മലയാളത്തില്‍ വലിയ രീതിയില്‍ വൈറലായ ഒതളങ്ങ തുരുത്ത് എന്ന വെബ് സിരീസിലെ നത്ത് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ആര്‍ട്ടിസ്റ്റാണ് അബിന്‍ ബിനോ. സിരീസിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ചെറിയ വേഷങ്ങളിലൂടെയെങ്കിലും സിനിമയിലും സജീവമായിരുന്നു. രോമാഞ്ചം എന്ന ചിത്രത്തിലെ ഷിജപ്പനായും മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രമായ തുടരുമില്‍ മണിയന്‍ എന്ന കഥാപാത്രമായും താരം ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്.
ഇതോടൊപ്പം തന്നെ മമ്മൂട്ടി നായകനായ ബസൂക്ക, ടര്‍ബോ തുടങ്ങിയ ചിത്രങ്ങളിലും താരം വേഷമിട്ടിരുന്നു. ബസൂക്ക എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് മമ്മൂട്ടിയ്‌ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ചതിനെ കുറിച്ച് അബിന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ബിയോണ്ട് ദ മൈക്ക് എന്ന ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അബിന്‍.
അബിന്‍ ബിനോ. Photo: X.com
‘ആസാദിയുടെ സെറ്റില്‍ ഭാസി മച്ചാന് ഒപ്പമായിരിക്കും എന്റെ പിറന്നാളിന് കേക്ക് മുറിക്കുക എന്നായിരുന്നു ഞാന്‍ വിചാരിച്ചത്. എന്നാല്‍ പെട്ടെന്ന് ഡേറ്റ് മാറിയപ്പോള്‍ ബസൂക്കയുടെ സെറ്റിലേക്ക് വിളി വന്നിട്ട് അവിടേക്ക് പോയി. പിറന്നാള്‍ ഉള്ള കാര്യം ആരോടും പറഞ്ഞിട്ടുണ്ടായിരുന്നില്ല. പക്ഷേ എന്റെ കൂടെയുള്ളവര്‍ സ്റ്റോറി ഇട്ടത് എല്ലാവരും കണ്ടു. അന്ന് നെറ്റായിരുന്നു ഷൂട്ട് ഉണ്ടായിരുന്നത്. അതിന് ഇറങ്ങുന്നതിന് മുമ്പ് അവിടെ റൂമില്‍ ഉണ്ടായിരുന്ന എല്ലാവരും കൂടെ കേക്ക് മുറിച്ചു. അപ്പോള്‍ ഞാന്‍ വിചാരിച്ചു പരിപാടിയെല്ലാം കഴിഞ്ഞു ഇനി ഉണ്ടാവില്ലെന്നാണ്.
അങ്ങനെയിരിക്കെ എന്നോട് പെട്ടെന്ന് വരാന്‍ പറഞ്ഞു. കോസ്റ്റിയൂം എല്ലാം ഇട്ട് ചെന്നപ്പോള്‍ വലിയൊരു മേശയില്‍ കേക്ക് കൊണ്ട് വെച്ചത് കണ്ടു. അതിനകത്ത് എന്റെ പേര് എഴുതി വെച്ചത് കണ്ടപ്പോള്‍ തന്നെ പകുതി പണി പാളി. പിന്നെ മമ്മൂക്കയുടെ കൂടെയുള്ള ജോര്‍ജേട്ടന്‍ വന്ന് അദ്ദേഹത്തിന്റെ അടുത്തേക്ക് കൂട്ടി കൊണ്ട് പോയി. അദ്ദേഹം അവിടെ ലാപ്പില്‍ ഫോട്ടോസ് നോക്കി കൊണ്ടിരിക്കുകയായിരുന്നു. ഇന്ന് ഇവന്റെ ബര്‍ത് ഡേ ആണെന്ന് പറഞ്ഞപ്പോള്‍ നിനക്ക് ബര്‍ത് ഡേ ഉണ്ടോയെന്നും ശരിക്കും നിന്റെ ബര്‍ത് ഡേ ഇന്നാണോ എന്നുമാണ് ചോദിച്ചത്. എന്നാല്‍ വാ കേക്ക് മുറിക്കാം എന്ന് പറഞ്ഞ് മമ്മൂക്കയും കൂടെ വന്നു.
Photo: Onmanorma
അദ്ദേഹം അടുത്ത് വന്നപ്പോള്‍ കൈ വിറച്ചിട്ട് എനിക്ക് കേക്ക് മുറിക്കാന്‍ പറ്റുന്നില്ല. പിന്നെ മമ്മൂക്ക തന്നെ പിടിച്ചിട്ട് കേക്ക് മുറിച്ചു. അതിന്റെ വീഡിയോ പോസ്റ്റ് ചെയ്തപ്പോള്‍ സംഭവം വലിയ രീതിയില്‍ വാര്‍ത്തയായി. അതെല്ലാം കഴിഞ്ഞ് ടര്‍ബോയുടെ സെറ്റില്‍ വെച്ച് കണ്ടപ്പോള്‍ മമ്മൂക്ക എന്നോട് പറഞ്ഞത് നീ കാരണം എനിക്ക് വലിയ ബുദ്ധിമുട്ടായി എന്നാണ്. എന്താണ് എന്ന് ചോദിച്ചപ്പോള്‍ നീ നിന്റെ ബര്‍ത് ഡേ വിറ്റ് കാശാക്കിയല്ലേ എന്നും ഇപ്പോള്‍ എല്ലാവരും ഞങ്ങളുടെ ബര്‍ത് ഡേയ്ക്ക് കേക്ക് മുറിക്കണം എന്ന് പറഞ്ഞ് ശല്യം ചെയ്യുകയാണെന്നുമാണ് പറഞ്ഞത്,’ അബിന്‍ പറഞ്ഞു.
Content Highlight: Abin Bino talks about Mammootty