ആലപ്പുഴ: തോട്ടപ്പള്ളിയിലെ സ്ത്രീയുടെ കൊലപാതകത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത അബൂബക്കര്‍ ജയില്‍ മോചിതനായി. കൊലക്കുറ്റം ആരോപിച്ച് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്ത അബൂബക്കര്‍ ജാമ്യത്തിന് പിന്നാലെയാണ് ജയില്‍ മോചിതനായത്.
കേസിലെ യഥാര്‍ഥ പ്രതികള്‍ പിന്നീട് പിടിയിലായതോടെ അബൂബക്കറിന്റെ പേരിലുള്ള കൊലക്കുറ്റം ഒഴിവാക്കി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കുറ്റം ചെയ്യാതിരുന്നിട്ടും കൊലക്കുറ്റം ചുമത്തപ്പെട്ട് ആറ് ദിവസമാണ് അബൂബക്കര്‍ ജയിലില്‍ കഴിഞ്ഞത്.
മകന്റെ സര്‍ക്കാര്‍ ജോലി കളയുമെന്ന പൊലീസിന്റെ ഭീഷണിക്ക് വഴങ്ങിയാണ് കുറ്റം സമ്മതിച്ചതെന്ന് അബൂബക്കര്‍ പറഞ്ഞു.
തോട്ടപ്പള്ളി ഒറ്റപ്പനയില്‍ തനിച്ച് താമസിച്ചിരുന്ന 58കാരിയെ ഈ മാസം പതിനേഴിനാണ് വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സമീപത്തെ പള്ളിയിലെ ജോലിക്കാരനായ അബൂബക്കര്‍ ശനിയാഴ്ച രാത്രി ഇവരുടെ വീട്ടിലെത്തിയതായും ഫോണ്‍ വിളിച്ചതായും കണ്ടെത്തിയ പൊലീസ് ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു.
കൊലപാതക കേസില്‍ അബൂബക്കര്‍ റിമാന്റില്‍ കഴിയവേ കൊല്ലപ്പെട്ട സ്ത്രീയുടെ കാണാതായ മൊബൈല്‍ ഫോണില്‍ മറ്റൊരു സിം കാര്‍ഡ് ഇട്ട് പ്രവര്‍ത്തിക്കുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് യഥാര്‍ത്ഥ പ്രതികളായ തൃക്കുന്നപ്പുഴ പതിയാങ്കര സ്വദേശി സൈനുലാബ്ദീനും ഭാര്യ അനീഷയും പിടിയിലാകുന്നത്.
ഇവര്‍ പിടിയിലായതോടെയാണ് അബൂബക്കറിന്റെ മേല്‍ ചുമത്തിയ കൊലക്കുറ്റം പൊലീസ് പിന്‍വലിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എന്നാല്‍ പീഡനം, വീട്ടില്‍ അതിക്രമിച്ചു കയറല്‍ തുടങ്ങിയ വകുപ്പുകള്‍ നിലനിര്‍ത്തിയിരുന്നു. അബൂബക്കറിന്റെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴും പ്രോസിക്യൂഷന്‍ ഈ വാദത്തില്‍ ഉറച്ചു നിന്നു.
എന്നാല്‍ നിരപരാധിയെ കള്ളക്കേസില്‍ കുടുക്കിയെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ച് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. പൊലീസിനെതിരെ നിയമപോരാട്ടം തുടരുമെന്ന് അബൂബക്കറിന്റെ കുടുംബം അറിയിച്ചു.
അതേസമയം, റിമാന്‍ഡിലായ ഒന്നാം പ്രതി സൈനുലാബ്ദ്ദിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ടാം പ്രതിയും അനീഷയെ റിമാന്‍ഡ് ചെയ്ത് അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റി.
Content Highlight: Aboobacker, who was arrested by the police for the murder of a woman in Thottappally, has been released from prison.