| Monday, 16th March 2026, 2:08 pm

സഞ്ജു പറഞ്ഞത് ആദ്യം ചെവികൊണ്ടില്ല, പിന്നീട് അനുസരിച്ചത് എനിക്ക് ഗുണം ചെയ്തു: അഭിഷേക്

ഫസീഹ പി.സി.

2026 ടി – 20 ലോകകപ്പിനിടെ സഞ്ജു സാംസണ്‍ നല്‍കിയ ഉപദേശത്തെ കുറിച്ച് മനസ് തുറന്ന് അഭിഷേക് ശര്‍മ. സെമി ഫൈനലില്‍ ലെഗ് സ്പിന്നര്‍ എറിഞ്ഞ ഓവറില്‍ ആക്രമിച്ച് കളിക്കേണ്ടെന്ന് സഞ്ജു പറഞ്ഞുവെന്നും എന്നാല്‍ താനത് കേള്‍ക്കാതെ വലിയ ഷോട്ട് ശ്രമിച്ച് പുറത്തായെന്നും താരം പറഞ്ഞു.

അതോടെ ഫൈനലില്‍ സഞ്ജു പറയുന്നത് കേള്‍ക്കാന്‍ തീരുമാനിച്ചെന്നും ആ തീരുമാനം ഗുണം ചെയ്‌തെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ടുഡേയില്‍ സംസാരിക്കുകയായിരുന്നു അഭിഷേക്.

അഭിഷേക് ശർമ. Photo: BCCI/x.com

‘സെമി ഫൈനലില്‍ ഒരു ഓഫ് സ്പിന്നര്‍ ബൗള്‍ ചെയ്തപ്പോള്‍ അവസാന ബൗള്‍ ഞാനാണ് ഫേസ് ചെയ്തത്. സഞ്ജുവിനോട് അതില്‍ ആക്രമിച്ച് കളിക്കേണ്ടതില്ലെന്ന് പറഞ്ഞു. പക്ഷേ, ഞാനത് കേള്‍ക്കാതെ വലിയ ഷോട്ടിന് ശ്രമിച്ച് പുറത്തായി.

അതോടെ സഞ്ജു പറയുന്നതെല്ലാം കേള്‍ക്കുമെന്ന് ഞാന്‍ തീരുമാനിച്ചു. ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ അഞ്ചാം ഓവറിന്റെ അവസാനത്തില്‍ നമ്മുക്ക് പവര്‍പ്ലേയില്‍ ഒരു ഓവര്‍ കൂടിയുണ്ടെന്നും അതിനാല്‍ അടിച്ച് കളിക്കേണ്ടതില്ലെന്നും പറഞ്ഞു. ഞാനത് അനുസരിച്ചു. അടുത്ത ഓവറില്‍ എനിക്ക് 20 റണ്‍സ് അടിക്കാന്‍ സാധിച്ചു,’ അഭിഷേക് പറഞ്ഞു.

സഞ്ജു സാംസണും അഭിഷേക് ശർമയും 2026 ടി – 20 ലോകകപ്പിൽ ന്യൂസിലാൻഡിനെതിരെയുള്ള ഫൈനലിനിടെ. Photo: BCCI/x.com

ടി – 20 ലോകകപ്പിലെ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ അഭിഷേകിന് വലിയ പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. ഏഴ് പന്തുകള്‍ നേരിട്ട് ഒമ്പത് റണ്‍സ് മാത്രമാണ് താരത്തിന് സെമിയില്‍ എടുക്കാന്‍ സാധിച്ചത്. വില്‍ ജാക്സിന്റെ പന്തില്‍ ഫില്‍ സാള്‍ട്ടിന് ക്യാച്ച് നല്‍കിയായിരുന്നു ഓപ്പണറുടെ മടക്കം.

സെമിയില്‍ തിളങ്ങാനായില്ലെങ്കിലും അഭിഷേക് ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. 21 പന്തില്‍ 52 റണ്‍സാണ് ഇടം കൈയ്യന്‍ ഓപ്പണര്‍ നേടിയത്. 247. 62 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത താരത്തിന്റെ ഇന്നിങ്‌സില്‍ നിന്ന് അതിര്‍ത്തി കടന്നത് മൂന്ന് സിക്സും ആറ് ഫോറുമായിരുന്നു.

Content Highlight: Abhishek Sharma opens up about the Sanju Samson’s advice during T20 World Cup

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

Latest Stories

We use cookies to give you the best possible experience. Learn more