| Friday, 31st October 2025, 10:28 pm

വമ്പന്‍മാരില്‍ ഒന്നാമന്‍; വെടിക്കെട്ട് റെക്കോഡില്‍ ക്യാപ്റ്റനെയും വെട്ടി!

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയ്‌ക്കെതിരായ ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ നാല് വിക്കറ്റിന്റെ വിജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 18.4 ഓവറില്‍ 125 റണ്‍സിന് പുറത്താകുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ 13.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഓസ്‌ട്രേലിയ വിജയലക്ഷ്യം മറികടന്നത്.

അതേസമയം ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് പ്രകടനത്തിലാണ് ഇന്ത്യ 125 എന്ന ടോട്ടലിലെത്തിയത്. 37 പന്തില്‍ രണ്ട് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 68 റണ്‍സാണ് താരം അടിച്ചെടുത്തത്. ഇതോടെ ഒരു വെടിക്കെട്ട് റെക്കോഡാണ് അഭിഷേക് ശര്‍മ സ്വന്തമാക്കിയത്. അന്താരാഷ്ട്ര ടി-20യില്‍ 25 ഇന്നിങ്‌സിന് ശേഷം ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക് റേറ്റ് നേടുന്ന താരമെന്ന നേട്ടമാണ് അഭിഷേക് സ്വന്തമാക്കിയത്. ഈ നേട്ടത്തില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ മറികടക്കാനും അഭിഷേകിന് സാധിച്ചു.

അന്താരാഷ്ട്ര ടി-20യില്‍ 25 ഇന്നിങ്‌സിന് ശേഷം ഏറ്റവും കൂടുതല്‍ സ്‌ട്രൈക്ക് റേറ്റ് നേടുന്ന താരം, സ്‌ട്രൈക്ക് റേറ്റ്

അഭിഷേക് ശര്‍മ – 193

സൂര്യകുമാര്‍ യാദവ് – 173

ടിം ഡേവിഡ് – 170

ഫില്‍ സാള്‍ട്ട് – 168

ഫിന്‍ അലന്‍ – 163

റിങ്കു സിങ് – 162

മത്സരത്തില്‍ ഹര്‍ഷിത് റാണയും അഭിഷേകും തമ്മിലുള്ള കൂട്ടുകെട്ടിലാണ് ഇന്ത്യയുടെ സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചത്. 33 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 35 റണ്‍സാണ് റാണയുടെ സമ്പാദ്യം. മറ്റാര്‍ക്കും ഇന്ത്യയ്ക്ക് വേണ്ടി രണ്ടക്കം നേടാന്‍ പോലും സാധിച്ചിരുന്നില്ല.

വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടപ്പെട്ടത്. 10 പന്തില്‍ 5 റണ്‍സുമായാണ് താരം കൂടാരം കയറിയത്. ശേഷം വണ്‍ഡൗണിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച സഞ്ജു സാംസണ്‍ നാല് പന്തില്‍ രണ്ട് റണ്‍സിനും മടങ്ങി. ക്യാപ്റ്റന്‍ സൂര്യ കുമാര്‍ യാദവ് (4 പന്തില്‍ 1), തിലക് വര്‍മ (2 പന്തില്‍ 0), അക്‌സര്‍ പട്ടേല്‍ (12 പന്തില്‍ 7) എന്നിവര്‍ പ്രതീക്ഷിച്ച പ്രകടനം നടത്താതെയാണ് പുറത്തായത്.

ഓസീസിന് വേണ്ടി മിന്നും ബൗളിങ് പ്രകടനം നടത്തിയത് പേസര്‍ ഹേസല്‍വുഡ്ഡാണ്. നാല് ഓവറില്‍ 13 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 3.25 എന്ന എക്കോണമിയിലായിരുന്നു താരത്തിന്റെ ബൗളിങ്. താരത്തിന് പുറമെ സേവിയര്‍ ബാര്‍ട്ട്‌ലെറ്റ്, നഥാന്‍ എല്ലിസ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ മാര്‍ക്കസ് സ്‌റ്റേയിനിസ് ഒരു വിക്കറ്റും സ്വന്തമാക്കി.

മത്സരത്തില്‍ ഓസീസിന് വേണ്ടി മിന്നും പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷാണ്. 26 പന്തില്‍ നാല് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 46 റണ്‍സ് നേടി വെടിക്കെട്ട് പ്രകടനം നടത്തിയാണ് താരം പുറത്തായത്. ട്രാവിസ് ഹെഡ്ഡ് 15 പന്തില്‍ 28 റണ്‍സും ജോഷ് ഇംഗ്ലിസ് 20 റണ്‍സും നേടി. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റും നേടി. മത്സരത്തില്‍ 13ാം ഓവറിലായിരുന്നു സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറ ഇന്ത്യയ്ക്ക് വേണ്ടി രണ്ട് വിക്കറ്റും നേടിയത്.

Content Highlight: Abhishek Sharma In Great Record Achievement In T20

We use cookies to give you the best possible experience. Learn more