| Friday, 10th July 2026, 1:51 pm

സൗബിക്ക ബ്രേക്ക് എടുത്ത് ഞങ്ങളെയും കൊണ്ട് ചെന്നൈ മൊത്തം കറങ്ങി; രോമാഞ്ചത്തിലെ അനുഭവം പങ്കുവെച്ച് അബിന്‍ ബിനോ

അശ്വിന്‍ രാജേന്ദ്രന്‍

ഒതളങ്ങ തുരുത്ത് എന്ന വെബ് സിരീസിലെ നത്ത് എന്ന കഥാപാത്രത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുകയും അത് ഊര്‍ജമാക്കിക്കൊണ്ട് സിനിമയിലേക്കെത്തുകയും ചെയ്ത അഭിനേതാവാണ് അബിന്‍ ബിനോ. ജിത്തു മാധവന്‍ സംവിധാനം ചെയ്ത് 2023ല്‍ തിയേറ്ററുകളിലെത്തിയ രോമാഞ്ചത്തിലെ ഷിജപ്പന്‍ എന്ന കഥാപാത്രത്തിലൂടെയാണ് സിനിമാരംഗത്ത് അബിന്‍ ബിനോ പരിചിതനാകുന്നത്. പിന്നീട് ടര്‍ബോ, ബസൂക്ക, തുടരും തുടങ്ങിയ ചിത്രങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിരുന്നു.

രോമാഞ്ചം. Photo: The Hindu

താരത്തിന്റെ കരിയറില്‍ വലിയ മൈലേജ് നല്‍കാന്‍ രോമാഞ്ചത്തിന് സാധിച്ചിരുന്നു. ജിത്തു മാധവന്‍ തന്നെ തിരക്കഥയെഴുതിയ ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍, സജിന്‍ ഗോപു, സിജു സണ്ണി, ജോമോന്‍ ജ്യോതിര്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയിരുന്നു. ചെറിയ ബജറ്റില്‍ ഒരുക്കിയ ചിത്രം ഏകദേശം 70 കോടിയോളമായിരുന്നു തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയത്.

ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തെ അനുഭവത്തെ കുറിച്ചും സൗബിന്‍ ഷാഹിറുമായി ചിത്രത്തിന്റെ സെറ്റില്‍ വെച്ചുണ്ടായ അനുഭവത്തെ കുറിച്ചും അബിന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ബിയോണ്ട് ദി മൈക്ക് എന്ന ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു താരത്തിന്റെ പ്രതികരണം.

‘ഒതളങ്ങ തുരുത്ത് പോലെ എന്റെ ജീവിതം ചേഞ്ച് ചെയ്ത ഒരു പരിപാടിയായിരുന്നു രോമാഞ്ചം. ഞങ്ങള്‍ തമ്മില്‍ ഒരു കെമിസ്ട്രി സെറ്റ് ചെയ്യാന്‍ വേണ്ടി ഷൂട്ട് തുടങ്ങുന്നതിന് പത്ത് ദിവസം മുമ്പ് തന്നെ ജീത്തു ചേട്ടന്‍ എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോയിരുന്നു. ആ കൂട്ടത്തില്‍ എനിക്ക് ആകെ ജഗദീഷിനെയും ജോമോനെയും മാത്രമാണ് അറിയാവുന്നത്. ബാക്കിയെല്ലാവരെയും പിന്നീടാണ് പരിചയപ്പെടുന്നത്. ആ പത്ത് ദിവസം കൊണ്ട് തന്നെ ഞങ്ങളെല്ലാവരും സെറ്റായി.

എന്താണ് രസമെന്ന് വെച്ചാല്‍ ഷൂട്ട് തുടങ്ങി ആദ്യത്തെ ദിവസമാണ് സൗബിക്ക സെറ്റിലേക്ക് വന്നത്. അദ്ദേഹം റൂമിലേക്ക് വന്നാല്‍ ഞങ്ങളെല്ലാം ബഹുമാനം കൊണ്ട് എഴുന്നേറ്റ് പുറത്തേക്ക് പോകും. എല്ലാവര്‍ക്കും അദ്ദേഹത്തെ പേടിയായിരുന്നു. ആദ്യം പ്ലാന്‍ ചെയ്ത ഷോട്ട് ഞാനൊരു സിഗററ്റ് എടുത്ത് സൗബിക്കയ്ക്ക് വലിക്കാന്‍ കൊടുക്കുന്നതായിരുന്നു. ഞാന്‍ സിഗററ്റ് എടുത്ത് അദ്ദേഹത്തിന് കൊടുക്കാന്‍ നേരം സൗബിക്കയുടെ കണ്ണെല്ലാം ചുവന്നിരിക്കുകയാണ്. ഇല വീഴാ പൂഞ്ചിറയുടെ സെറ്റില്‍ നിന്ന് നേരെ വന്നതായിരുന്നു അദ്ദേഹം.

രോമാഞ്ചം. Photo: The News Minute

അവസാനം സൗബിക്ക നമുക്കൊന്ന് ബ്രേക്ക് ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെ രണ്ട് ദിവസം ബ്രേക്ക് ചെയ്ത് ഞങ്ങളെയും കൊണ്ട് ചെന്നൈ മൊത്തത്തില്‍ കറങ്ങി. ഞങ്ങള്‍ വൈബായി. പിന്നെ ഷൂട്ട് തുടങ്ങിയപ്പോള്‍ ഞങ്ങള്‍ക്ക് സൗബിക്കയുടെ കട്ടിലില്‍ വരെ കയറി കിടക്കാനുള്ള പരിചയമുണ്ടായിരുന്നു,’അബിന്‍ പറഞ്ഞു.Content Highlight: Abin Bino talks about his experience with Soubin shahir in romancham set

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more