| Friday, 3rd July 2026, 7:00 pm

സ്‌കൈയേയും യൂണിവേഴ്‌സല്‍ ബോസിനേയും ഒരുമിച്ച് വെട്ടി; അഭിഷേകിന്റെ 'സെഞ്ച്വറിയില്‍' പിറന്നത് വമ്പന്‍ റെക്കോഡ്

ശ്രീരാഗ് പാറക്കല്‍

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി-20 പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സായിരുന്നു നേടിയത്. ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ രണ്ടാം മത്സരം ജൂലൈ നാലിന് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കും.

ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയ അഭിഷേക് ശര്‍മ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ട് ബൗളര്‍മാരെ പറത്തിയടിക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. ആദ്യ മത്സരത്തില്‍ 24 പന്തില്‍ 59 റണ്‍സായിരുന്നു അഭിഷേക് സ്വന്തമാക്കിയത്. നാല് സിക്സറുകളും ആറ് ഫോറുകളുമാണ് ഇന്ത്യന്‍ ഓപ്പണറുടെ ബാറ്റില്‍ നിന്ന് പിറന്നത്. 245.83 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്.

വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയതിന് പിന്നാലെ ഒരു കിടിലന്‍ റെക്കോഡും താരം സ്വന്തമാക്കിയിരുന്നു.

അന്താരാഷ്ട്ര ടി-20 ക്രിക്കറ്റില്‍ 100 സിക്‌സര്‍ പൂര്‍ത്തിയാക്കാനാണ് താരത്തിന് സാധിച്ചത്. മാത്രമല്ല അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവും വേഗതയില്‍ 100 സിക്‌സര്‍ നേടുന്ന രണ്ടാമത്തെ താരമാകാനും അഭിഷേകിന് സാധിച്ചു (ഇന്നിങ്‌സ്). ഈ നേട്ടത്തില്‍ സൂര്യകുമാര്‍ യാദവിനെയും യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലിനെയും ഒരുമിച്ച് വെട്ടിയാണ് അഭിഷേക് രണ്ടാമനായത്. ഈ ലിസ്റ്റില്‍ ഒന്നാമന്‍ വിന്‍ഡീസ് സൂപ്പര്‍ താരം എവിന്‍ ലൂയിസാണ്.

അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവും വേഗതയില്‍ 100 സിക്‌സര്‍ നേടുന്നവര്‍ (ഇന്നിങ്‌സ്)

എവിന്‍ ലൂയിസ് (വെസ്റ്റ് ഇന്‍ഡീസ്) – 42

അഭിഷേക് ശര്‍മ (ഇന്ത്യ) – 48*

സൂര്യകുമാര്‍ യാദവ് (ഇന്ത്യ) – 49

ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്) – 49

ഫിന്‍ അലന്‍ (ന്യൂസിലാന്‍ഡ്) – 55

മാത്രമല്ല ടി-20 ചരിത്രത്തില്‍ നേരിട്ട പന്തുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗതയില്‍ 100 സിക്സര്‍ പൂര്‍ത്തിയാക്കുന്ന താരമെന്ന റെക്കോഡും അഭിഷേക് സ്വന്തം പേരിലാക്കി. 785 പന്തില്‍ നിന്നാണ് അഭിഷേക് 100 സിക്സറുകള്‍ സ്വന്തമാക്കിയത്.

മത്സരത്തില്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും അര്‍ധ സെഞ്ച്വറി അര്‍ധ സെഞ്ച്വറി നേടി മിന്നും പ്രകടനം നടത്തിയിരുന്നു. 47 പന്തില്‍ 68 റണ്‍സാണ് അയ്യര്‍ അടിച്ചെടുത്തത്. ആറ് ഫോറുകളും ഒരു സിക്സും അടങ്ങുന്നതാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ പ്രകടനം. കുട്ടി ക്രിക്കറ്റില്‍ ഇന്ത്യക്കായി തന്റെ ഒമ്പതാം ഫിഫ്റ്റിയാണ് ശ്രേയസ് സ്വന്തമാക്കിയത്.

Content Highlight: Abhishek Sharma Surpass Chris Gayle And Suryakumar Yadav In Great T-20 Record

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more