അബിഷന്‍ ജീവിന്തും അനശ്വര രാജനും പ്രധാനവേഷങ്ങളിലെത്തി ഫെബ്രുവരി 6ന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് വിത്ത് ലവ്. നവാഗതനായ മധന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ അടുത്ത് നിന്ന് വരുന്നത്.
ടൂറിസ്റ്റ് ഫാമിലി എന്ന സിനിമയിലൂടെ പ്രേക്ഷ ശ്രദ്ധ നേടിയ സംവിധായകന്‍ അബിഷന്റെ നായക അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു വിത്ത് ലവ്. അനശ്വരയും അബിഷനും ആദ്യമായി ഒന്നിച്ച ഈ ചിത്രം റോം കോം ഴോണറിലാണ് ഒരുങ്ങിയത്.
ഇപ്പോള്‍ മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ നടി അനശ്വരയെ കുറിച്ച് സംസാരിക്കുകയാണ് അബിഷന്‍ ജീവിന്ത്. അഭിനയത്തില്‍ തന്റെ സൂപ്പര്‍ സീനിയറാണ് അനശ്വരയെന്നും എന്നാല്‍ അതിന്റെ ജാഡയൊന്നും അവര്‍ക്കില്ലെന്നും അബിഷന്‍ പറയുന്നു.
‘അനശ്വരക്ക് നല്ല ഒരു പോസിറ്റീവ് എനര്‍ജിയുണ്ട്. സെറ്റിലെല്ലാം ഒരു പോസിറ്റീവ് വൈബ് കൊണ്ടുവരാന്‍ അനശ്വരക്ക് പറ്റാറുണ്ട്. അത് നമ്മളെയും ഒന്ന് റിഫ്രഷാക്കും.
നമ്മള്‍ കുറച്ച് അപ്പ് സെറ്റായാണ് സെറ്റില്‍ ഇരിക്കുന്നതെങ്കില്‍ നമ്മളിലും ആ എനര്‍ജി കൊണ്ട് വരാനും ഒന്ന് ചീയര്‍ അപ്പ് ആക്കാനും കഴിയും. പിന്നെ ഒരു ആറ്റിറ്റിയൂഡുമില്ല, വളരെ ഫ്രണ്ട്‌ലിയായിട്ടാണ് സംസാരിക്കാറുള്ളത്. ഒരു ജാഡയുമില്ലാത്തയാളാണ് അനശ്വര,’ അബിഷന്‍ പറയുന്നു.
അഭിനയത്തിന്റെ കാര്യത്തില്‍ അനശ്വര തന്റെ സൂപ്പര്‍ സീനിയറാണെന്നും തന്നെക്കാള്‍ എക്‌സ്പീരിയന്‍സുണ്ടെന്നും അബിഷന്‍ പറഞ്ഞു. സംവിധായകന്‍ മധനും താനും ഇത് ആദ്യമായാണെന്നും തങ്ങളുടെ ഡബ്യൂ സിനിമയാണ് വിത്ത് ലവ് എന്നും അദ്ദേഹം പറഞ്ഞു. അനശ്വരയുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ വളരെ കംഫര്‍ട്ടബിളായിരുന്നുവെന്നും അബിഷന്‍ കൂട്ടിച്ചര്‍ത്തു.
എം. ആര്‍.പി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ രജിനികാന്തിന്റെ മകള്‍ സൗന്ദര്യ രജിനികാന്ത് നിര്‍മിച്ച ചിത്രത്തില്‍ ഹരീഷ് കുമാര്‍, കാവ്യ അനില്‍, സച്ചിന്‍, നാച്ചിയപ്പന്‍, തേനി മുരുഗന്‍ ശരവണന്‍ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.
കഴിഞ്ഞ ദിസവം ചിത്രത്തിന്റെ ക്രൂ അംഗങ്ങള്‍ രജിനികാന്തിനെ പോയി കണ്ടതും അദ്ദേഹം സിനിമയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചതും വലിയ വാര്‍ത്തയായിരുന്നു. അബിഷനെ തലൈവര്‍ പ്രശംസിച്ചതും രജിനികാന്തിനൊപ്പം അനശ്വര പങ്കുവെച്ച ചിത്രവും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സിനിമയക്ക് എല്ലായിടങ്ങളില്‍ നിന്നും മികച്ച അഭിപ്രായങ്ങളാണ് വരുന്ന്. അനശ്വരയുടേതായി ഒടുവില്‍ വന്ന തെലുങ്ക് ചിത്രം ചാമ്പ്യന്‍ തിയേറ്ററുകളില്‍ പരാജയമായിരുന്നു.
മലയാളത്തില്‍ തിളങ്ങിയ താരത്തിന്റെ അന്യഭാഷ സിനിമകളെല്ലാം ബോക്സ് ഓഫീസില്‍ പരാജയപ്പെടുകയാണെന്ന വിമര്‍ശനം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. അതിനിടെയാണ് വിത്ത് ലവിന്റെ വിജയം.
Content Highlight: Abishan jeevinth about Anaswara rajan