| Friday, 9th January 2026, 1:17 pm

T20 ലോകകപ്പ്: 13 സിക്‌സര്‍, 7 ഫോര്‍; 250.00ല്‍ പുറത്തെടുത്ത വെടിക്കെട്ട് മറക്കാനാകുമോ?

ആദര്‍ശ് എം.കെ.

2026 ടി-20 ലോകകപ്പിനുള്ള ആരാധകരുടെ കാത്തിരിപ്പിന് ഇനി ഒരു മാസത്തില്‍ താഴെ മാത്രമാണ് ആയുസുള്ളത്. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയരാകുന്ന ലോകകപ്പിന്റെ പത്താം എഡിഷന് ഫെബ്രുവരി ഏഴിന് തുടക്കമാകും.

2024ല്‍ രോഹിത് ശര്‍മയ്ക്ക് കീഴില്‍ നേടിയ കിരീടം നിലനിര്‍ത്താനുറച്ച് തന്നെയാണ് സൂര്യകുമാറും സംഘവും സ്വന്തം മണ്ണില്‍ കളത്തിലിറങ്ങുന്നത്.

എഷ്യാ കപ്പ് ജേതാക്കളായ ഇന്ത്യ

വെടിക്കെട്ട് വീരന്‍മാരുടെ നിരയുമായാണ് ഇന്ത്യ ലോകകപ്പിനിറങ്ങുന്നത്. നേരിടുന്ന ആദ്യ പന്ത് മുതല്‍ വെടിക്കെട്ടിന് തിരികൊളുത്താന്‍ പോന്ന താരങ്ങളാണ് ഇന്ത്യയുടെ കരുത്ത്. ഇക്കൂട്ടത്തില്‍ എടുത്ത് പറയേണ്ട പേരുകളിലൊന്ന് ഓപ്പണര്‍ അഭിഷേക് ശര്‍മയുടേതാണ്.

അഭിഷേക് ശര്‍മ. Photo: BCCI/x.com

ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി പുറത്തെടുക്കുന്ന വെടിക്കെട്ട് ഇന്ത്യന്‍ ജേഴ്‌സിയിലും താരം ശീലമാക്കിയിരിക്കുകയാണ്. ധരിക്കുന്ന ജേഴ്‌സിയുടെ നിറം എന്തുതന്നെയാകട്ടെ, ഓപ്പണിങ് പാര്‍ട്ണര്‍ ആരും തന്നെയാകട്ടെ, എതിരെ നില്‍ക്കുന്നത് ഏത് ലോകോത്തര ബൗളറുമാകട്ടെ തെല്ലും പേടിയില്ലാതെ പന്ത് ബൗണ്ടറി കടത്തുകയെന്നത് തന്നെയാണ് അഭിഷേകിന്റെ രീതി.

അന്താരാഷ്ട്ര തലത്തില്‍ അഭിഷേകിന്റെ കണക്കുകളും ഇത് അടിവരയിടുന്നതാണ്. 35.96 ശരാശരിയിലും 188.02 സ്‌ട്രൈക് റേറ്റിലും 32 ഇന്നിങ്‌സില്‍ നിന്നും അടിച്ചെടുത്തത് 1115 റണ്‍സ്. ആറ് അര്‍ധ സെഞ്ച്വറിയും രണ്ട് സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടുന്നു. 2024ല്‍ സിംബാബ്‌വേയ്‌ക്കെതിരെയും 2025ല്‍ ഇംഗ്ലണ്ടിനെതിരെയുമാണ് താരത്തിന്റെ സെഞ്ച്വറി നേട്ടം പിറവിയെടുത്തത്.

അഭിഷേക് ശര്‍മ. Photo: BCCI/x.com

വാംഖഡെ സ്റ്റേഡിയത്തിലായിരുന്നു അഭിഷേകിന്റെ ഇംഗ്ലണ്ട് മര്‍ദനം. 54 പന്ത് നേരിട്ട താരം അടിച്ചെടുത്തത് 135 റണ്‍സ്. എണ്ണം പറഞ്ഞ ഏഴ് ഫോറും ആകാശം തൊട്ട 13 സിക്‌സറും ഉള്‍പ്പടെ 250.00 സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.

അന്താരാഷ്ട്ര ടി-20യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച വ്യക്തിഗത സ്‌കോറിന്റെ റെക്കോഡും സ്വന്തമാക്കിയാണ് അഭിഷേക് കളം വിട്ടത്. 2023ല്‍ ന്യൂസിലാന്‍ഡിനെതിരെ ശുഭ്മന്‍ ഗില്‍, തന്റെ ഭാഗ്യഗ്രൗണ്ടായ അഹമ്മദാബാദില്‍ നേടിയ 126* റണ്‍സിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.

അഭിഷേക് ശര്‍മ. Photo: BCCI/x.com

അഭിഷേകിന്റെ കരുത്തില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സ് നേടി. 30 റണ്‍സടിച്ച ശിവം ദുബെയായിരുന്നു ഇന്ത്യന്‍ നിരയിലെ രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.

മുഹമ്മദ് ഷമിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ സന്ദര്‍ശകരെ കൊന്ന് കൊലവിളിച്ചപ്പോള്‍ ഇംഗ്ലണ്ട് വെറും 97 റണ്‍സിന് പുറത്തായി. അതായത് അഭിഷേക് ഒറ്റയ്ക്ക് നേടിയതിനേക്കാള്‍ 38 റണ്‍സ് കുറവ്.

ഇംഗ്ലണ്ട് നിരയില്‍ രണ്ടേ രണ്ട് താരങ്ങള്‍ മാത്രമാണ് ഇരട്ടയക്കം കണ്ടത്. 55 റണ്‍സടിച്ച ഫില്‍ സാള്‍ട്ടാണ് ടോപ്പ് സ്‌കോറര്‍.

ഏതൊരു ടീമിനെതിരെയും ഇതുപോലെ വെടിക്കെട്ട് പുറത്തെടുക്കാന്‍ കെല്‍പ്പുള്ള താരമാണ് അഭിഷേക്. ഈ ലോകകപ്പില്‍ ഇന്ത്യയെ വീഴ്ത്താന്‍ അഭിഷേകും സഞ്ജുവുമടങ്ങുന്ന ടോപ്പ് ഓര്‍ഡറിനെ പിടിച്ചുകെട്ടുകയായിരിക്കണം എതിര്‍ ടീം ബൗളര്‍മാര്‍ ചെയ്യുന്നത്.

Content Highlight: Abhishek Sharma’s explosive innings against England in 2025

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more