| Friday, 9th October 2026, 7:43 pm

ആദ്യ ഓവറില്‍ 13 സിക്‌സറടിച്ച് രോഹിത്തിനെ വെട്ടിയവന്‍ 14ാം സിക്‌സറുമടിച്ച് ലോകത്തിന് നെറുകിലേക്ക്; ചരിത്രമെഴുതി അഭിഷേക്

ആദർശ് എം.കെ.

വെസ്റ്റ് ഇന്‍ഡീസ് – ഇന്ത്യ ടി-20 പരമ്പരയിലെ രണ്ടാം മത്സരം റാഞ്ചിയില്‍ ആരംഭിച്ചിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് നായകന്‍ ഷായ് ഹോപ്പ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു.

അഭിഷേക് ശര്‍മയും സഞ്ജു സാംസണുമാണ് ഇന്ത്യയ്ക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്.

അകീല്‍ ഹൊസൈന്‍ എറിഞ്ഞ ആദ്യ ഓവറില്‍ ഇന്ത്യ പത്ത് റണ്‍സ് നേടി. ഇതില്‍ ഒമ്പതും അഭിഷേകാണ് അടിച്ചെടുത്തത്. ഓവറിലെ അവസാന പന്തില്‍ അകീല്‍ ഹൊസൈനെ സിക്‌സറിന് പറത്തിയാണ് അഭിഷേക് തന്റെ വെടിക്കെട്ടിന് തിരി കൊളുത്തിയത്.

ഈ സിക്‌സറിന് പിന്നാലെ ഒരു ചരിത്ര നേട്ടത്തിലും അഭിഷേക് ഇടം പിടിച്ചു. അന്താരാഷ്ട്ര ടി-20കളുടെ ആദ്യ ഓവറുകളില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന താരമെന്ന നേട്ടമാണ് അഭിഷേക് തന്റെ പേരില്‍ കുറിച്ചത്.

അഭിഷേക് ശര്‍മ. Photo: BCCI/x.com

ഐറിഷ് ലെജന്‍ഡ് പോള്‍ സ്‌റ്റെര്‍ലിങ്ങിനെയും വെസ്റ്റ് ഇന്‍ഡീസ് കരുത്തന്‍ എവിന്‍ ലൂയീസിനെയും മറികടന്നുകൊണ്ടായിരുന്നു ഇന്ത്യന്‍ ഓപ്പണറുടെ നേട്ടം.

അന്താരാഷ്ട്ര ടി-20യില്‍ ഇത് 14ാം തവണയാണ് അഭിഷേക് ആദ്യ ഓവറുകളില്‍ സിക്‌സര്‍ നേടുന്നത്. ലഖ്‌നൗവില്‍ നടന്ന ആദ്യ മത്സരത്തില്‍ 13ാം സിക്‌സറടിച്ച് ഈ റെക്കോഡില്‍ ഒന്നാമതെത്തുന്ന ഇന്ത്യന്‍ താരമെന്ന നേട്ടത്തിലെത്തിയ അഭിഷേക്, രണ്ടാം മത്സരത്തില്‍ ഇതേ നേട്ടത്തില്‍ ലോകത്തിലൊന്നാമനായും ചരിത്രമെഴുതി.

അന്താരാഷ്ട്ര ടി-20യിലെ ആദ്യ ഓവറുകളില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന താരം – ഫുള്‍ മെമ്പര്‍ നേഷന്‍

(താരം – ടീം – സിക്‌സര്‍ എന്നീ ക്രമത്തില്‍)

അഭിഷേക് ശര്‍മ – ഇന്ത്യ – 14*

പോള്‍ സ്‌റ്റെര്‍ലിങ് – അയര്‍ലന്‍ഡ് – 13

എവിന്‍ ലൂയീസ് – വെസ്റ്റ് ഇന്‍ഡീസ് – 13

രോഹിത് ശര്‍മ – ഇന്ത്യ – 12

മാര്‍ട്ടിന്‍ ഗപ്ടില്‍ – ന്യൂസിലാന്‍ഡ് – 12

ടി-20യില്‍ ഇന്ത്യയ്ക്കായി ആദ്യ ഓവറില്‍ ഏറ്റവുമധികം സിക്സര്‍ നേടിയ താരങ്ങള്‍

(താരം – നേരിട്ട പന്തുകള്‍ – സിക്സര്‍ എന്നീ ക്രമത്തില്‍)

അഭിഷേക് ശര്‍മ – 173 – 14*

രോഹിത് ശര്‍മ – 401 – 12

ഇഷാന്‍ കിഷന്‍ – 114 – 8

സഞ്ജു സാംസണ്‍ – 111 – 7

വിരേന്ദര്‍ സേവാഗ് – 37 – 4

യശസ്വി ജെയ്സ്വാള്‍ – 85 – 4

കെ.എല്‍. രാഹുല്‍ – 181 – 2

അതേസമയം, മികച്ച തുടക്കം ലഭിച്ചിട്ടും അത് വമ്പന്‍ സ്‌കോറിലേക്ക് കണ്‍വേര്‍ട്ട് ചെയ്യാന്‍ സാധിക്കാതെ അഭിഷേക് മടങ്ങിയിരുന്നു. ഒരു സിക്‌സറും രണ്ട് ഫോറും അടക്കം 12 പന്തില്‍ 20 റണ്‍സ് നേടിയാണ് അഭിഷേക് കളം വിട്ടത്.

ആദ്യ മത്സരത്തില്‍ നിറം മങ്ങിയ സഞ്ജു സാംസണ്‍ റാഞ്ചിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയാണ്. പവര്‍പ്ലേയില്‍ തന്നെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് സഞ്ജു തിളങ്ങുന്നത്.

നിലവില്‍ ആറ് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു വിക്കറ്റിന് 79 എന്ന നിലയിലാണ് ഇന്ത്യ. 21 പന്തില്‍ 52 റണ്‍സുമായി സഞ്ജു സാംസണും നാല് പന്തില്‍ ആറ് റണ്‍സുമായി ഇഷാന്‍ കിഷനുമാണ് ക്രീസില്‍.

ഇന്ത്യ പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ, ശിവം ദുബെ, നമന്‍ ധിര്‍, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, മായങ്ക് യാദവ്, കുല്‍ദീപ് യാദവ്.

വെസ്റ്റ് ഇന്‍ഡീസ് പ്ലെയിങ് ഇലവന്‍

ഷായ് ഹോപ്പ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), കാമില്‍ പൂരന്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റോവ്മന്‍ പവല്‍, ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, റോസ്റ്റണ്‍ ചെയ്‌സ്, റോമാരിയോ ഷെപ്പേര്‍ഡ്, ഷമര്‍ സ്പ്രിംഗര്‍, അകീല്‍ ഹൊസൈന്‍, ഷമര്‍ ജോസഫ്, ഗുഡാകേഷ് മോട്ടി.

Content Highlight: Abhishek Sharma tops the list of most sixes in 1st over of T20Is

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more