ഏഷ്യാ കപ്പിന് ആരവമുയരാന്‍ ഇനി ഏതാനും ദിവസങ്ങളുടെ മാത്രം കാത്തിരിപ്പാണ് ബാക്കിയുള്ളത്. 2023ല്‍ നേടിയ കിരീടം നിലനിര്‍ത്താനുറച്ച് കളത്തിലിറങ്ങുന്ന ഇന്ത്യ തന്നെയാണ് ടൂര്‍ണമെന്റിലെ ഫേവറിറ്റുകളും. സൂര്യകുമാര്‍ യാദവിന് കീഴില്‍ കരുത്തുറ്റ പടയാളികളെ തന്നെയാണ് ഏഷ്യാ കീഴടക്കാന്‍ ബി.സി.സി.ഐ ചുമതലപ്പെടുത്തിയിരിക്കുന്നത്.
വിരാട് – രോഹിത് യുഗത്തിന് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ മേജര്‍ ടൂര്‍ണമെന്റ് എന്ന നിലയില്‍ 2025 ഏഷ്യാ കപ്പിന്റെ പ്രസക്തിയും വളരെ വലുതാണ്. യുവതാരങ്ങളുമായാണ് സ്‌കൈ ഇത്തവണ ഏഷ്യാ കീഴടക്കാനെത്തുന്നത്.
സൂപ്പര്‍ താരം അഭിഷേക് ശര്‍മയാണ് എതിരാളികളുടെ പേടിസ്വപ്‌നങ്ങളില്‍ പ്രധാനി. നേരിടുന്ന ആദ്യ പന്ത് മുതല്‍ക്കുതന്നെ കൊടുങ്കാറ്റഴിച്ചുവിടാന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സൂപ്പര്‍ താരത്തിന് പൊട്ടെന്‍ഷ്യലുണ്ട്. താരത്തിന്റെ ഈ ബ്രൂട്ടല്‍ അറ്റാക്കിങ് ശൈലി തന്നെയാണ് എതിര്‍ ടീം ബൗളര്‍മാരെ സമ്മര്‍ദത്തിലാക്കുന്നതും.
ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യയ്ക്കായി രണ്ട് സെഞ്ച്വറികള്‍ താരം ഇതിനോടകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്. ഇന്ത്യയ്ക്കായി മള്‍ട്ടിപ്പിള്‍ ടി-20 സെഞ്ച്വറി നേടിയ ആറ് താരങ്ങളില്‍ ഒരാള്‍ കൂടിയാണ് അഭിഷേക്.
രോഹിത് ശര്‍മ അഞ്ച് സെഞ്ച്വറിയുമായും സൂര്യകുമാര്‍ നാല് സെഞ്ച്വറിയുമായും സഞ്ജു സാംസണ്‍ മൂന്ന് അന്താരാഷ്ട്ര ടി-20 സെഞ്ച്വറിയുമായും അഭിഷേകിന്റെ മുമ്പിലുണ്ടെങ്കിലും മറ്റൊരു റെക്കോഡില്‍ അഭിഷേക് ഈ 12 സെഞ്ച്വറികളെയും കടത്തിവെട്ടുന്നുണ്ട്. അന്താരാഷ്ട്ര ടി-20യില്‍ ഇന്ത്യയ്ക്കായി ഏറ്റവുമുയര്‍ന്ന വ്യക്തഗത സ്‌കോര്‍ നേടിയ താരങ്ങളുടെ റെക്കോഡിലാണ് അഭിഷേക് ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നത്.
2025ല്‍ ഇംഗ്ലണ്ടിനെതിരെ വാംഖഡെയില്‍ നേടിയ 135 റണ്‍സിന്റെ റെക്കോഡാണ് ഈ പട്ടികയില്‍ ഒന്നാമത്. 54 പന്ത് നേരിട്ട് 13 സിക്‌സറിന്റെയും ഏഴ് ഫോറിന്റെയും അകമ്പടിയോടെയാണ് അഭിഷേക് റണ്ണടിച്ചുകൂട്ടിയത്. 250.00 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.
(താരം – എതിരാളികള്‍ – സ്‌കോര്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
അഭിഷേക് ശര്‍മ – ഇംഗ്ലണ്ട് – 135 – വാംഖഡെ – 2025*
ശുഭ്മന്‍ ഗില്‍ – ന്യൂസിലാന്‍ഡ് – 126* – അഹമ്മദാബാദ് – 2023
ഋതുരാജ് ഗെയ്ക്വാദ് – ഓസ്‌ട്രേലിയ – 123* – ഗുവാഹത്തി – 2023
വിരാട് കോഹ്‌ലി – അഫ്ഗാനിസ്ഥാന്‍ – 122* – ദുബായ് – 2022
രോഹിത് ശര്‍മ – അഫ്ഗാനിസ്ഥാന്‍ – 121* – ബെംഗളൂരു – 2024
അന്താരാഷ്ട്ര ക്രിക്കറ്റില്‍ മാത്രമല്ല, ഐ.പി.എല്ലിലും ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറിന്റെ റെക്കോഡും അഭിഷേകിന്റെ പേരില്‍ തന്നെയാണ്. 2025ല്‍ പഞ്ചാബ് കിങ്‌സിനെതിരെ നടന്ന മത്സരത്തിലാണ് അഭിഷേക് ഈ നേട്ടത്തിലെത്തിയത്. ട്രാവിസ് ഹെഡിനെ മറുവശത്ത് നിര്‍ത്തിയായിരുന്നു അഭിഷേകിന്റെ വെടിക്കെട്ട്. മത്സരത്തില്‍ 55 പന്ത് നേരിട്ട താരം 141 റണ്‍സാണ് അടിച്ചെടുത്തത്. പത്ത് സിക്‌സറും 14 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
(താരം – ടീം – എതിരാളികള്‍ – റണ്‍സ് – വര്‍ഷം എന്നീ ക്രമത്തില്‍)
അഭിഷേക് ശര്‍മ – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – പഞ്ചാബ് കിങ്‌സ് – 141 – 2025*
കെ.എല്‍. രാഹുല്‍ – കിങ്‌സ് ഇലവന്‍ പഞ്ചാബ് – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – 132- – 2020
ശുഭ്മന്‍ ഗില്‍ – ഗുജറാത്ത് ടൈറ്റന്‍സ് – മുംബൈ ഇന്ത്യന്‍സ് – 129 – 2023
റിഷബ് പന്ത് – ദല്‍ഹി ഡെയര്‍ഡെവിള്‍സ് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – 128* – 2018
മുരളി വിജയ് – ചെന്നൈ സൂപ്പര്‍ കിങ്‌സ് – രാജസ്ഥാന്‍ റോയല്‍സ് – 127 – 2010
ഏഷ്യാ കപ്പിലും താരത്തിന്റെ മാസ്മരിക ഇന്നിങ്‌സിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അടുത്ത വര്‍ഷം നടക്കുന്ന ടി-20 ലോകകപ്പിനുള്ള കര്‍ട്ടന്‍ റെയ്‌സര്‍ കൂടി ആയതിനാല്‍ ഏഷ്യാ കപ്പിലെ താരത്തിന്റെ പ്രകടനം നിര്‍ണായകമായിരിക്കും.
Content Highlight: Abhishek Sharma holds the record for the highest individual score by an Indian player in T20 Internationals and IPL.