സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയ്ക്ക് ഇന്ന് (ഡിസംബര്‍ 9ന്) തുടക്കമാകും. ഒഡീഷയിലെ ബരാബതി സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം അരങ്ങേറുന്നത്. മത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണറും വെടിക്കെട്ട് ബാറ്ററുമായ അഭിഷേക് ശര്‍മയെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ റെക്കോഡാണ്.
മത്സരത്തില്‍ വെറും 20 റണ്‍സ് നേടാന്‍ സാധിച്ചാല്‍ 2025ലെ അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമാകാനുള്ള അവസരമാണ് അഭിഷേകിനുള്ളത് (ഫുള്‍മെമ്പര്‍ ടീം). ഈ നേട്ടത്തില്‍ പാകിസ്ഥാന്‍ താരം സഹിബ്‌സാദ ഫര്‍ഹാനേയും ബംഗ്ലാദേശിന്റെ തന്‍സിദ് ഹസനേയും വെട്ടാനാണ് താരത്തിന് സാധിക്കുക.
മാത്രമല്ല പ്രോട്ടിയാസിനെതിരായ പരമ്പരയില്‍ നിന്ന് 181 റണ്‍സ് നേടിയാല്‍ ഈ നേട്ടത്തില്‍ ഒന്നാം സ്ഥാനത്തുള്ള സിംബാബ്‌വേ താരം ബ്രയാന്‍ ബെന്നറ്റിനെ വെട്ടാനും അഭിഷേകിന് സാധിക്കും. ഇന്ന് പ്രോട്ടിയാസിനെതിരെ കളത്തിലിറങ്ങുമ്പോള്‍ അഭിഷേക് മിന്നും പ്രകടനം നടത്തുമെന്ന് തന്നെയാണ് ആരാധകരും ക്രിക്കറ്റ് നിരീക്ഷകരും വിശ്വസിക്കുന്നത്.
തന്റെ അഗ്രസീവ് ബാറ്റിങ് പ്രകടനം കൊണ്ട് ഏവരേയും അമ്പരപ്പിച്ച അഭിഷേക് മികച്ച സ്ഥിരതയും ഫോര്‍മാറ്റില്‍ സ്വന്തമാക്കി. നിലവില്‍ 28 ഇന്നിങ്‌സില്‍ നിന്നും 1,012 റണ്‍സാണ് അഭിഷേക് ഇതുവരെ അടിച്ചെടുത്തത്. 37.48 എന്ന ശരാശരിയിലും 189.51 സ്‌ട്രൈക് റേറ്റിലുമാണ് താരം ബാറ്റ് വീശുന്നത്. രണ്ട് സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയും അടിച്ചെടുത്ത താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 135 ആണ്.
അതേസമയം പരിക്കില്‍ നിന്ന് പൂര്‍ണമായി മോചിതനായ വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും തിരിച്ചെത്തിയത് ടീമിന് വലിയ ആശ്വാസമാണ്.
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, ഹര്‍ഷിദ് റാണ, വാഷിങ്ടണ്‍ സുന്ദര്‍
Content Highlight: Abhishek Sharma Need 20 Runs To Get A Record Achievement