുമ്പോൾ അവൻ പറയുന്ന ആ ബാക്ക് സ്റ്റോറി ആറുവയസ്സുള്ള കുട്ടിയും, തിരുവനന്തപുരത്തെ ഒരു ലോഡ്ജ് മുറിയും, പൊടിയും പുകയുമായി അവസാനിക്കുന്ന മാതാപിതാക്കളുടെ കെട്ടിപ്പിടുത്തവും പ്രേക്ഷകന്റെ മനസ്സിൽ അവന്റെ ജീവിതം വരച്ചിടുന്നു.

‘എനിക്ക് ആറ് വയസുള്ളപ്പോഴാ ഞാൻ ആദ്യമായിട്ട് തിരുവനന്തപുരം കാണുന്നെ. തന്തയും തള്ളയും കൂടി തൊഴാൻ കൊണ്ട് പോയതാ. ചാലക്ക് അടുത്തുള്ളൊരു ലോഡ്ജിലാ മുറിയെടുത്തത്.. ഫ്രൂട്ട് സർബത്ത് കുടിക്കാൻ നുള്ളിപ്പെറുക്കി ഒരു പത്ത് പൈസ കയ്യിൽ തന്നിട്ട് രണ്ടാളും കൂടി മുറിയിൽ കയറി കതകടച്ച്. കെട്ടിപിടിച്ച് കിടന്നായിരുന്നെന്നാ പറയുന്നേ.. സർബത്ത് കുടിച്ച് തിരിച്ച് വന്നപ്പോൾ കണ്ടത് മുഴുവൻ പൊടിയും പുകയുമാ, മേൽക്കൂരയുടെ ഓടൊക്കെ തെറിച്ച് പോയിരുന്നു.

Eko Official Poster, Photo: IMDb

നെഞ്ചിന്റെ നടുക്കൊരു തോട്ട വെച്ചിട്ടായിരുന്നു രണ്ടിന്റേം ഒടുക്കത്തെ കെട്ടിപ്പിടുത്തം റൂമിന്റെ ചുമരിൽ മെത്തയുടെ പഞ്ഞിയും ചില്ലറ ഇറച്ചി കഷണങ്ങളും പറ്റിപ്പിടിച്ചിരിക്കുന്നത് കണ്ടതാ അവരെക്കുറിച്ചുള്ള അവസാനത്തെ ഓർമ. അന്ന് കല്ലായതാടാ ഉള്ളും പുറവും അതിൽ പിന്നെ ഒരു കാലണ സെന്റിമെന്റ്സ് തോന്നിയിട്ടില്ല ഒന്നിനോടും ഒരുത്തനോടും,’ ഈ ഒരു ഡയലോഗിലൂടെ സ്വന്തം ജീവിതത്തിന്റെ ഭയാനകമായ സംഭവങ്ങൾ ഒരു വികാരവും കൂടാതെ പറയുന്ന ഒരു ഇരയായി മാറിയ, അല്ലെങ്കിൽ എല്ലാത്തിനും സാക്ഷിയായിമാറേണ്ടി വന്ന ചെറുപ്പകാരനെയാണ് കാണാൻ സാധിച്ചത്.

Eko Official Poster, Photo: IMDb

‘അന്ന് കല്ലായതാടാ ഉള്ളും പുറവും’എന്ന ഒരൊറ്റ വരിയിലൂടെ പീയൂസിന്റെ മനസ്സിന്റെ കരുത്ത് എത്രത്തോളമുണ്ടെന്നും പ്രേക്ഷകന് മനസിലാക്കാൻ സാധിക്കും. അവൻ കരയുന്നില്ല. നിലവിളിക്കുന്നില്ല. അവസാന നിമിഷം വരെ പ്രതികാരം പ്രകടമാക്കുന്നില്ല . പകരം, ഒരു മൃഗം തന്റെ ഇരയെ വേട്ടയാടാൻ പതുങ്ങിയിരിക്കുന്നത് പോലെ സ്വയം ഒരു ഇരയായി മാറി എല്ലാവരെയും കുര്യച്ചന് വേണ്ടി നിരീക്ഷിക്കുകയാണ്.

അതുകൊണ്ടാണ് ‘എക്കോ’യിൽ സന്ദീപ് പ്രദീപിന്റെ കഥാപാത്രത്തെ ഒരു വില്ലൻ എന്ന് ലേബൽ ചെയ്യാൻ പ്രേക്ഷകന് മടിയാകുന്നത്. അയാൾ ചെയ്യുന്ന പ്രവൃത്തികൾ തെറ്റാണ്. പക്ഷേ അയാളെ അവിടേക്ക് നയിച്ചത് എന്താണ് എന്ന ചോദ്യം സിനിമ തുറന്നിടുന്നു. അവിടെയാണ് ‘എക്കോ’ ഒരു ഓപ്പൺ -എൻഡഡ്‌ നറേറ്റിവ് ആയി മാറുന്നത്. സംവിധായകൻ കഥയ്ക്ക് തുടക്കം കുറിച്ച് അവസാനിപ്പിക്കുന്നു. എന്താണ് അവസാനമെന്ന് ഓരോ പ്രേക്ഷകന്റെയും വ്യത്യസ്ത ചിന്തയിലൂടെ രൂപപ്പെടുന്നു.

പീയൂസ് എന്ന കഥാപാത്രത്തിന് അമിത എക്സ്പ്രഷനുകളോ, ഡയലോഗ് ഹൈപ്പുകളോ ഇല്ല. ശരീരഭാഷ, കണ്ണുകളുടെ ചലനം, സംസാരത്തിനിടയിലെ ഇടവേളകൾ, ഇതൊക്കെയാണ് ആ കഥാപാത്രം എന്താണെന്ന് പിടികിട്ടാത്ത രീതിയിലേക്ക് പ്രേക്ഷകരെ എത്തിക്കുന്നത്.

അവസാനം, ‘എക്കോ’ തുറന്നു കാട്ടുന്നത് അയാൾ വില്ലനാണോ? അതോ സാഹചര്യങ്ങൾ സൃഷ്ടിച്ച ഒരു ഇരയോ? എന്നാണ് എന്നാൽ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമൊന്നും സിനിമ നൽകുന്നില്ല. അതാണ് അതിന്റെ വിജയവും.

Content Highlight: About the character Peeyus  in the movie Eko

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more