| Thursday, 23rd January 2025, 2:55 pm

ആദ്യ പന്ത് മുതല്‍ റിസ്‌ക് ഏറ്റെടുക്കാന്‍ പ്രോത്സാഹിപ്പിച്ചു, ക്രെഡിറ്റ് അവര്‍ക്കാണ്; തുറന്ന് പറഞ്ഞ് അഭിഷേക് ശര്‍മ

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ ടി-20 മത്സരത്തില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഇംഗ്ലണ്ട് 132 റണ്‍സിന് ഓള്‍ ഔട്ട് ആകുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 12.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് നേടി വിജയം മറികടക്കുകയായിരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ അഭിഷേക് ശര്‍മയാണ്. 34 പന്തില്‍ നിന്ന് എട്ട് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടെ 79 റണ്‍സാണ് അഭിഷേക് അടിച്ചെടുത്തത്. 232.35 എന്ന തകര്‍പ്പന്‍ സ്ട്രൈക്ക് റേറ്റിലാണ് ശര്‍മ താണ്ഡവമാടിയത്. തന്റെ തകര്‍പ്പന്‍ പ്രകടനത്തെക്കുറിച്ച് സംസാരിക്കുകയാണ് ഇപ്പോള്‍ ഇന്ത്യന്‍ യുവ ബാറ്റര്‍ അഭിഷേക് ശര്‍മ.

പരിശീലകന്‍ ഗൗതം ഗംഭീറും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമാണ് തന്റെ മിന്നും പ്രകടനത്തിന്റെ ക്രഡിറ്റ് എന്ന് അഭിഷേക് പറഞ്ഞു. യുവ താരങ്ങള്‍ക്ക് വലിയ സ്വാതന്ത്ര്യമാണ് ടീമില്‍ അവര്‍ നല്‍കുന്നതെന്നും ആദ്യ പന്തുമുതല്‍ അഗ്രസീവ് സ്‌ട്രൈക്ക് നടത്താന്‍ പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷമാണ് ടീമില്‍ ഉള്ളതെന്നും യുവ താരം അഭിപ്രായപ്പെട്ടു.

അഭിഷേക് ശര്‍മ പറഞ്ഞത്

‘ഗ്രൗണ്ടില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. ഞങ്ങളുടെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും ഞങ്ങളുടെ കോച്ച് ഗംഭീറിനും ഞാന്‍ പ്രത്യേക ക്രെഡിറ്റ് നല്‍കേണ്ടതുണ്ട്. യുവ കളിക്കാരെന്ന നിലയില്‍ അവര്‍ ഞങ്ങള്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യം അവിശ്വസനീയമാണ്. ആദ്യ ഡെലിവറി മുതല്‍ തന്നെ വലിയ ഷോട്ടുകള്‍ കളിക്കാനും റിസ്‌ക് ഏറ്റെടുക്കാനും പ്രോത്സാഹിപ്പിക്കുന്ന ഇത്തരമൊരു അന്തരീക്ഷം ഞാന്‍ മുമ്പ് അനുഭവിച്ചിട്ടില്ല.

എന്റെ ക്ഷമ പരീക്ഷിക്കാന്‍ ഇംഗ്ലണ്ട് ബൗളര്‍മാര്‍ ഷോര്‍ട്ട് ബൗള്‍ ചെയ്യുമെന്ന് പ്രതീക്ഷിച്ച് എപ്പോഴും ഞാന്‍ ട്രിഗര്‍ ആകുമായിരുന്നു. ഭാഗ്യവശാല്‍, എന്റെ കണക്കുകൂട്ടലുകള്‍ നടപ്പിലാക്കാന്‍ എനിക്ക് കഴിഞ്ഞു,’ താരം പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Abhishek Sharma Talking About His Brilliant Performance

Latest Stories

We use cookies to give you the best possible experience. Learn more