ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടി – 20യിലും ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു.
ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ടീം വിജയിച്ചത്. മത്സരത്തില്‍ കിവീസ് ഉയര്‍ത്തിയ 153 റണ്‍സ് വെറും പത്ത് ഓവറില്‍ മറികടക്കുകയായിരുന്നു ഇന്ത്യ. ഇതോടെ രണ്ട് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ മെന്‍ ഇന്‍ ബ്ലൂവിന് പരമ്പര സ്വന്തമാക്കാനും സാധിച്ചു.
മത്സരത്തില്‍ ഇന്ത്യക്കായി തിളങ്ങിയത് അഭിഷേക് ശര്‍മയും സൂര്യകുമാര്‍ യാദവുമാണ്. പുറത്താകാതെ വെറും 20 പന്തില്‍ നിന്ന് 68 റണ്‍സാണ് അഭിഷേക് നേടിയത്. അഞ്ച് സിക്സറുകളും ഏഴ് ഫോറുമാണ് അഭിഷേകിന്റെ ഇന്നിങ്സില്‍ പിറന്നത്. 340.00 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത് ഓപ്പണര്‍ 14 പന്തില്‍ തന്റെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. താരത്തിന്റെ വെടിക്കെട്ട് പ്രകടനത്തില്‍ ഒരു തകര്‍പ്പന്‍ റെക്കോഡും പിറന്നിരുന്നു.
അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവും വേഗത്തില്‍ 200 ബൗണ്ടറികള്‍ നേടുന്ന താരമാകാനാണ് അഭിഷേകിന് സാധിച്ചത്. വെറും 35 ഇന്നിങ്‌സില്‍ നിന്നാണ് അഭിഷേക് ഈ നേട്ടത്തിലെത്തിയത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെയും മുന്‍ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചിനെയും മറികടന്നാണ് ഇന്ത്യന്‍ വെടിക്കെട്ട് വീരന്‍ ഈ നേട്ടം കൊയ്തത്.
അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവും വേഗത്തില്‍ 200 ബൗണ്ടറികള്‍ നേടുന്ന താരം, ഇന്നിങ്‌സ്
അഭിഷേക് ശര്‍മ (ഇന്ത്യ) – 35
സൂര്യകുമാര്‍ യാദവ് (ഇന്ത്യ) – 39
ആരോണ്‍ ഫിഞ്ച് (ഓസ്‌ട്രേലിയ) – 39
വിരാട് കോഹ്‌ലി (ഇന്ത്യ) – 40
ഫില്‍ സാള്‍ട്ട് (ഇംഗ്ലണ്ട്) – 42
ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്) – 43
മത്സരത്തില്‍ അഭിഷേകിന് പുറമെ, സൂര്യകുമാര്‍ യാദവ് 26 പന്തില്‍ 57 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. കിവീസിനായി മാറ്റ് ഹെന്റിയും ഇഷ് സോധിയും ഓരോ വിക്കറ്റുകള്‍ നേടി.
അതേസമയം കിവീസിന് വേണ്ടി 48 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്‌സാണ് ടോപ് സ്‌കോറര്‍. മാര്‍ക് ചാപ്മാന്‍ 32 റണ്‍സും നേടിയിരുന്നു.
ഇന്ത്യക്കായി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തി. രവി ബിഷ്‌ണോയിയും ഹര്‍ദിക് പാണ്ഡ്യയും രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ഒപ്പം ഹര്‍ഷിത് റാണ ഒരു വിക്കറ്റുമെടുത്തു.
Content Highlight: Abhishek Sharma In Great Record Achievement In T-20i