| Thursday, 22nd January 2026, 4:44 pm

ഫിഞ്ച്, രോഹിത്, ബട്‌ലര്‍, ഗെയ്ല്‍ എല്ലാവരും ഇനി പിന്നില്‍; സിംഹാസനാരോഹണത്തിന് പ്രതിബന്ധം കരീബിയന്‍ കരുത്ത് മാത്രം

ആദര്‍ശ് എം.കെ.

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പരയില്‍ ആദ്യ മത്സരം വിജയിച്ച് ആതിഥേയര്‍ പരമ്പരയില്‍ ഒപ്പമെത്തിയിരിക്കുകയാണ്. നാഗ്പൂരില്‍ നടന്ന മത്സരത്തില്‍ 48 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ നേടിയത്.

ഇന്ത്യ ഉയര്‍ത്തിയ 238 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കിവികള്‍ക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 190 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഓപ്പണര്‍ അഭിഷേക് ശര്‍മയുടെയും ഫിനിഷര്‍ റിങ്കു സിങ്ങിന്റെയും വെടിക്കെട്ടിലാണ് മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. അഭിഷേക് 35 പന്തില്‍ 84 റണ്‍സടിച്ചപ്പോള്‍ 20 പന്തില്‍ പുറത്താകാതെ 44 റണ്‍സാണ് റിങ്കു അടിച്ചുകൂട്ടിയത്.

അഞ്ച് ഫോറും ആകാശം തൊട്ട എട്ട് പടുകൂറ്റന്‍ സിക്‌സറുകളും അടങ്ങുന്നതായിരുന്നു അഭിഷേകിന്റെ ഇന്നിങ്‌സ്. 240.00 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.

അഭിഷേക് ശര്‍മ. Photo: BCCI/x.com

ഈ പ്രകടനത്തിന് പിന്നാലെ ഒരു നേട്ടത്തില്‍ മുന്നേറ്റമുണ്ടാക്കാനും അഭിഷേകിന് സാധിച്ചു. അന്താരാഷ്ട്ര ടി-20യില്‍ 200+ സ്‌ട്രൈക് റേറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ഓപ്പണറുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയാണ് അഭിഷേത് ചരിത്രം കുറിച്ചത്.

ഓസ്‌ട്രേലിയയെ ടി-20 ലോകകിരീടമണിയിച്ച ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിനെ മറികടന്നുകൊണ്ടാണ് അഭിഷേക് ഈ നേട്ടത്തില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചത്. വിന്‍ഡീസ് കരുത്തന്‍ എവിന്‍ ലൂയീസ് മാത്രമാണ് ഈ റെക്കോഡ് നേട്ടത്തില്‍ അഭിഷേകിന് മുമ്പിലുള്ളത്.

അന്താരാഷ്ട്ര ടി-20യില്‍ 200+ സ്‌ട്രൈക് റേറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ഓപ്പണര്‍

(താരം – ടീം – റണ്‍സ് എന്നീ ക്രമത്തില്‍)

എവിന്‍ ലൂയീസ് – വെസ്റ്റ് ഇന്‍ഡീസ് – 780

അഭിഷേക് ശര്‍മ – ഇന്ത്യ – 673*

ആരോണ്‍ ഫിഞ്ച് – ഓസ്‌ട്രേലിയ – 628

രോഹിത് ശര്‍മ – ഇന്ത്യ – 525

ജോസ് ബട്‌ലര്‍ – ഇംഗ്ലണ്ട് – 512

ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – 463

ഫില്‍ സാള്‍ട്ട് – ഇംഗ്ലണ്ട് – 463

അഭിഷേക് ശര്‍മ. Photo: BCCI/x.com

ഈ വെടിക്കെട്ടിന് പിന്നാലെ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും അഭിഷേക് തന്നെയായിരുന്നു. സ്വന്തം മണ്ണില്‍ നടക്കുന്ന ലോകകപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍ അഭിഷേകിന്റെ പ്രകടനം ആരാധകര്‍ക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ല.

നാളെയാണ് പരമ്പരയിലെ രണ്ടാം മത്സരം. റായ്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ സിങ് അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി.

Content highlight: Abhishek Sharma surpassed Aaron Finch in most Runs at SR 200+ as T20I Opener

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more