| Thursday, 22nd January 2026, 8:23 am

ലോക ചരിത്രത്തില്‍ ഒരേയൊരു അഭിഷേക്; കിവീസിനെ പറത്തിയടിച്ചവന്‍ വെട്ടിയത് വിന്‍ഡീസ് വീരനെ!

ശ്രീരാഗ് പാറക്കല്‍

ന്യൂസിലാന്‍ഡിനെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. നാഗ്പൂരില്‍ നടന്ന മത്സരത്തില്‍ 48 റണ്‍സിനാണ് ഇന്ത്യ വിജയം നേടിയെടുത്തത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 238 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. മറുപടിക്കിറങ്ങിയ കിവീസിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

വെടിക്കെട്ട് ബാറ്റര്‍ അഭിഷേക് ശര്‍മയുടെ കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലെത്തിയത്. 35 പന്തില്‍ നിന്ന് എട്ട് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടെ 84 റണ്‍സാണ് താരം അടിച്ചെടുത്തത്. 240 സ്‌ട്രൈക്ക് റേറ്റിലായിരുന്നു കിവികള്‍ക്ക് എതിരെ താരത്തിന്റെ താണ്ഡവം. ഇഷ് സോധിയുടെ പന്തില്‍ ഉയര്‍ത്തിയടിച്ച അഭിഷേക് കൈല്‍ ജാമിസണിന്റെ കയ്യിലെത്തിയാണ് മടങ്ങിയത്.

എന്നിരുന്നാലും ഒരു തകര്‍പ്പന്‍ വ്യക്തിഗത നേട്ടം സ്വന്തമാക്കിയാണ് വെടിക്കെട്ട് വീരന്‍ മടങ്ങിയത്. ടി-20 ക്രിക്കറ്റില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് അഭിഷേകിന് സാധിച്ചത്. മാത്രമല്ല ലോകചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന താരമാകാനും അഭിഷേകിന് സാധിച്ചു. ഈ നേട്ടത്തില്‍ വിന്‍ഡീസ് വെടിക്കെട്ട് വീരന്‍ ആന്ദ്രെ റസലിനെ മറികടന്നാണ് താരം ഒന്നാമത് എത്തിയത്.

ടി-20 ക്രിക്കറ്റില്‍ അതിവേഗം 5000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരങ്ങള്‍, നേരിട്ട പന്ത്

അഭിഷേക് ശര്‍മ (ഇന്ത്യ) – 2898

ആന്ദ്രെ റസല്‍ (വെസ്റ്റ് ഇന്‍ഡീസ്) – 2942

ടിം ഡേവിഡ് (ഓസ്ട്രേലിയ) – 3127

വില്‍ ജാക്സ് (ഇംഗ്ലണ്ട്) – 3196

ഗ്ലെന്‍ ഫിലിപ്സ് (ന്യൂസിലാന്‍ഡ്) – 3239

അഭിഷേകിന് പുറമെ റിങ്കു സിങ് ( 20 പന്തില്‍ 44*), ഹര്‍ദിക് പാണ്ഡ്യ (16 പന്തില്‍ 25) എന്നിവരും സംഭാവന ചെയ്തു. സഞ്ജു സാംസണ്‍ അടക്കമുള്ള താരങ്ങള്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. കിവീസിനായി ജേക്കബ് ഡഫിയും കൈല്‍ ജാമിസണും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ക്രിസ് ക്ലാര്‍ക്ക്, മിച്ചല്‍ സാന്റ്‌നര്‍, ഇസ് സോഥി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങില്‍ ഗ്ലെന്‍ ഫിലിപ്‌സ് (40 പന്തില്‍ 78), മാര്‍ക്ക് ചാപ്മാന്‍ (24 പന്തില്‍ 39) എന്നിവര്‍ മികച്ച പ്രകടനം നടത്തി. ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തിയും ശിവം ദുബെയും രണ്ട് വിക്കറ്റ് വീതം നേടി. അര്‍ഷ്ദീപ് സിങ്, ഹര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റുമെടുത്തു ടീമിന്റെ വിജയത്തില്‍ പങ്കാളികളായി.

Content Highlight: Abhishek Sharma In Great Record Achievement In T20 Cricket

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more