| Sunday, 8th February 2026, 4:33 pm

ഫഹദ് സാറിന്റെ ആ സീന്‍ എത്രതവണ കണ്ടിട്ടുണ്ടെന്നറിയില്ല, എന്ത് രസമായിട്ടാണ് അദ്ദേഹം പെര്‍ഫോം ചെയ്തത്: അബിഷന്‍ ജീവിന്ത്

അമര്‍നാഥ് എം.

സംവിധാനം ചെയ്ത ആദ്യസിനിമയിലൂടെ ഇന്‍ഡസ്ട്രിയെ ഞെട്ടിച്ച സംവിധായകനാണ് അബിഷന്‍ ജീവിന്ത്. കഴിഞ്ഞവര്‍ഷത്തെ ഏറ്റവും മികച്ച ചിത്രമെന്ന് പലരും അഭിപ്രായപ്പെട്ട ടൂറിസ്റ്റ് ഫാമിലി അണിയിച്ചൊരുക്കിയത് അബിഷനായിരുന്നു. ആരുടെയും അസിസ്റ്റന്റായി നില്‍ക്കാതെ ഷോര്‍ട്ട് ഫിലിം ചെയ്ത പരിചയത്തിലൂടെയാണ് അബിഷന്‍ ഫീച്ചര്‍ ഫിലിം രംഗത്തേക്ക് കാലെടുത്തുവെച്ചത്.

അബിഷന്‍ നായകനായെത്തിയ വിത്ത് ലവിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സംവിധായകനായും നായകനായുമുള്ള അരങ്ങേറ്റം ഗംഭീരമാക്കിയ അബിഷനാണ് ഇപ്പോള്‍ ഇന്‍ഡസ്ട്രിയിലെ ചര്‍ച്ചാവിഷയം. ടൂറിസ്റ്റ് ഫാമിലിയുടെ സ്‌ക്രിപ്റ്റ് എഴുതാനായി തന്നെ സ്വാധീനിച്ച സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് അബിഷന്‍.

അബിഷന്‍ ജീവിന്ത് Photo: Screen grab/ Cine Ulagam

കമല്‍ ഹാസന്‍ നായകനായ വസൂല്‍രാജ എം.ബി.ബി.എസ് തനിക്ക് ഒരുപാട് പ്രചോദനമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജീവിതത്തില്‍ ഏറ്റവുമധികം തവണ കണ്ട ചിത്രം വസൂല്‍ രാജയാണെന്നും എന്നാല്‍ ടൂറിസ്റ്റ് ഫാമിലിയുടെ എഴുത്തിന് കൂടുതല്‍ പ്രചോദനം നല്‍കിയത് കുമ്പളങ്ങി നൈറ്റ്‌സാണെന്നും അബിഷന്‍ കൂട്ടിച്ചേര്‍ത്തു. സിനി ഉലകത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ടൂറിസ്റ്റ് ഫാമിലിയുടെ റൈറ്റിങ്ങിന്റെ സമയത്ത് കുമ്പളങ്ങി നൈറ്റ്‌സ് ഒരുപാട തവണ കണ്ടിട്ടുണ്ട്. എന്തോ ഒരു മാജിക് ആ സിനിമക്ക് ഉണ്ട്. ഒരുദിവസം മൂന്നോ നാലോ തവണ ആ സിനിമ കാണാറുണ്ടായിരുന്നു. അതിലെ ക്യാരക്ടര്‍ ആര്‍ക്കും ഡീറ്റെയിലിങ്ങുമെല്ലാം ഗംഭീരമാണ്. വല്ലാത്തൊരു ആത്മാവാണ് ആ സിനിമക്കുള്ളതെന്ന് തോന്നിയിട്ടുണ്ട്.

കുമ്പളങ്ങി നൈറ്റ്‌സ് Photo: Screen grab/ Bhavana Studios

ഒരു ആര്‍ട്ടിസ്റ്റിന്റെ പെര്‍ഫോമന്‍സ് തുടര്‍ച്ചയായി കണ്ടിട്ടുണ്ടെങ്കില്‍ അത് കുമ്പളങ്ങി നൈറ്റ്‌സിലെ ഫഹദ് സാറിന്റെ പെര്‍ഫോമന്‍സാണ്. കിച്ചണില്‍ രണ്ട് സ്ത്രീകള്‍ സംസാരിക്കുമ്പോള്‍ അദ്ദേഹം ഷര്‍ട്ട് ധരിക്കാതെ ചുമരിനോട് ചേര്‍ന്ന് നിന്ന് സംസാരിക്കുന്ന സീനുണ്ടല്ലോ. ആ സീനില്‍ അദ്ദേഹം എപ്പോഴും ചിരിച്ചുകൊണ്ടിരിക്കും. അതുപോലെ ഡയലോഗ് പറയും. എന്തൊരു പെര്‍ഫോമന്‍സാണ് അത്. ആ സീന്‍ മാത്രം ഒരുപാട് തവണ റിപ്പീറ്റടിച്ച് കണ്ടിട്ടുണ്ട്,’ അബിഷന്‍ പറയുന്നു.

ഒരു സംവിധായകന്‍ എന്ന നിലയില്‍ താന്‍ അത്ഭുതത്തോടെ കണ്ടത് കുമ്പളങ്ങി നൈറ്റ്‌സാണെന്നും നടന്‍ എന്ന നിലയില്‍ തന്നെ അത്ഭുതപ്പെടുത്തിയ ചിത്രം വാരണം ആയിരമാണെന്നും അബിഷന്‍ കൂട്ടിച്ചേര്‍ത്തു. വയസായ കഥാപാത്രവും സ്‌കൂള്‍ പയ്യനായിട്ടുള്ള കഥാപാത്രവും ചെയ്തത് ഒരാളാണെന്ന് നമ്മള്‍ മറന്നുപോകുമെന്നും അത്രമാത്രം ഗംഭീര പെര്‍ഫോമന്‍സായിരുന്നു വാരണം ആയിരത്തിലെന്നും താരം പറഞ്ഞു.

Content Highlight: Abishan Jeevinth praises Fahadh Faasil’s performance in Kumabalangi Nights

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more