| Friday, 17th July 2026, 10:00 pm

ആശാനാണോ ഫ്രണ്ടാണോ എന്നറിയില്ല; ഇന്ദ്രന്‍സുമായുള്ള ബന്ധത്തെ കുറിച്ച് അബിന്‍ ബിനോ

അശ്വിന്‍ രാജേന്ദ്രന്‍

ഒതളങ്ങ തുരുത്ത് എന്ന് വൈറല്‍ സിരീസിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പരിചിതനായ അഭിനേതാവാണ് അബിന്‍ ബിനോ. ഹിറ്റ് ഡയറക്ടര്‍ ജിത്തു മാധവന്‍ സംവിധാനം ചെയ്ത് 2023ല്‍ പുറത്തിറങ്ങിയ രോമാഞ്ചം എന്ന സിനിമയിലെ ഷിജപ്പന്‍ എന്ന കഥാപാത്രമായാണ് അബിന്‍ ബിനോ മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് മമ്മൂട്ടി നായകനായ ടര്‍ബോ, ബസൂക്ക തുടങ്ങിയ ചിത്രങ്ങളിലും ഭാഗമായ അബിന്റേതായി ശ്രദ്ധിക്കപ്പെട്ട മറ്റൊരു കഥാപാത്രമായിരുന്നു മോഹന്‍ലാല്‍ ചിത്രമായ തുടരുമിലെ മണിയന്‍.

ആശാന്‍, സുഖമാണോ സുഖമാണ്, പെണ്ണ് കേസ്, മാജിക് മഷ്‌റൂം തുടങ്ങി ഈ വര്‍ഷം പുറത്തിറങ്ങി ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളില്‍ അബിന്‍ പ്രധാനവേഷത്തിലെത്തിയിരുന്നു. ഗപ്പിയുടെ സംവിധായകനായ ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത് ഇന്ദ്രന്‍സും ജോമോന്‍ ജ്യോതിറും പ്രധാനവേഷത്തിലെത്തിയ ചിത്രമായിരുന്നു ആശാന്‍. ചിത്രത്തില്‍ അമ്പാടി എന്ന കഥാപാത്രമായിട്ടായിരുന്നു അബിന്‍ ബിനോ ശ്രദ്ധിക്കപ്പെട്ടത്.

അബിന്‍ ബിനോ ജോജുവിനൊപ്പം. Photo: Abin Bino/ Facebook.com

ഇപ്പോഴിതാ ബിയോണ്ട് ദി മൈക്ക് എന്ന ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ഇന്ദ്രന്‍സിനെ കുറിച്ച് അബിന്‍ ബിനോ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

രോമാഞ്ചം. Photo:  Abin Bino/ Facebook.com

‘ഞാന്‍ 2019ല്‍ എന്റെ രണ്ടാമത്തെ പടത്തിലാണ് ഇന്ദ്രന്‍സ് ചേട്ടനെ ആദ്യമായി കാണുന്നത്. അന്ന് ജയിലില്‍ നിന്നുള്ള സീനായിരുന്നു. അതുകൊണ്ട് ഭയങ്കര സീരിയസ് ആയിട്ടുള്ള സിറ്റുവേഷനായിരുന്നു. ഷൂട്ടിനിടയില്‍ പുള്ളിക്കാരന്‍ ഒരു ഗുളിക കഴിക്കുന്നത് ഞാന്‍ കണ്ടിരുന്നു. അപ്പോള്‍ അദ്ദേഹത്തെ തന്നെ നോക്കി നിന്നപ്പോള്‍ എന്താ വേണോ എന്ന് എന്നോട് ചോദിച്ചു. വേണ്ടെന്ന് പറഞ്ഞപ്പോള്‍ തമാശ പോയി സീരിയസ് ആകാനുള്ള ഗുളികയാണെന്നാണ് അദ്ദേഹം പറഞ്ഞത്.

ആശാന്‍. Photo: Prime Video

അദ്ദേഹത്തെ കുറിച്ച് പറയുമ്പോള്‍ ഫ്രണ്ടാണോ, ആശാനാണോ എന്ന് അറിയില്ല. ഇന്ദ്രന്‍സേട്ടന്‍ എപ്പോഴും എന്നെ വിളിക്കാറുണ്ട്. ഞാന്‍ തിരിച്ച് അങ്ങോട്ടും വിളിക്കാറുണ്ട്. കൊച്ചിയില്‍ ഉള്ള സമയത്താണെങ്കില്‍ നീ എവിടെയാണ് സ്ഥലത്തുണ്ടോ ഇങ്ങോട്ട് വാ എന്നൊക്കെ പറഞ്ഞ് വിളിക്കും. അത്തരത്തില്‍ നല്ല ബന്ധമാണ് അദ്ദേഹവുമായുള്ളത്,’ അബിന്‍ ബിനോ പറഞ്ഞു.

Content Highlight: Abin Bino talks about his connection with Indrans

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more