സോഷ്യൽ മീഡിയ സെൻസേഷനായ ഹാഷിറും സംഘവും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ‘വാഴ 2’ ബോക്സ് ഓഫിസിൽ അത്ഭുത നേട്ടവുമായി മുന്നേറുകയാണ്.
യുവാക്കളിൽ മാത്രമല്ല, കുടുംബപ്രേക്ഷകർക്കിടയിലും വലിയ സ്വീകാര്യത നേടി ചിത്രം മുന്നേറുന്നത് ശ്രദ്ധേയമാണ്. മലയാള സിനിമയിൽ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിസ്മയങ്ങളിലൊന്നായി മാറിയിരിക്കുന്ന ‘വാഴ 2’, വെറും നാല് ദിവസങ്ങൾക്കുള്ളിൽ തന്നെ ആഗോളതലത്തിൽ 60 കോടി രൂപയുടെ കളക്ഷൻ നേടി മുന്നേറുകയാണ്.
വാഴ 2, Photo: IMDb
സോഷ്യൽ മീഡിയ താരങ്ങളെ അണിനിരത്തി വിപിൻ ദാസ് ഒരുക്കിയ ഈ ചിത്രത്തിൽ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുമായി എളുപ്പത്തിൽ ബന്ധപ്പെടുന്ന തരത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. പ്രത്യേകിച്ച് മുജീബ് സാറും മനോജ് സാറും പോലുള്ള കഥാപാത്രങ്ങൾ സിനിമ കഴിഞ്ഞാലും മനസിൽ നിൽക്കുന്നവയായി മാറിയിട്ടുണ്ട്.
മുജീബ് സാർ എന്ന അധ്യാപക കഥാപാത്രത്തെ അവതരിപ്പിച്ച വിജയ് ബാബു, തന്റെ കരിയറിലെ ഏറ്റവും ശക്തമായ പ്രകടനങ്ങളിൽ ഒന്നാണ് കാഴ്ചവെച്ചിരിക്കുന്നത്.
സ്കൂൾ ജീവിതത്തിൽ പലരും അനുഭവിച്ച ക്രൂരനായ അധ്യാപകരുടെ പ്രതിനിധിയായി മുജീബ് സാർ മാറുന്നു. കുട്ടികളെ അനാവശ്യമായി ശിക്ഷിക്കുന്നതും, കർശനമായ നിയമങ്ങൾ കൊണ്ടു വിദ്യാർത്ഥികളെ നിയന്ത്രിക്കുന്നതുമായ അദ്ദേഹത്തിന്റെ സമീപനം പലർക്കും സ്വന്തം സ്കൂൾ കാലത്തെ ഓർമിപ്പിക്കുന്നതാണ്.
ആൺ-പെൺ സൗഹൃദത്തെയും അവരുടെ കായിക താല്പര്യങ്ങളെ പോലും വിലക്കുകയും, ചെറിയ കാര്യങ്ങൾക്ക് ശിക്ഷ നൽകുകയും ചെയ്യുന്ന അധ്യാപകന്റെ കഠിന മുഖം വിജയ് ബാബുവിലൂടെ ഓരോ പ്രേക്ഷകനും അനുഭവിക്കാൻ കഴിഞ്ഞു.
വാഴ 2, Photo: YouTube/ Screengrab
ഇതിന് വിപരീതമായി മനോജ് സാർ എന്ന കഥാപാത്രം പ്രേക്ഷകർക്ക് ഒരു ആശ്വാസമാണ്. അജു വർഗീസ് അവതരിപ്പിച്ച മനോജ് സാർ, വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ മനസിലാക്കുകയും അവരോടൊപ്പം നിൽക്കുകയും ചെയ്യുന്ന ഒരു നന്മയുള്ള അധ്യാപകന്റെ പ്രതീകമായി മാറുന്നു.
വിദ്യാർത്ഥികളുമായി സൗഹൃദപരമായി ഇടപെടുന്ന, അവരുടെ വികാരങ്ങളെ മനസിലാക്കുന്ന അധ്യാപകനെ മനോജ് സാറിലൂടെ നമ്മൾ വീണ്ടും കാണുന്നു.
ഇത്തരം വിപരീത സ്വഭാവമുള്ള രണ്ട് അധ്യാപക കഥാപാത്രങ്ങളിലൂടെ ‘വാഴ 2’ ഓരോ പ്രേക്ഷകനും സ്വന്തം സ്കൂൾ ഓർമ്മകളിലേക്ക് തിരിച്ചു കൊണ്ടുപോകുന്ന അനുഭവമാണ് നൽകുന്നത്. അതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി വിലയിരുത്തപ്പെടുന്നത്.
Content Highlight: About Aju Varghese and Vijay Babu’s characters in the movie Vazha