| Thursday, 2nd October 2025, 8:00 am

കരിയറിന്റെ തുടക്കത്തിൽ ആസിഫ് അലിയും വഴക്ക് കേട്ടിരുന്നു, പതറിയിരുന്നു: ആസിഫിന്റെ 'വക്കീൽ' ശ്രേയ രുക്മിണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലക്ചറർ, റേഡിയോ ജോക്കി, ഫോറൻസിക് ഓഫീസർ, അഭിനേത്രി എന്നിങ്ങനെ വിവിധ മേഖലകളിൽ ജോലി ചെയ്തിട്ടുള്ള വ്യക്തിയാണ് ശ്രേയ രുക്മിണി.

പവി കെയർടേക്കർ എന്ന ചിത്രത്തിലൂടെയാണ് രുക്മിണി സിനിമയിൽ തുടക്കം കുറിച്ചത്. പിന്നീട് ആസിഫ് അലിയുടെ ആഭ്യന്തര കുറ്റവാളി എന്ന ചിത്രത്തിലും ശ്രേയ അഭിനയിച്ചു. പിന്നീട് തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും ശ്രേയ അഭിനയിച്ചു. ഇപ്പോൾ ആസിഫ് അലിയെക്കുറിച്ച് സംസാരിക്കുകയാണ് നടി.

‘വളരെ സപ്പോർട്ടിവ് ആണ് ആസിഫ് അലി എന്ന കോ ആക്ടർ. അഭിപ്രായങ്ങളും നിർദേശങ്ങളുമൊക്കെ തരും. ആഭ്യന്തര കുറ്റവാളിയിലെ എന്റെ ആദ്യ ടേക്ക് തന്നെ ആസിഫിക്കയോടൊപ്പമായിരുന്നു. നല്ല ടെൻഷനിലായിരുന്നു ഞാൻ. കുറേ ടേക്ക് പോയ ശേഷമാണ് അന്ന് ഷോട്ട് ശരിയായത്.

സിനിമയിൽ ഞാൻ അവതരിപ്പിച്ച അഡ്വക്കറ്റ് അനില എന്ന കഥാപാത്രം ശരിക്കുമുള്ള എന്നിൽനിന്നും വളരെ വ്യത്യസ്തതയായിരുന്നു. അതുകൊണ്ടായിരിക്കാം, എനിക്ക് ക്യാരക്റ്ററിലേക്ക് ഇറങ്ങിച്ചെല്ലാൻ കഴിയുന്നുണ്ടായിരുന്നില്ല,’ ശ്രേയ രുക്മിണി പറയുന്നു.

കൂടെ അഭിനയിക്കുന്നയാൾ ഇത്രയധികം ടേക്ക് പോകുമ്പോൾ അത് മറ്റുള്ള അഭിനേതാക്കളെ ബാധിക്കുമെന്നും എന്നാൽ, ആസിഫ് അലി വളരെ കൂളായിട്ടാണ് അന്ന് അതിനെ മാനേജ് ചെയ്തതെന്നും നടി പറയുന്നു.

കരിയറിന്റെ തുടക്കത്തിൽ അദ്ദേഹവും ഇങ്ങനെ ആദ്യ ഷോട്ടിന്റെ സമയത്ത് പതറിയിരുന്നു എന്നും അതിന്റെ പേരിൽ വഴക്ക് കേട്ടിട്ടുണ്ടെന്നും കൂടുതൽ സിനിമകൾ ചെയ്യുന്നതോടെ പതിയെ ടെൻഷൻ ഇല്ലാതാകുമെന്ന് ആസിഫ് അലി തന്നോട് പറഞ്ഞെന്നും ശ്രേയ കൂട്ടിച്ചേർത്തു.

താൻ വളരെ അപ്രതീക്ഷിതമായി സിനിമയിൽ എത്തിയ വ്യക്തിയാണെന്നും സിനിമയിൽ എത്തിയ ശേഷമാണ് അഭിനയത്തിൽ സജീവമാകണമെന്ന താത്പര്യമുണ്ടാകുന്നതെന്നും ശ്രേയ പറഞ്ഞു. റെഡ് എഫ്.എമ്മിൽ വർക്ക് ചെയ്യുന്ന സമയത്താണ് താൻ പവി കെയർടേക്കർ എന്ന സിനിമയിൽ അഭിനയിക്കാൻ പോയതെന്നും അവർ പറയുന്നു.

മമ്മൂട്ടിയും ഉർവശിയുമാണ് തനിക്ക് ഇഷ്ടപ്പെട്ട അഭിനേതാക്കൾ എന്നും മമ്മൂട്ടിയെ നേരിൽ കാണണമെന്നാണ് തന്റെ ആഗ്രഹമെന്നും നടി കൂട്ടിച്ചേർത്തു.

Content Highlight: Abhyanthara Kuttavali Actress Shreya Rukmini talking about Asif Ali

We use cookies to give you the best possible experience. Learn more