| Wednesday, 21st January 2026, 11:49 pm

മെന്ററെയും കടത്തി വെട്ടി; ഇവന് മുന്നില്‍ ഇനി ക്യാപ്റ്റന്‍ മാത്രം!

ഫസീഹ പി.സി.

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ടി – 20 മത്സരത്തില്‍ ആതിഥേയര്‍ വിജയം സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ 48 റണ്‍സിനാണ് ടീം വിജയം നേടിയെടുത്തത്. നാഗപ്പൂരില്‍ സര്‍വാധിപത്യം പുലര്‍ത്തിയാണ് മെന്‍ ഇന്‍ ബ്ലൂവിന്റെ വിജയം.

മത്സരത്തില്‍ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയത് അഭിഷേക് ശര്‍മയാണ്. 35 പന്തില്‍ 84 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. എട്ട് സിക്സും അഞ്ച് ഫോറുമാണ് ഇന്ത്യന്‍ ഓപ്പണറുടെ ഇന്നിങ്‌സില്‍ പിറന്നത്. 240 സ്‌ട്രൈക്ക് റേറ്റിലായിരുന്നു കിവികള്‍ക്ക് എതിരെ താരത്തിന്റെ താണ്ഡവം.

അഭിഷേക് ശര്‍മ. Photo: BCCI/x.com

ഇതോടെ ഒരു സൂപ്പര്‍ നേട്ടത്തിലെത്താനും അഭിഷേകിന് സാധിച്ചു. ഇന്ത്യക്കായി ടി – 20യില്‍ 200+ സ്‌ട്രൈക്ക് റേറ്റില്‍ ഏറ്റവും കൂടുതല്‍ 50+ സ്‌കോര്‍ നേടിയ രണ്ടാമത്തെ താരം എന്ന നേട്ടമാണ് 25 കാരന്‍ സ്വന്തമാക്കിയത്. ആറ് 50+ സ്‌കോറുമായാണ് താരത്തിന്റെ ഈ നേട്ടം.

ഇതാകട്ടെ അഭിഷേക് നേടിയത് തന്റെ മെന്ററായ യുവരാജ് സിങ്ങിനെ മറികടന്നാണ് എന്നതാണ് ശ്രദ്ധേയം. അഞ്ച് തവണയാണ് യുവി 200+ സ്‌ട്രൈക്ക് റേറ്റില്‍ 50+ റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ളത്. ഈ നേട്ടത്തില്‍ മുന്നിലുള്ളത് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ്. താരം പത്ത് തവണയാണ് ഇങ്ങനെ 50+ സ്‌കോര്‍ കണ്ടെത്തിയിട്ടുള്ളത്.

ഇന്ത്യയ്ക്കായി ടി – 20യില്‍ 200+ സ്‌ട്രൈക്ക് റേറ്റില്‍ ഏറ്റവും കൂടുതല്‍ 50+ സ്‌കോര്‍ നേടിയ താരങ്ങള്‍, എണ്ണം

സൂര്യകുമാര്‍ യാദവ് – 10

അഭിഷേക് ശര്‍മ – 6

യുവരാജ് സിങ് – 5

രോഹിത് ശര്‍മ്മ – 4

കെഎല്‍ രാഹുല്‍ – 4

ഹാര്‍ദിക് പാണ്ഡ്യ – 3

യശസ്വി ജയ്സ്വാള്‍ – 3

അഭിഷേകിന് പുറമെ റിങ്കു സിങ് ( 20 പന്തില്‍ 44*), ഹര്‍ദിക് പാണ്ഡ്യ (16 പന്തില്‍ 25) എന്നിവരും സംഭാവന ചെയ്തു. സഞ്ജു സാംസണ്‍ അടക്കമുള്ള താരങ്ങള്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല.

റിങ്കു സിങ്. Photo: BCCI/x.com

കിവീസിനായി ജേക്കബ് ഡഫിയും കൈല്‍ ജാമിസണും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ക്രിസ് ക്ലാര്‍ക്ക്, മിച്ചല്‍ സാന്റ്‌നര്‍, ഇസ് സോഥി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങില്‍ ഗ്ലെന്‍ ഫിലിപ്‌സ് (40 പന്തില്‍ 78), മാര്‍ക്ക് ചാപ്മാന്‍ (24 പന്തില്‍ 39) എന്നിവര്‍ മികച്ച പ്രകടനം നടത്തി.

ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തിയും ശിവം ദുബെയും രണ്ട് വിക്കറ്റ് വീതം നേടി. അര്‍ഷ്ദീപ് സിങ്, ഹര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റുമെടുത്തു ടീമിന്റെ വിജയത്തില്‍ പങ്കാളികളായി.

Content Highlight: Abhishek Sharma surpassed Yuvaraj Singh in Most 50+ Scores for India in T20I with 200+ SR

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more