അഖിൽ സത്യന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘സർവം മായ’യിലൂടെ ശക്തമായ തിരിച്ചുവരവാണ് നടൻ വിജീഷ് വിജയൻ നടത്തിയത്.
രണ്ടര മണിക്കൂർ ദൈർഘ്യമുള്ള സിനിമയിൽ വെറും രണ്ട് മിനിറ്റ് മാത്രം വന്നു പോകുന്ന കഥാപാത്രമായിട്ടും ശ്രീകുട്ടനെ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്.
ഈ സിനിമയിലേക്കുള്ള അവസരം എങ്ങനെ ലഭിച്ചുവെന്നും, അഖിലുമായുള്ള ആദ്യ കണ്ടുമുട്ടൽ ഒരു നിമിത്തമായിരുന്നോ എന്നതിനെക്കുറിച്ചുമാണ് വിജീഷ് തുറന്നുപറയുന്നത്.
വിജീഷ് വിജയൻ, Photo: Vijeesh Vijayan/ Facebook
ഇടക്കാലത്ത് കുറച്ച് സിനിമകൾ ചെയ്തിരുന്നെങ്കിലും തന്റെ കഥാപാത്രങ്ങളോ സിനിമകളോ അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. സിനിമകൾ തേടി പോയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അച്ഛന് സുഖമില്ലാതിരുന്നതിനാൽ ഖത്തറിലെ ജോലി അവസാനിപ്പിച്ച് മുഴുവൻ സമയവും നാട്ടിലായിരുന്നു. ഈ വർഷം ആദ്യം അച്ഛനെ നഷ്ടപ്പെട്ടു. അതിനുശേഷമാണ് വീണ്ടും സിനിമയിൽ സജീവമാകാൻ തീരുമാനിച്ചതെന്നും വിജീഷ് പറഞ്ഞു.
മനോരമ ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘അച്ഛന്റെ മരണത്തിനു ശേഷം സ്വന്തമായി ഒരു പ്രൊഡക്ഷൻ ഹൗസ് ആരംഭിച്ച് ഒരു സിനിമയും ചെയ്തിരുന്നു. അതിനു ശേഷമാണ് വീണ്ടും സിനിമയിൽ സജീവമാകാൻ തുടങ്ങിയത്.
വിജീഷ് വിജയൻ, Photo: Vijeesh Vijayan/ Facebook
ഒരു ദിവസം തൃശ്ശൂർ തിരുവമ്പാടിയിലും വടക്കുന്നാഥ ക്ഷേത്രത്തിലും തൊഴുത ശേഷം കുടുംബത്തോടൊപ്പം ഒരു റെസ്റ്റോറന്റിൽ ചായ കുടിക്കാൻ ഇരിക്കുമ്പോൾ, സമീപത്തെ സീറ്റിൽ സംവിധായകൻ അഖിൽ സത്യൻ ഉണ്ടായിരുന്നു.
‘പാച്ചുവും അത്ഭുതവിളക്കും’ എന്ന സിനിമ എനിക്ക് വളരെ ഇഷ്ടപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ഞാൻ അഖിലിനോട് നേരിട്ട് സംസാരിച്ചു. ആ ചെറിയ സംഭാഷണമാണ് പിന്നീട് വലിയ അവസരമായി മാറിയത്.
ആ കൂടിക്കാഴ്ചയ്ക്ക് നാല് മാസം കഴിഞ്ഞ് പ്രൊഡക്ഷൻ കൺട്രോളർ ബിജു ചേട്ടൻ വിളിച്ചപ്പോൾ, അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ഒരു സിനിമ ആരംഭിക്കുകയാണെന്നും അഖിൽ നേരിട്ട് വിളിക്കുമെന്നും അറിയിച്ചു. അഖിൽ പിന്നീട് വിളിച്ചപ്പോൾ ചെറിയ വേഷമാണെങ്കിലും നല്ല വേഷമാണെന്നും പറഞ്ഞു,’ വിജീഷ് വിജയൻ പറയുന്നു.
ആ ഴോണർ സിനിമകൾ തനിക്ക് വളരെ ഇഷ്ടമാണെന്നും വേഷം ചെറുതാണെന്നത് പ്രശ്നമായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്ന് അവിടെ വെച്ച് കണ്ടതുകൊണ്ടാണ് തന്നെ അഖിൽ ഓർത്തതും. അതുകൊണ്ടുതന്നെ ആ കണ്ടുമുട്ടൽ ഒരു നിമിത്തം പോലെയാണെന്ന് തോന്നിയതെന്നും വിജീഷ് പറഞ്ഞു.
Content Highlight: About actor Vijeesh Vijayan in the movie Sarvam Maya