ദൃശ്യം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ കഥാപാത്രമാണ് ജോർജ് കുട്ടിയുടേത്. 2013ൽ ദൃശ്യം ഒന്നിലൂടെയായിരുന്നു സംവിധായകൻ ജീത്തു ജോസഫ് ജോർജ് കുട്ടിയെയും കുടുംബത്തെയും മലയാളികൾക്കു മുൻപിൽ ആദ്യമായി അവതരിപ്പിച്ചത്.
2013 ലെ ദൃശ്യം ഒന്നിൽ നിന്നും 2026ൽ ദൃശ്യം മൂന്നിൽ എത്തിനിൽകുമ്പോൾ 12 വർഷങ്ങൾ കൊണ്ട് ജോർജ് കുട്ടി എന്ന കഥാപാത്രത്തിന് കാലഘട്ടത്തിനനുസരിച്ചുള്ള നിരവധി മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഒന്നാം ഭാഗത്തിൽ ഒരു നാട്ടിൻപുറത്തുകാരനായ കർഷകനെയും സിനിമാപ്രേമിയെയും കാണാം. തന്റെ കുടുംബത്തെ മറ്റെന്തിനേക്കാളും സ്നേഹിക്കുന്ന ഒരച്ഛനെയും ജോർജുകുട്ടിയിലൂടെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു.
ദൃശ്യം3, Photo: IMDb
ജോർജ് കുട്ടി എന്ന അച്ഛൻ
തന്റെ ജീവിതത്തിൽ നടക്കുന്ന അരുതാത്ത ഒരു സംഭവത്തിന് ശേഷം ആ കഥാപാത്രം പൂർണമായും മാറ്റങ്ങൾക്കൊരുങ്ങുന്നു. താൻ കണ്ട സിനിമകളിലെ കഥാപാത്രങ്ങളുടെ ആകെ തുകയായി ജോർജ് കുട്ടി എന്ന കഥാപത്രം രൂപാന്തരപ്പെടുന്നു. ‘തനിക്ക് ജയിലിൽ പോകാൻ പേടിയാണ് അച്ഛാ’എന്ന് മകൾ അഞ്ജു പറയുന്നിടത്ത് നിന്നാണ് അവരെ നിയമത്തിനു വിട്ടുകൊടുക്കില്ല എന്ന ദൃഢപ്രതിജ്ഞ ജോർജുകുട്ടി എടുക്കുന്നത്.
അവിടെനിന്നും കുടുംബത്തിന് വേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറെടുക്കുന്ന ജോർജ് കുട്ടി എന്ന ഒരച്ഛനെയാണ് നാം കണ്ടുതുടങ്ങുന്നത്. അവിടുന്ന് മുന്നോട്ടുള്ള യാത്രയിൽ അയാൾ ഒരു ക്രിമിനൽ ചിന്താഗതിയിലേക്ക് മാറി തുടങ്ങുന്നു. അസാധാരണമായ സാഹചര്യത്തിൽ ഒരു സാധാരണക്കാരൻ ചെയ്യുന്നതിന്റെ പരമാവധിയിലേക്ക് അയാൾ എത്തിച്ചേരുന്നു.
അങ്ങനെനെയൊരു സാഹചര്യത്തിലും ഒളിച്ചോടാൻ തയ്യാറാവാതെ വരുന്നതെന്തും നേരിടാൻ അയാൾ തയ്യാറുവുന്നു .തന്റെ കുടുംബത്തിന് വേണ്ടി അടിയുറച്ചു നിൽക്കാനും അയാൾ തീരുമാനിക്കുന്നു. പിന്നീടങ്ങോട്ട് സ്വന്തം വ്യക്തിത്വം തന്നെ അയാൾക്ക് നഷ്ടപ്പെടുന്നതായി കാണാം.
ദൃശ്യം3, Photo: IMDb
ഓരോ സാഹചര്യങ്ങളിലും ഉണ്ടാവുന്ന വികാരത്തിന്റെ നേരെ വിപരീതമായ വികാരങ്ങളാണ് അയാൾക്ക് പുറത്തു കാണിക്കേണ്ടി വരുന്നത്. പൊലീസിനുമുന്നിലും അയാളുടെ ചെറിയ ഭാവമാറ്റം പോലും തന്റെ ജീവിതത്തെ തകർത്തു കളയും എന്ന് അയാൾക്കറിയാം. ദൃശ്യം ഒന്നിൽ സഹദേവന്റെ ചവിട്ട് കൊണ്ട് താഴെ വീഴുമ്പോൾ മക്കളെ നോക്കി കണ്ണടച്ചുകൊണ്ടു ചിരിക്കുന്നു. തനിക്കൊന്നുമില്ല എന്ന് മക്കളോട് പറയുകയായിരുന്നു അയാൾ.
അവിടെയും ആ വേദന ആയാൾ മറക്കുന്നു. കൂടാതെ പൊലീസുകർ വീട്ടിൽ എത്തുന്ന സീനിൽ ഓഗസ്റ്റ് രണ്ടെന്നു കേൾക്കുമ്പോൾ ഉള്ളുപിടഞ്ഞുകൊണ്ടുള്ള ഒരു ഞെട്ടൽ ജോര്ജുകുട്ടിയിൽ ഉണ്ടാവുന്നു. എന്നാൽ അത് പൊലീസുകാർക്ക് മനസിലാവാത്ത വിധം അയാൾ കൈകാര്യം ചെയ്യുന്നു.
ഒന്നാം ഭാഗം ഒരു മാനിപ്പുലേഷൻ ആണെന്ന് സംവിധായകനായ ജീത്തു ജോസഫും പറയുന്നുണ്ട്. ദൃശ്യം ഒന്നിൽ പൊലീസിന്റെയും നിയമത്തിന്റെയും കണ്ണിൽനിന്നും താൽക്കാലികമായ ഒരു രക്ഷപ്പെടൽ അയാൾ സാധ്യമാക്കുന്നു. എന്നാൽ പിന്നീട് അങ്ങോട്ട് പൊലീസ് തന്റെ കുടുംബത്തെ തേടി വരും എന്ന് ഉറച്ച വിശ്വാസം ജോർജുകുട്ടിയിൽ ഉണ്ടാകുന്നുണ്ട്. പഴയ സന്തോഷപൂർണമായ ജീവിതം തന്നിൽ നിന്നും അകലുന്നത് കാലക്രമേണ അയാൾ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു.
സ്വയം പ്രതിരോധം ആയി മാറുന്ന ജോർജ് കുട്ടി
2021-ലായിരുന്നു ജോർജ് കുട്ടിയുടെ രണ്ടാം വരവ്. ഒന്നാം ഭാഗത്തിൽ നിന്നും എട്ട് വർഷങ്ങൾക്കിപ്പുറം, പൊലീസിന്റെ രണ്ടാം വരവ് പ്രതീക്ഷിച്ചുകൊണ്ട് തന്നെയായിരുന്നു അയാളുടെ തയ്യാറെടുപ്പുകളൊക്കെ തന്നെയും.
ദൃശ്യം ഒന്നിന്റെ അവസാനത്തിൽ ‘എല്ലാം അവസാനിച്ചു എന്ന് കരുതണ്ട,അവർ ഇനിയും നമ്മളെ തേടി വരും’ എന്ന് ജോർജ് കുട്ടി ഭാര്യയോട് പറയുന്നുമുണ്ട്. നിയമത്തിന്റെ എല്ലാ പഴുതുകളും അടച്ചുകൊണ്ടു തന്നെയായിരുന്നു അയാളുടെ പ്രതിരോധം. ചുരുക്കത്തിൽ, ദൃശ്യം-2 എന്നത് ജോർജ് കുട്ടി തീർത്ത സമാനതകളില്ലാത്ത ഒരു പ്രതിരോധത്തിന്റെ കഥയാണ്.
ചിത്രത്തിന്റെ അവസാനം സാധാരണക്കാരനായ ഒരു നാട്ടിൻപുറത്തു കാരനിൽ നിന്നും കേരളാ പൊലീസിനെയും ഇന്ത്യൻ നീതിപീഠത്തെയും വെല്ലുവിളിക്കുന്ന തരത്തിൽ ജോർജ് കുട്ടി എന്ന കഥാപാത്രം വളർന്നു കഴിഞ്ഞിരുന്നു. എപ്പോഴും ഭയത്തോടെയല്ലാതെ ഒരു നിമിഷം പോലും അയാൾക്ക് ജീവിക്കാനാവുന്നില്ല.
തന്റെ സമാധാനപൂർണമായ ആ പഴയജീവിതത്തിലേക്കു ഇനിയൊരു തിരിച്ചുപോക്ക് ഉണ്ടാവില്ലെന്ന് ജോർജ് കുട്ടി പൂർണമായും ഉൾക്കൊണ്ടു കഴിഞ്ഞു. ഒരു തരത്തിൽ പറഞ്ഞാൽ അതുതന്നെയാണ് ജോർജുകുട്ടി എന്ന കഥാപാത്രത്തിനുള്ള യഥാർത്ഥ ശിക്ഷയും.
ദൃശ്യം3, Photo: YouTube/ Screengrab
എത്രയൊക്കെ പ്രതിരോധം തീർത്താലും ഏതൊരു കേസിലും ദൈവത്തിന്റെ ഒരു കയ്യൊപ്പ് എന്ന് പറയും വിധം ഒരു തെളിവ് അവശേഷിക്കും എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടു തന്നെ ആയുഷ്കാലം മുഴുവനും ഭയത്തോടെയല്ലാതെ അയാൾക്ക് കഴിയാനാവില്ല.
അവസാനിക്കാത്ത ഭയവും സംഘർഷങ്ങളും
ജോർജുകുട്ടിയുടെ മൂന്നാം വരവിൽ ചെയ്തുവെച്ചതിന്റെയൊക്കെ പാപഭാരം അയാൾ അനുഭവിച്ചുതുടങ്ങുന്നു. തന്റെ കുടുംബത്തിനു വേണ്ടിയാണ് ഇതൊക്കെ ചെയ്തതെങ്കിലും താനൊരു കുറ്റവാളിയാണെന്ന് മക്കൾ വിശ്വസിക്കുന്നു എന്നുള്ള ഭയം അയാളിൽ ജനിക്കുന്നു.
ചിത്രത്തിന്റെ മൂന്നാം ഭാഗം ജോർജ് കുട്ടി എന്ന കഥാപാത്രം അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളും വ്യക്തിപരമായ ബുദ്ധിമുട്ടുകളുമാണ് എന്ന് സംവിധായകൻ ജീത്തു ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. കുട്ടികൾ വളർന്നു, അവരുടെ ചോദ്യങ്ങൾക്ക് അയാൾക്ക് മറുപടി പറയേണ്ടി വരുന്നു.
ആ രീതിയിൽ ഒരച്ഛനായ ജോർജ് കുട്ടിക്ക് തന്റെ മക്കളുടെ മുൻപിൽ ഒരു കുറ്റവാളിയെന്ന പോലെ നിൽക്കേണ്ടി വരുന്നത് അയാളെ മാനസികമായി തകർക്കുന്നു.
നാലാം ക്ലാസുകാരന്റെ മൂന്നാം വരവിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഈ മാസം 21ന് ആണ് ദൃശ്യം 3 തിയേറ്ററുകളിലെത്തുന്നത്. 12 വർഷങ്ങളായുള്ള ജോർജ് കുട്ടിയുടെ പോരാട്ടം ഇനിയും പര്യവസാനിക്കുമോ എന്ന് കണ്ടറിയാം.
Content Highlight: About Mohanlal’s character in the movie Drishyam