അഖിൽ സത്യൻ സംവിധാനം ചെയ്ത സർവ്വം മായയിൽ അപ്രതീക്ഷിതമായ കഥാപാത്രങ്ങളിലൂടെ ചിരിപ്പിച്ചവരിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒരു പ്രകടനമായിരുന്നു ഡെലിവറി ബോയ് ആയി എത്തിയ അൽത്താഫ് സലീമിന്റെത്.
സിനിമയിൽ ചുരുക്കം ചില സീനുകളിൽ മാത്രമാണ് അൽത്താഫ് പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ഉള്ള സീനുകളിലെല്ലാം ചിരി പടർത്തിയാണ് അദ്ദേഹം കളം വിട്ടത്.
അൽത്താഫ് സലിം,official poster Photo: IMDb
വലിയ ഡയലോഗുകളില്ല എന്നാൽ ഉള്ള ഡയലോഗുകൾ കൊണ്ടും ശരീരഭാഷയും ടൈമിങ്ങും കൊണ്ട് കോമഡി പൂർണതയിലെത്തിക്കാൻ അൽത്താഫിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് തിയേറ്ററിൽ നിന്നിറങ്ങിയാലും ഡെലിവറി ബോയിയായ അൽത്താഫ് മനസ്സിൽ നിന്ന് മായാത്തതും.
നിവിൻ പോളി അവതരിപ്പിച്ച പ്രഭേന്ദു നമ്പൂതിരിയെ എല്ലാവരും ചുരുക്കി ‘പ്രഭേന്ദു’ എന്നും വിളിക്കും. പ്രഭേന്ദു ഒരു സ്ത്രീയാണെന്ന തെറ്റിദ്ധാരണയിൽ ‘ചേച്ചി… പ്രഭേന്ദു ചേച്ചിയെ ഒന്ന് വിളിക്കാമോ’ എന്ന അൽത്താഫിന്റെ ഡയലോഗ് തിയേറ്ററിൽ ചിരിയുടെ മാലപ്പടക്കം തീർക്കുകയായിരുന്നു. ഒരു സാധാരണ ഡയലോഗ് പോലും പ്രേക്ഷകരുടെ ഉള്ളിൽ ആഴത്തിൽ പതിയുമെന്നതിന് ഉദാഹരണമായിരുന്നു ആ രംഗങ്ങൾ.
കൂടാതെ, ജനാർദ്ദനൻ അവതരിപ്പിച്ച പ്രഭേന്ദു നമ്പൂതിരിയുടെ വല്യച്ഛൻ, പ്രഹ്ലാദൻ നമ്പൂതിരിയുമായുള്ള കോമ്പിനേഷൻ സീനുകളും ഈ ഡെലിവറി ബോയിയുടെ എൻട്രിക്ക് കൂടുതൽ ശക്തി നൽകി. ഓക്കേ ബ്രോ എന്ന് ജനാർദ്ദനനെ വിളിക്കുന്നതും ആ ക്യാരക്ടറിന്റെ നിഷ്കളങ്കതയും ഹ്യുമറും കൂടുതൽ എടുത്ത് കാണിച്ചു.
മുന്‍പും തന്റെ അഭിനയത്തിലെ വ്യത്യസ്തത തെളിയിച്ചിട്ടുള്ള താരമാണ് അൽത്താഫ് സലിം. മന്ദാകിനിയിൽ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രം തന്നെ അതിന് ഉദാഹരണമാണ്. അവിടെയും വലിയ ഹീറോയിസമോ ഭംഗിയുള്ള ഡയലോഗുകളോ ഇല്ലാതെ, കഥാപാത്രത്തിന്റെ സ്വഭാവസവിശേഷതകളിലൂടെ പ്രേക്ഷകരെ കയ്യിലെടുക്കുന്ന ശൈലിയായിരുന്നു അൽത്താഫിന്.
നടനും സംവിധായകനുമായ അൽത്താഫ് സലിം പ്രേമം സിനിമയിലെ ജഹാംഗീറായിട്ടാണ് തന്റെ കരിയർ തുടങ്ങിയതെങ്കിലും, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയുടെ സംവിധായകനായാണ് കൂടുതൽ അറിയപ്പെട്ടത്. പ്രേമലുവിലെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Content Highlight: About Altaf Salim’s role in the movie Sarvam Maya