| Monday, 26th January 2026, 10:51 pm

വെടിക്കെട്ടില്‍ ഇവര്‍ അണ്ണന്‍ തമ്പി; ഇതിനിടയില്‍ ഇങ്ങനെയൊരു റെക്കോഡുമുണ്ടായിരുന്നോ?!

ഫസീഹ പി.സി.

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള മൂന്നാം ടി – 20 യിലും ആതിഥേയര്‍ വിജയം സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു മെന്‍ ഇന്‍ ബ്ലൂവിന്റെ വിജയം. ബാറ്റര്‍മാര്‍ വെടിക്കെട്ട് നടത്തിയതോടെ ഇന്ത്യ വെറും പത്ത് ഓവറില്‍ തന്നെ വിജയവും പരമ്പരയും നേടിയെടുക്കുകയായിരുന്നു.

കിവികള്‍ക്ക് എതിരെ അഭിഷേക് ശര്‍മയുടെയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെയും അര്‍ധ സെഞ്ച്വറികളാണ് ടീമിന് വിജയം സമ്മാനിച്ചത്. ഇരുവരും പുറത്താവാതെ നിന്നാണ് ഇന്ത്യയെ വിജയിപ്പിച്ചത്. 20 പന്തില്‍ അഞ്ച് സിക്സും ഏഴ് ഫോറുമടക്കം 68 റണ്‍സായിരുന്നു അഭിഷേകിന്റെ സ്‌കോര്‍.

അഭിഷേക് ശർമയും സൂര്യകുമാർ യാദവും. Photo: Shebas/x.com

മറുവശത്ത് സൂര്യയുടെ സ്‌കോര്‍ 26 പന്തില്‍ മൂന്ന് സിക്സും ആറ് ഫോറുമുള്‍പ്പടെ 57 റണ്‍സുമായിരുന്നു. രണ്ട് പേരും തങ്ങളുടെ അര്‍ധ സെഞ്ച്വറി തികച്ചത് വെറും 25ല്‍ താഴെ പന്തുകള്‍ നേരിട്ടാണ്. അഭിഷേക് 14 പന്തില്‍ 50 കടന്നെങ്കിലും സ്‌കൈയ്ക്ക് ഇതിനായി വേണ്ടി വന്നത് 23 പന്തുകളാണ്.

ഇതോടെ ഒരു നേട്ടത്തില്‍ സൂര്യക്കും അഭിഷേകിനും ഒന്നാം സ്ഥാനം പങ്കിടാനായി. മറ്റൊന്നുമല്ല, ടി – 20 യില്‍ 25 ഓ അതില്‍ താഴെയോ പന്തുകള്‍ നേരിട്ട് കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടിയ താരങ്ങളിലാണ് ഇരുവരും മുന്നിലുള്ളത്. ഇങ്ങനെ ഒമ്പത് തവണ വീതം അര്‍ധ സെഞ്ച്വറി നേടിയാണ് ഇരുവരുടെയും ഈ നേട്ടം.

അഭിഷേക് ശര്‍മ. Photo: BCCI/x.com

അഭിഷേക് ടി – 20യില്‍ ഇതുവരെ നേടിയ 10 അര്‍ധ സെഞ്ച്വറികളില്‍ ഒമ്പത് തവണയും 25ല്‍ താഴെ പന്തുകള്‍ നേരിട്ടാണ് എന്നതും ഇതിനോട് ചേര്‍ത്ത് വെക്കണം. സൂര്യയാകട്ടെ 27 അര്‍ധ സെഞ്ച്വറികളില്‍ ഒമ്പത് എണ്ണം മാത്രമാണ് ഇത്ര കുറഞ്ഞ പന്തുകള്‍ നേരിട്ട് പൂര്‍ത്തിയാക്കിയത്.

25ല്‍ താഴെ പന്തുകള്‍ നേരിട്ട് കൂടുതല്‍ ടി- 20 അര്‍ധ സെഞ്ച്വറി നേടിയ താരങ്ങള്‍

(താരം – ടീം – ടോട്ടല്‍ ഫിഫ്റ്റി – എണ്ണം എന്നീ ക്രമത്തില്‍)

അഭിഷേക് ശര്‍മ – ഇന്ത്യ – 10 – 9

സൂര്യകുമാര്‍ യാദവ് – ഇന്ത്യ – 27 – 9

ഫില്‍ സാള്‍ട്ട് – ഇംഗ്ലണ്ട് – 11 – 9

എവിന്‍ ലൂയിസ് – വെസ്റ്റ് ഇന്‍ഡീസ് – 15 – 7

Content Highlight: Abhishek Sharma and Suryakumar Yadav hold the record of most fifties with 25 or less balls faced in T20I

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more